ഹൈക്കോടതി- വൈപ്പിന്‍ റൂട്ടിന് പിന്നാലെ വൈറ്റില- കാക്കനാട് വാട്ടര്‍ മെട്രോയും തയ്യാര്‍

കൊച്ചി- ഹൈക്കോടതി, വൈപ്പിന്‍ വാട്ടര്‍ മെട്രോ ടെര്‍മിനലുകളില്‍ നിന്നും സര്‍വീസ് ആരംഭിച്ചതിന് പിന്നാലെ വൈറ്റില- കാക്കനാട് റൂട്ടിലും വാട്ടര്‍ മെട്രോ തുടങ്ങുന്നു. ബുധനാഴ്ച ഹൈക്കോടതി- വൈപ്പിന്‍ സര്‍വീസ് തുടങ്ങി. വ്യാഴാഴ്ച വൈറ്റില- കാക്കനാട് റൂ്ട്ടിലും വാട്ടര്‍ മെട്രോ ആരംഭിക്കും. 

ഓരോ 15 മിനുട്ടിലുമാണ് വാട്ടര്‍ മെട്രോയുടെ ബോട്ട് സര്‍വീസ് ഉണ്ടാവുക. ഹൈക്കോടതി- വൈപ്പിന്‍ റൂട്ടില്‍ 20 രൂപയാണ് ടിക്കറ്റ് നിരക്ക്. കൂടിയ ടിക്കറ്റ് നിരക്ക് 40 രൂപയാണ്. 

മെട്രോ റെയിലിന് സമാനമായ സൗകര്യങ്ങളെല്ലാം വാട്ടര്‍ മെട്രോയ്ക്ക്ും ഒരുക്കിയിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ നൂറു പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന എട്ടു ബോട്ടുകളാണ് കൊച്ചി മെട്രോയ്ക്കുള്ളത്. 

വൈറ്റില- കാക്കനാട് റൂട്ട് കൂടി ആരംഭിക്കുന്നതോടെ വാട്ടര്‍ മെട്രോ സര്‍വീസ് ഉപയോഗിക്കുന്ന യാത്രക്കാര്‍ക്കായി കെ. എസ്. ആര്‍. ടി. സി ഫീഡര്‍ സര്‍വീസുകളും ആരംഭിക്കുന്നുണ്ട്. കാക്കനാട് ചിറ്റേത്തുകര വാട്ടര്‍ മെട്രോ ടെര്‍മിനലില്‍ നിന്ന് രാവിലെ 7.45 മുതല്‍ ഇന്‍ഫോപാര്‍ക്കിലേക്കും 9.45 മുതല്‍ സിവില്‍ സ്റ്റേഷനിലേക്കും തുടര്‍ന്ന് കാക്കനാടേക്കുമായിരിക്കും ഫീഡര്‍ സര്‍വീസ്. മെട്രോ ബോട്ടിന്റെ സമയത്തിന് അനുബന്ധമായിട്ടാണ് കെ. എസ്. ആര്‍. ടി. സി സര്‍വീസുകളുണ്ടാവുക. ഓരോ 25 മിനിറ്റ് ഇടവേളകളിലുമാണ് സര്‍വീസ്.

Latest News