Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മാമുക്കോയയുടെ മതം

ചുണ്ടിലും വാക്കിലും ചിരിയായിരുന്നെങ്കിലും ഉറച്ച നിലപാടുകളായിരുന്നു മാമുക്കോയയുടെ ഉൾക്കരുത്ത്. കാട്ടിലെ ഏറ്റവും ഉറപ്പുള്ള മരത്തിന്റെ കാതലുണ്ടായിരുന്നു മാമുക്കോയയുടെ നിലപാടുകൾക്ക്. മതവും രാഷ്ട്രീയവും സംസ്‌കാരവും ചരിത്രവുമെല്ലാം ഒന്നിച്ചുകെട്ടിയാണ് നിലപാടിന്റെ തെരപ്പം മാമുക്കോയ കെട്ടിയത്. കൂലംകുത്തി ഒഴുകുന്ന പുഴയിലൂടെ ചുണ്ടിലൊരു ബീഡിയും കത്തിച്ചുവെച്ച് മാമുക്കോയ തന്റെ ബോധ്യങ്ങളിലേക്ക് പങ്കായമാഴ്ത്തി. മതത്തിലെ യാഥാസ്ഥികതയോട്, രാഷ്ട്രീയത്തിലെ കൊള്ളരുതായ്മകളോട്, ഭരണാധികാരികളുടെ നെറികോടുകളോട് എല്ലാം തർക്കിച്ചു. വെറുമൊരു ഹാസ്യനടനെന്ന് ലോകം മുദ്രകുത്തിയപ്പോഴും മാമുക്കോയ ആരെയും കൂസാതെ അഭിപ്രായങ്ങൾ പറഞ്ഞുകൊണ്ടേയിരുന്നു. 
ഭിന്നാഭിപ്രായം പറയുമ്പോൾ മതം തകരില്ലന്നും അങ്ങിനെ തുമ്മിയാൽ തെറിക്കുന്ന മൂക്കാണെങ്കിൽ അങ്ങുപോകട്ടെയെന്നുമായിരുന്നു ഒരിക്കൽ മാമുക്കോയ പറഞ്ഞത്. 
സിനിമയുടെ സ്‌ക്രീനിൽ മാമുക്കോയ എത്തുമ്പോൾ ജനം ആർത്തുചിരിക്കാറുണ്ട്. അവർക്കറിയാം, മനസുതുറന്ന് ആഹ്ലാദിക്കാനുള്ള വെടിപ്പുരയുണ്ട് മാമുക്കോയയുടെ അകത്ത് എന്ന്. പൊതുവേദിയിൽ പ്രസംഗിക്കാൻ നിക്കുമ്പോഴും മാമുക്കോയയിൽനിന്ന് ജനമൊരു കാതലുള്ള വാക്ക് കാത്തിരിക്കും. 2017-ൽ സമകാലിക മലയാളം വാരികയുടെ സാമൂഹ്യസേവന പുരസ്‌കാര ചടങ്ങിൽ നടത്തിയ പ്രസംഗം ഇത്തരത്തിലുള്ള ഒന്നായിരുന്നു. 
