ഫ്രഞ്ച് യുദ്ധക്കപ്പലില്‍ 400 പേര്‍ ജിദ്ദയില്‍

ജിദ്ദ - സുഡാനില്‍ നിന്ന് ഒഴിപ്പിച്ച 400 പേരുമായി ഫ്രഞ്ച് പടക്കപ്പല്‍ ലോറെയ്ന്‍ ജിദ്ദയിലെത്തി. കിംഗ് ഫൈസല്‍ നാവിക താവളത്തില്‍ സൗദി സൈനികര്‍ ചേര്‍ന്ന് ഫ്രഞ്ച് പടക്കപ്പലിലെത്തിയവരെ സ്വീകരിച്ചു. അതേസമയം, സുഡാനില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ആവശ്യമായ സാഹചര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെ വെടിനിര്‍ത്തല്‍ സ്ഥിരപ്പെടുത്താന്‍ മുഴുവന്‍ അന്താരാഷ്ട്ര, പ്രാദേശിക പങ്കാളികളുമായും ചേര്‍ന്ന് സൗദി അറേബ്യ പ്രവര്‍ത്തിച്ചുവരുന്നതായി യു.എന്നിലെ സൗദി സ്ഥിരം പ്രതിനിധി അംബാസഡര്‍ അബ്ദുല്‍ അസീസ് അല്‍വാസില്‍ പറഞ്ഞു. സുഡാനിലെ സ്ഥിതിഗതികളില്‍ സൗദി അറേബ്യക്ക് കടുത്ത ഖേദമുണ്ട്.
പരസ്പരം പോരടിക്കുന്ന കക്ഷികള്‍ സൈനിക നടപടികള്‍ വേഗത്തില്‍ നിര്‍ത്തിവെക്കുകയും ആത്മസംയമനം പാലിക്കുകയും സുഡാന്‍ ജനതയുടെ താല്‍പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുകയും വേണം. നിലവിലെ വെടിനിര്‍ത്തല്‍ എല്ലാവരും പാലിക്കണം. സാധാരണക്കാര്‍ക്കും നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും സംരക്ഷണം നല്‍കണം. നയതന്ത്ര ഉദ്യോഗസ്ഥരും അന്താരാഷ്ട്ര ഉദ്യോഗസ്ഥരും അടക്കം നൂറു കണക്കിനാളുകളെ സുഡാനില്‍ നിന്ന് സൗദി അറേബ്യ ഒഴിപ്പിച്ചിട്ടുണ്ട്. ഒഴിപ്പിക്കല്‍ പ്രക്രിയ എളുപ്പമാക്കാന്‍ സഹകരിക്കുന്ന സുഡാനിലെ കക്ഷികളെ സൗദി അറേബ്യ പ്രശംസിക്കുന്നതായും  അംബാസഡര്‍ അബ്ദുല്‍ അസീസ് അല്‍വാസില്‍ പറഞ്ഞു.

 

Latest News