ഇത്തവണയെങ്കിലും കേരളത്തിൽ നിന്നും മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും കുറെയേറെ സീറ്റുകൾ നേടിയെടുക്കുക എന്ന ലക്ഷ്യത്തിലാണ് ബി.ജെ.പി തന്ത്രങ്ങൾ മെനയുന്നതെന്ന് വളരെ വ്യക്തം. പാർട്ടിയുടെ സമീപകാല നടപടികളും പ്രവർത്തനങ്ങളും പരിശോധിച്ചാൽ അത് വ്യക്തമാണ്. മുസ്‌ലിം വിരുദ്ധതയുടെ അടിത്തറയിൽ നിന്നു തന്നെ, ക്രിസ്ത്യൻ വിഭാഗങ്ങളെ കൈയിലെടുക്കുക, യുവജനങ്ങൾക്ക് പ്രതീക്ഷ സാധ്യമാകുക തങ്ങളിൽ കൂടി മാത്രമാണെന്നു സ്ഥാപിക്കുക, വികസനത്തിന്റെ വക്താവായും അതിമാനുഷനായും മോഡിയുടെ ഇമേജ് ശക്തമാക്കുക എന്നിവയാണ് ഈ പ്രക്രിയയുടെ അടിസ്ഥാന ഘടകങ്ങൾ. അവയെല്ലാം സംയോജിക്കുന്ന ഒന്നായിരുന്നു മോഡിയുടെ ഇത്തവണത്തെ കേരള സന്ദർശനം എന്നു കാണാം.
പതിവിൽ നിന്നു വ്യത്യസ്തമായി വലിയ റോഡ് ഷോയാണ് മോഡി കൊച്ചിയിൽ കാഴ്ച വെച്ചത്. അതിന്റെ ലക്ഷ്യം ആരാധകരിലും പാർട്ടി പ്രവർത്തകരിലും ആവേശമുണ്ടാക്കുക എന്നതാണെന്നു പകൽ പോലെ വ്യക്തം. അതേസമയം യുവജനങ്ങളെ ആകർഷിക്കാനെന്ന പേരിൽ കൊട്ടിഘോഷിച്ചു നടന്ന യുവം 2023 എന്ന പരിപാടി വലിയ പരാജയമായിരുന്നു എന്നു തന്നെ പറയാം. മാധ്യമ പ്രവർത്തകരോട് ഒരിക്കലും സംവദിക്കാത്ത മോഡി, പലപ്പോഴും ചെയ്യുന്നത് തെരഞ്ഞെടുക്കപ്പെട്ടവരോട് സംസാരിക്കലാണ്. അതെല്ലാം മുൻകൂട്ടി തയാറാക്കിയ സ്‌ക്രിപ്റ്റ് ആയിരിക്കുമെന്നതിൽ സംശയം വേണ്ട. കൊച്ചിയിൽ പക്ഷേ യുവജനങ്ങൾക്ക് എന്തു ചോദ്യവും ചോദിക്കാമെന്നായിരുന്നു പ്രഖ്യാപിക്കപ്പെട്ടിരുന്നത്. എന്നാൽ ഒന്നും സംഭവിച്ചില്ല, ഉണ്ടായത് അദ്ദേഹത്തിന്റെ മൻ കി ബാത്ത് മാത്രം. ഒരു ചോദ്യം പോലും ചോദിക്കാനുള്ള അവസരം ആർക്കും ലഭിച്ചില്ല. മാത്രമല്ല, യുവം പരിപാടിയിൽ രാഷ്ട്രീയം പറയില്ലെന്നു പറഞ്ഞ മോഡി പറഞ്ഞതെല്ലാം മറ്റൊന്നുമായിരുന്നില്ല. അത്തരത്തിൽ പരിശോധിച്ചാൽ തികഞ്ഞ പരാജയമായിരുന്നു പരിപാടി എന്നു വ്യക്തം.
കൊച്ചിയിലെ അടുത്ത പ്രധാന പരിപാടി ക്രിസ്ത്യൻ മേലധ്യക്ഷന്മാരുമായുള്ള കൂടിക്കാഴ്ചയായിരുന്നു. ഏറെ ദിവസമായി ചർച്ച ചെയ്യപ്പെടുന്ന വിഷയമായതിനാൽ അതിന്റെ ലക്ഷ്യം എന്താണെന്ന് വിശദീകരിക്കേണ്ടതില്ലല്ലോ. എന്തായാലും കുറെയേറെ പ്രമുഖരെ മുന്നിലെത്തിക്കാൻ അതിനു പിറകിൽ പ്രവർത്തിക്കുന്നവർക്കായി എന്നതിൽ സംശയമില്ല. എന്തായാലും ഈ നിലക്കു പോകുകയാണെങ്കിൽ ക്രിസ്ത്യൻ വിഭാഗങ്ങളിൽ നിന്ന് കുറെ വോട്ട് നേടാൻ ബി.ജെ.പിക്കാവുമെന്നുറപ്പ്. സംഘപരിവാറിനേക്കാൾ ഇസ്‌ലാമോഫോബിയ കൊണ്ടുനടക്കുന്നവരാണല്ലോ കേരളത്തിലെ ഈ വിഭാഗങ്ങളിൽ വലിയൊരു ഭാഗവും. പുതിയ പാർട്ടി രൂപീകരിച്ച് എൻ.ഡി.എയിലേക്ക് പോകാൻ തയാറെടുക്കുന്ന ജോണി നെല്ലൂരിനു പ്രധാനമന്ത്രിയെ കാണാൻ അവസരം ലഭിച്ചില്ല. അദ്ദേഹം ദൽഹിയിൽ പോയി കാണുമെന്നാണ് കേൾക്കുന്നത്.