മാമുക്കോയയുടെ പ്രസംഗം: 
ഇതുവരെ വർഗ്ഗീയവാദം പറഞ്ഞു നടന്നവരൊക്കെ ഇന്ന് ഐക്യത്തെപ്പറ്റി പറഞ്ഞുതുടങ്ങിയിരിക്കുന്നു. കാരണം തലപോകുന്നിടത്ത് എത്തിയിരിക്കുന്നു കാര്യങ്ങൾ. മുൻപ് വർഗ്ഗീയത പാടില്ല, ജാതിയും മതവും പാടില്ല, ഐക്യം വേണം എന്നൊക്കെ പറഞ്ഞു നാടകം കളിച്ച ഞങ്ങളെ എതിർത്ത ആളുകൾ ഇന്നു സ്‌റ്റേജിൽ ഐക്യത്തെക്കുറിച്ചാണ് പ്രസംഗിക്കുന്നത്. നബിവചനങ്ങളും ശ്രീനാരായണഗുരുവിനേയും ഒക്കെ ഉദ്ധരിച്ചുകൊണ്ട് പ്രസംഗിച്ചുകൊണ്ടിരിക്കുകയാണ്. കാരണം ആർക്കും ഒരഭിപ്രായവും പറയാൻ പറ്റാത്ത കാലമാണ്. എനിക്കു പറയാനുള്ളതു നിങ്ങൾക്ക് ഇഷ്ടമല്ലെങ്കിൽ നിങ്ങളെന്നെ വകവരുത്തുകയാണ്. ഇതു നേരത്തേയും ഉണ്ടായിട്ടുണ്ട്. ഇപ്പോൾ ഭരണകൂടത്തിനെതിരെ സംസാരിക്കുന്നവരെയാണ്. നേരത്തെ അതു മതത്തിനെതിരെ സംസാരിക്കുന്നവരോടായിരുന്നു. ചേകന്നൂർ മൗലവിയെ ഒക്കെ കൊന്നത് അങ്ങനെയാണ്. അദ്ദേഹം ആരെയെങ്കിലും ഉപദ്രവിച്ചിട്ടാണോ, കൊന്നിട്ടാണോ, ഒന്നുമല്ല. അദ്ദേഹം അദ്ദേഹത്തിന്റെ മനസ്സിലുള്ള ആശയങ്ങൾ പ്രചരിപ്പിച്ചു. അതിനെ എതിർക്കേണ്ടത് ആശയം കൊണ്ടാണ്. അതേസമയം അയാളെ ഇല്ലാതാക്കുകയാണ് ചെയ്തത്. 
എന്താണ് അതിന്റെ അർത്ഥം. അതൊരു തോൽവിയാണ്. അതിനെക്കാൾ ശക്തമായ രീതിയിലാണ് ഇന്നു നടന്നുകൊണ്ടിരിക്കുന്നത്. എനിക്ക് എന്റെ ഉള്ളിലുള്ള അഭിപ്രായം പറയാൻ പറ്റില്ല. അങ്ങനെ പറഞ്ഞതിനാണ് നിലമ്പൂർ അയിഷയും വി.പി. സുഹറയുമൊക്കെ കുടുംബത്തിനകത്തും സമുദായത്തിലും ഒരുപാട് പീഡനങ്ങൾ ഏൽക്കേണ്ടി വന്നത്. അത് എക്കാലത്തും ഉണ്ടാകും. നമ്മൾ പറയുന്നതിന്റെ പത്തിരട്ടി ആളുകൾ അതിന് എതിരുണ്ടാകും. 
ഇവിടെ മുഹമ്മദ് നബിയുടെ മുടി എന്നു പറഞ്ഞുനടക്കുന്നതിന്റെ പിന്നിൽ ഒരുപാട് ആളുകളുണ്ട്. മുടി മുക്കിയ വെള്ളം കുടിച്ചാൽ രോഗം മാറും എന്നാണ് പറയുന്നത്. അതിനെ കൊണ്ടുനടക്കുന്ന ആളിന്റെ പത്തിലൊന്നില്ല അതിനെ എതിർക്കുന്ന ആളുകൾ. അവിടെ ആരാണ് ജയിക്കുന്നത്. അവിടെ നോക്കേണ്ടതു ജയവും പരാജയവുമല്ല. എന്റെ അഭിപ്രായം ഞാൻ പറയണം. അങ്ങനെ തുമ്മിയാൽ തെറിക്കുന്ന മൂക്കാണ് എന്റെ മതമെങ്കിൽ ആ മതത്തിൽ ഞാനില്ല. അങ്ങനെയൊരു തല്ലിപ്പൊളി മതത്തിൽ ഞാൻ വിശ്വസിക്കുന്നുമില്ല. എനിക്ക് എന്റേതായ ഉറച്ച അഭിപ്രായവും വിശ്വാസവും ഉണ്ട്. ഞാനും എന്നെ സൃഷ്ടിച്ചവനുമായുള്ള ബന്ധം മാത്രമാണ് എന്റെ വിശ്വാസവും മതവുമൊക്കെ.
