Sorry, you need to enable JavaScript to visit this website.

കാസര്‍കോട്ടെ പ്രവാസി വ്യവസായിയുടെ മരണത്തിന് പിന്നില്‍ ഹണി ട്രാപ്പോ ? അന്വേഷണം ആരംഭിച്ചു

കാസര്‍കോട് - ഷാര്‍ജയിലെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമയായിരുന്ന പൂച്ചക്കാട്ടെ പ്രവാസി വ്യവസായി അബ്ദുള്‍ ഗഫൂറിന്റെ മരണത്തില്‍ ഹണിട്രാപ് കേസില്‍ പ്രതിയായ യുവതിയെ കേന്ദ്രീകരിച്ച് അന്വേഷണം. അബ്ദുള്‍ ഗഫൂറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാട്ടി കുടുംബം പോലീസില്‍ പരാതി നല്‍കിയതോടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് പോലീസ്. പ്രവാസിയുടെ മരണത്തിന് പിന്നാലെ 600 പവനോളം സ്വര്‍ണ്ണാഭരണങ്ങള്‍ കാണാനില്ലെന്ന് ബോധ്യമായതോടെയാണ് മരണത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് കുടൂംബം സംശയിക്കുന്നത്. ഹണി ട്രാപ്പ് കേസില്‍ ഉള്‍പ്പടെ പ്രതിയായ ഒരു യുവതിക്ക് ഈ മരണത്തില്‍ പങ്കുണ്ടെന്ന സംശയവും ശക്തമായിരിക്കുകയാണ്. പൂച്ചക്കാട് ഫറൂഖിയ മസ്ജിദിനടുത്തെ ബൈത്തുല്‍ റഹ്‌മയിലെ എം.സി.അബ്ദുല്‍ഗഫൂറിനെ കഴിഞ്ഞ പതിനാലാം തീയതിയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണസമയം വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. സ്വാഭാവിക മരണമാണെന്ന്  ഭാര്യയും മക്കളും മറ്റ് ബന്ധുക്കളും കരുതുകയും മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു. എന്നാല്‍ പിന്നീടാണ് വീട്ടില്‍നിന്ന് 600 പവനിലേറെ സ്വര്‍ണം നഷ്ടമായെന്ന കാര്യം ബന്ധുക്കളറിയുന്നത്. ഇത് സംബന്ധിച്ച്  അബ്ദുല്‍ഗഫൂറിന്റെ മകന്‍ അഹമ്മദ് മുസമ്മില്‍ ബേക്കല്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തുന്നതിനുള്ള അനുമതിക്കായി പോലീസ് കാഞ്ഞങ്ങാട് ആര്‍ ഡി ഒയ്ക്ക് അപേക്ഷയും നല്‍കി. രണ്ട് ദിവസത്തിനുള്ളില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്.

 

 

Latest News