കേരളത്തിന്റെ വികസനത്തിനെന്ന അവകാശ വാദവുമായി കുറെയേറെ പദ്ധതികൾ തിരുവനന്തപുരത്ത് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത് സ്വാഗതാർഹം തന്നെ. അവിടെയും റോഡ് ഷോ ഒക്കെയുണ്ടായി. പദ്ധതികൾ മിക്കവാറും റെയിൽവേയുമായി ബന്ധപ്പെട്ടത്. ഇന്ത്യൻ റെയിൽവേക്ക് വലിയ വരുമാനം ഉണ്ടാക്കിക്കൊടുക്കുന്നവരാണ് കേരളീയർ. എന്നാൽ അതിനനുപാതികമായ വികസനം ഒരു കാലത്തും നമുക്ക് ലഭിച്ചിട്ടില്ല. വന്ദേഭാരത് ട്രെയിൻ തന്നെ ഇന്ത്യയിലോടിത്തുടങ്ങിയിട്ട് രണ്ടു വർഷമായി. 17 ാമത്തെ ട്രെയിനാണ് നമുക്ക് ലഭിച്ചിരിക്കുന്നത്. മാത്രമല്ല, കാലാകാലങ്ങളിൽ ഉണ്ടാകാറുള്ള പോലെ റെയിൽവേ വികസനത്തിന്റെ സ്വാഭാവികമായ ഒരു ഉൽപന്നം മാത്രമാണ് വന്ദേഭാരത്. എന്നാൽ ഈ സന്ദർഭത്തെ അർഹിക്കുന്നതിനേക്കാൾ കൂടിയ പ്രാധാന്യത്തോടെ ആഘോഷിച്ചതിന്റെ ലക്ഷ്യം എന്താണെന്നു വ്യക്തമാണ്. ഇലക്ട്രിക് ട്രെയിനുകൾ, രാജധാനി, ശതാബ്ദി, ഗരീബ് രഥ്്, ദുരന്തോ, മഹാരാജാ തുടങ്ങിയ ട്രെയിനുകളൊന്നും ആരംഭിച്ചപ്പോൾ ഒരു പ്രധാനമന്ത്രിയും ഇത്രമാത്രം ആഘോഷങ്ങളുമായി രംഗത്തിറങ്ങിയിട്ടില്ല. ലക്ഷ്യം വ്യക്തം. അതേസമയം കെ റെയിലിന്റെ പേരു പറഞ്ഞ് വന്ദേഭാരതിനെ ആക്ഷേപിക്കുന്ന സമീപനവും ശരിയല്ല. കാരണം ഇതാരുടെയും ഔദാര്യമല്ല, നമ്മുടെ അവകാശമാണ് എന്നതു തന്നെ.
സംസ്ഥാനത്തെ റെയിൽവേ ലൈനുകളിലെ വളവുകൾ കാരണം 100 കിലോമീറ്റർ പോലും വേഗം വന്ദേഭാരതിനു ലഭിക്കില്ലെന്നുറപ്പ്. എന്നാൽ വളവുകൾ നീക്കാൻ എത്രയും വേഗം നടപടിയെടുക്കുമെന്ന പ്രഖ്യാപനമുണ്ട്. 381 കോടി അതിനായി മാറ്റിവെച്ചിട്ടുമുണ്ട്. നല്ലത്. എല്ലാ വണ്ടികളുടെയും വേഗം അതിലൂടെ വർധിക്കും. എന്നാലതു പോരാ. കേരളത്തിന്റെ ഒരറ്റം മുതൽ മറ്റെ അറ്റം വരെ നാലുവരിപ്പാത എന്നത് എത്രയോ കാലമായി നിലനിൽക്കുന്ന ആവശ്യമാണ്. അതു നടപ്പാക്കാതെ കേരളത്തിലെ റെയിൽവേ വികസനം ഒരു പരിധി വിട്ട് മുന്നോട്ടു പോകില്ല. സിഗ്നലുകൾ പൂർണമായും ഓട്ടോമാറ്റിക് ആക്കുകയും വേണം. കുറെ സ്റ്റേഷനുകളുടെ നവീകരണം ഉദ്ഘാടനം ചെയ്യപ്പെട്ടിട്ടുണ്ട്. നല്ലത്. മൊത്തം 2033 കോടിയുടെ പദ്ധതികൾ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ പ്രാഥമിക പരിഗണന വേണ്ടത് നാലുവരിപ്പാതക്കാണ്. ആദ്യഘട്ടത്തിൽ ഏറ്റവും ട്രെയിൻ സാന്ദ്രതയുള്ള എറണാകുളം - ഷൊർണൂർ മേഖലയിൽ ഇതു നടപ്പാക്കുമെന്ന വാർത്ത കണ്ടു. ദേശീയ പാത വികസനത്തിന്റെ വിഷയത്തിൽ കേരളം കേന്ദ്രത്തെ സഹായിച്ച പോലെ ഇക്കാര്യത്തിലും നിലപാടെടുത്താൽ നാലുവരി റെയിൽപാത യാഥാർത്ഥ്യമാകുമെന്നുറപ്പ്. അപ്രായോഗികമായ കെ റെയിലിനു വേണ്ടിയുള്ള പിടിവാശി ഉപേക്ഷിക്കുകയാണ് സർക്കാർ ചെയ്യേണ്ടത്.