പാടില്ല എന്നുള്ളത് ആരാണ് തീരുമാനിക്കുന്നത്. ചിലതൊക്കെ ഹറാമാണ്, ഹലാലാണ് എന്നൊക്കെ നിശ്ചയിക്കുന്നത് ആരാണ്. പണ്ടുകാലത്ത് മൈക്ക് ഉപയോഗിക്കുന്നത് ഹറാമായിരുന്നു. ഇപ്പോഴും ഇതു പാടില്ല എന്നു പറയുന്ന ആളുകളുണ്ട്. ഫോട്ടോ എടുക്കൽ ഹറാമായിരുന്നു. അങ്ങനെ ഒരുപാട് ഹറാമുകളുണ്ടായിരുന്നു. ഓട്ടോമാറ്റിക് ആയി പലതും ഹലാലായി. ഹജ്ജിനു പോണെങ്കിൽ പാസ്‌പോർട്ട് വേണം. പാസ്‌പോർട്ട് ആരുടേതാണോ അയാളുടെ ഫോട്ടോ വേണം എന്നു നിയമം വന്നു. അങ്ങനെ ആ ഹറാമു പോയി.
ഇപ്പോൾ വലിയ വലിയ തങ്ങൾമാരൊക്കെ മേക്കപ്പൊക്കെ ചെയ്തിട്ടാണ് ടി.വിയിൽ വന്നിരിക്കുന്നത്. അതു തെറ്റല്ല. നമ്മുടെ ഉമ്മയും ബാപ്പയുമൊക്ക പഴയകാലത്തെ ആളുകളാണ്. ഇവര് പറയുന്നതൊക്കെ കേട്ടു വിശ്വസിച്ച് അതാണ് ശരിയെന്നു വിചാരിച്ചു നടക്കുകയാണ്. ശരിയും തെറ്റും ഏതാണെന്ന് ആദ്യം എനിക്കു മനസ്സിലാകണം. അതിനനുസരിച്ച് എന്റെ മക്കളെ പഠിപ്പിക്കണം. അവർക്കും ഉണ്ടാകും ശരിയും തെറ്റും. അവരു തീരുമാനിക്കുന്നതായിരിക്കണം ഈ രാജ്യത്തിന്റെ മുദ്രാവാക്യം. അല്ലാതെ കണ്ട അലവലാതികൾ വിളിച്ചുകൊടുക്കുന്ന മുദ്രാവാക്യത്തിനു സിന്ദാബാദ് വിളിക്കാനുള്ള കരുക്കളാകരുത് നമ്മുടെ മക്കൾ. 
ഞാൻ പറയുന്നത് എന്റെ ചിന്തയും എന്റെ തോന്നലുകളുമാണ്. അതു നിങ്ങൾക്ക് എല്ലാർക്കും ശരിയായിക്കൊള്ളണമെന്നില്ല. നിങ്ങൾ അംഗീകരിച്ചുകൊള്ളണമെന്നില്ല. എന്റെ അഭിപ്രായം നിങ്ങൾക്കില്ലെങ്കിൽ എന്നെ വകവരുത്തുന്നിടത്തേക്കു നിങ്ങളെത്തരുത്. ആശയപരമായി എതിർക്കാം. 
പണ്ട് ഒരു നാടകം ഉണ്ടായിരുന്നു. ബാപ്പ ജീവിച്ചിരിക്കുമ്പോൾ മൂത്ത മകൻ മരിച്ചാൽ മകന്റെ കുടുംബത്തിനു സ്വത്തിന് അവകാശമില്ലാത്ത ഒരു സമ്പ്രദായം ഉണ്ടായിരുന്നു. അതിനെ വെച്ച് ബി. മുഹമ്മദ് ഒരു നാടകം എഴുതി. അതു കളിക്കാൻ അനുവദിച്ചില്ല. ഇസ്‌ലാമിന് എതിരാണ് എന്നാണ് പറഞ്ഞത്. 
അന്ന് സി.എൻ. അഹമ്മദ് മൗലവി എന്ന ഒരു പണ്ഡിതൻ മിഠായിത്തെരുവിലുണ്ടായിരുന്നു. അദ്ദേഹത്തിന്റെയടുത്ത് ചെന്നു ഞങ്ങൾ കാര്യം പറഞ്ഞു. നാടകം കൊടുത്തു. നാടകം വായിച്ചിട്ട് അദ്ദേഹം പറഞ്ഞു, നിങ്ങൾ നല്ല ഉദ്ദേശ്യത്തോടുകൂടിയാണ് നാടകം അവതരിപ്പിക്കുന്നത്. കളിക്കാൻ പറഞ്ഞു. ഹാൾ കിട്ടാനില്ലാതെ ഒടുവിൽ കോട്ടക്കൽ ആര്യവൈദ്യശാലയുടെ പി.വി.എസ്. ഹാളിലാണ് നാടകം കളിച്ചത്. താൻ മരിച്ചാൽ കുട്ടികൾ അനാഥരായിപ്പോകും എന്നുള്ളതുകൊണ്ട് ബാപ്പയെ മകൻ കൊല്ലുന്നതാണ് നാടകം. അതും ഇസ്‌ലാമുമായിട്ട് ഒരു ബന്ധവുമില്ലായിരുന്നു. ഇതൊക്കെ ഉണ്ടാക്കിക്കൊണ്ടുവരികയാണ്. ഓരോരുത്തരുടെ ഉദ്ദേശ്യത്തിനുവേണ്ടി മതവും രാഷ്ട്രീയവും കൊണ്ടു നടക്കുകയാണ്.
മുസ്‌ലിങ്ങളായതിന്റെ പേരിൽ തച്ചുകൊല്ലുകയാണിന്ന്. ജീവൻ പോകുന്നതുവരെ അടിക്കുകയാണ്. അവിടെയൊന്നും കാര്യമായ പ്രതികരണങ്ങളുണ്ടാവുന്നില്ല. ബാംഗഌരിൽ ഗൗരി ലങ്കേഷിനെ കൊന്നതിൽ ഇതുവരെ പ്രതികളെ പിടിക്കാൻ കഴിഞ്ഞിട്ടില്ല. അവിടവിടെ ചില സാമൂഹ്യപ്രവർത്തകരുടേയും പത്രക്കാരുടേയും ബഹളങ്ങളുണ്ട് എന്നല്ലാതെ രാഷ്ട്രീയ തലങ്ങളിലോ മറ്റു തലങ്ങളിലോ കാര്യമായ എന്തു പ്രതികരണമാണ് ഉണ്ടായിട്ടുള്ളത്. 
നമുക്ക് വോയ്‌സ് ഇല്ല. പ്രതികരിച്ചാൽ തന്നെ അതിനു മറുവിധിയൊന്നും ഉണ്ടാകുന്നില്ല. കേൾക്കുന്നില്ല ആരും. പലരും ഒതുക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. കേരളത്തിൽ തന്നെ എത്രയോ കലാകാരന്മാരും സാഹിത്യകാരന്മാരും ബുദ്ധിജീവികളും ഒതുങ്ങിക്കഴിഞ്ഞു. ആരുടേയും പേര് ഞാൻ പറയുന്നില്ല. വലിയ പുരോഗമനവാദികൾ എന്നു പറയുന്ന പാർട്ടികൾ തന്നെ ഒരുപാട് ആളുകളെ നിശ്ശബ്ദരാക്കിക്കളഞ്ഞിട്ടുണ്ട്. 
 സമൂഹത്തിൽ സ്ത്രീപക്ഷം പുരുഷപക്ഷം എന്നൊക്കെയുള്ള തൂക്കം നോക്കലിൽ എനിക്ക് അഭിപ്രായമില്ല. പുരുഷമേധാവിത്വം ഉണ്ട് എന്നുള്ളതിനോടും. അതുണ്ടെങ്കിൽ വിവരംകെട്ട പുരുഷന്മാരായിരിക്കും. സ്ത്രീകൾ ഭരിക്കുന്ന എത്രയോ വീടുകളുണ്ട്. അതൊക്കെ ഓരോരുത്തരുടെ ബലവും ബലഹീനതയും ഒക്കെയായിരിക്കും. 
സമൂഹത്തിനു ഗുണകരമായ കാര്യങ്ങൾ ചെയ്തു ജീവിക്കണം. സർക്കർമ്മങ്ങൾക്കു ശേഷമുള്ള പ്രാർത്ഥനയേ ദൈവം കേൾക്കുകയുള്ളൂ. ഞാൻ പള്ളിയിലേക്ക് പോകുമ്പോൾ എന്റെ വീടിനു മുൻപിൽ ഒരു ചെടി വാടിനിൽക്കുന്നുണ്ടെങ്കിൽ അതു കണ്ടുകൊണ്ട് ഞാൻ പള്ളിയിൽ പോകാൻ പാടില്ല. അതിനു കുറച്ചു വെള്ളം കൊടുത്തശേഷം പോയി നിസ്‌കരിച്ചാലേ ആ പ്രാർത്ഥന അംഗീകരിക്കുകയുള്ളൂ. ഇതൊന്നും ചെയ്യാതെ എങ്ങനെ മറ്റുള്ളവരെ ഒതുക്കാൻ പറ്റും, എനിക്ക് എങ്ങനെ ഇടിച്ചുകയറാൻ പറ്റും എന്നാണ് പലരുടേയും ചിന്ത. 
നൂറായിരം അഭിപ്രായങ്ങളുള്ള നാടാണിത്. എന്നിട്ടും വലിയൊരു ഐക്യത്തോടെയാണ് നമ്മൾ മുന്നോട്ടു പോകുന്നത്. അതിനെ തകർക്കാൻ ചില മതരാഷ്ട്രീയ കക്ഷികൾ ശ്രമിക്കുന്നുണ്ട്. അതു മനസ്സിലാക്കി അവരെ തഴയലാണ് ഇനി നമ്മുടെ ലക്ഷ്യം. നമ്മുടെ സുഹൃത്തുകളെ സ്‌നേഹിച്ചും സേവിച്ചും മുന്നോട്ടു പോകാൻ കഴിയണം. സുഹൃത്ത് ഹിന്ദുവാണോ മുസ്‌ലിമാണോ കമ്യൂണിസ്റ്റാണോ ബി.ജെ.പിയാണോ എന്നു നോക്കിയിട്ടാവരുത് അത്. 

ഈ പ്രസംഗം ഏറെ വിവാദമായിരുന്നു. 

ഓണത്തിനും വിഷുവിനും ഹിന്ദുവീടുകളിൽനിന്ന് ഭക്ഷണം കഴിക്കരുതെന്ന് നിർദ്ദേശിക്കുന്ന മതപണ്ഡിതരെ പുറന്തള്ളണമെന്നും മാമുക്കോയ പ്രസംഗിച്ചു. ജാതിയുടെയും മതത്തിന്റെയും പേരിലുള്ള ചിന്ത മനസിൽ നിന്ന് കളയാനും മാമുക്കോയ മറ്റൊരിക്കൽ ആവശ്യപ്പെട്ടു. 

പിന്നീട് പൗരത്വഭേദഗതി കാലത്താണ് മാമുക്കോയ അതിശക്തമായ വിമർശനം നടത്തിയത്. നമ്മൾ ജനിച്ച നാട്ടിൽ നമ്മൾ ജീവിക്കും മരിക്കുമെന്നും അതിന് ആരുടെയും അനുമതി ആവശ്യമില്ലെന്നും മാമുക്കോയ പറഞ്ഞു. ആരുടെയും അനുമതി വാങ്ങി ജീവിക്കാനാകില്ല. പ്രകൃതി നിയമമാണ് ജനിക്കലും ജീവിക്കലും മരിക്കലും. അതിന് തടസമോ ചോദ്യോത്തരമോ വന്നാൽ പിന്നെ ജീവിച്ചു മരിക്കൽ തന്നെയാണ്. പിന്നെ മറ്റൊരു അഡ്ജസ്റ്റ് ജീവിതമില്ല. പൗരത്വഭേദഗതി സമരം എനിക്കും എന്റെ മക്കൾക്കും അവരുടെ മക്കൾക്കും സ്വതന്ത്രമായി ജീവിക്കാൻ കഴിയണം. വിവേകവും ബുദ്ധിയും ക്ഷമയും കൊണ്ടുമാത്രമേ ഇതിനെ നേരിടാനാകൂ. ഇത് മൂന്നും ഇല്ലാത്തവരാണ് രാജ്യം ഭരിക്കുന്നതെന്നും സമരകാലത്ത് യൂത്ത് ലീഗ് വേദിയിൽ മാമുക്കോയ പ്രസംഗിച്ചു. 

സിനിമയിലെയും ജീവിതത്തിലെയും ചിരിയും നിലപാടുകളും കാതലും കരുത്തുമാണ് മാമുക്കോയയുടെ വേർപാടിലൂടെ ഇല്ലാതാകുന്നത്. 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


 

Latest News