കേരളത്തിനു ഏറ്റവും അനുയോജ്യമായ ഒരു ഗതാഗത മാർഗമാണ് ജലഗതാഗതം എന്ന് എത്രയോ കാലമായി നാം കേൾക്കുന്നതാണ്. എന്നാൽ ആ രംഗത്ത് കാര്യമായൊന്നും നടന്നിട്ടില്ല. ഈ സാഹചര്യത്തിൽ ഉദ്ഘാടനം ചെയ്യപ്പെട്ട കൊച്ചി വാട്ടർ മെട്രോ വളരെ പ്രധാനപ്പെട്ട കാൽവെപ്പാണ്. ഇന്ത്യയിലെ പല നഗരങ്ങൾക്കും ഇതിനെ മാതൃകയാക്കാനാകും. ഉദ്ഘാടനം ചെയ്യപ്പെട്ട ഡിജിറ്റൽ സയൻസ് പാർക്ക് നമ്മെ ഒരു പടി കൂടി ആധുനികതയിലേക്ക് നയിക്കുമെന്നുറപ്പ്. അതേസമയം ഉദ്ഘാടന പരിപാടിയിൽ പ്രദർശിപ്പിച്ച വീഡിയോകളിലൂടെയും മോഡിയുടെ പ്രസംഗത്തിലൂടെയും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ വന്ദേഭാരതിന്റെ മാത്രമല്ല, കേരളത്തിന്റെ മൊത്തം വികസനത്തിന്റെയും ഉത്തരവാദിത്തം മോഡി ഏറ്റെടുക്കുന്ന തമാശയാണ് കണ്ടത്.
മോഡിയുടെ ഈ വരവിൽ ലക്ഷ്യമിട്ട ഉദ്ദേശ്യങ്ങൾ പൂർണമായിട്ടല്ലെങ്കിലും കുറെയൊക്കെ നേടാൻ ബി.ജെ.പിക്കായിട്ടുണ്ട് എന്നുറപ്പ്. പലപ്പോഴും തങ്ങളുടെ അജണ്ടയനുസരിച്ച് രാഷ്ട്രീയത്തെ വഴിതിരിച്ചു വിടാനും അവർക്കാവുന്നുണ്ട്. എന്നാൽ മുകളിൽ സൂചിപ്പിച്ച പോലെ ലോക്‌സഭയിൽ ഏതാനും സീറ്റ് എന്നതിലേക്കൊന്നും കേരളത്തിന്റെ സവിശേഷ സാഹചര്യത്തിൽ അതെത്തുമെന്നു കരുതാനാകില്ല. ദക്ഷിണേന്ത്യയിലെ മിക്ക സംസ്ഥാനങ്ങൾക്കുമൊപ്പം ബി.ജെ.പിക്ക് ബാലികേറാമലയായി കേരളവും തുടരുമെന്നു തന്നെയാണ് രാഷ്ട്രീയ കണക്കെടുപ്പിൽ ലഭിക്കുന്ന സൂചന.
യുവം പരിപാടിയിൽ എന്തു ചോദ്യവും ചോദിക്കാമെന്ന പ്രഖ്യാപനത്തോട് പ്രതികരിച്ച് ഡി.വൈ.എഫ്.ഐ നേതൃത്വം 100 ചോദ്യങ്ങൾ തയാറാക്കി പ്രസിദ്ധീകരിച്ചല്ലോ. മിക്ക ചോദ്യങ്ങളും വളരെ പ്രസക്തമാണെന്നതിൽ സംശയമില്ല. എന്നാൽ ശ്രദ്ധേയമായ ഒന്നോ അതിലധികോ രാഷ്ട്രീയ പരിപാടികളിലൂടെ ചോദ്യം ചെയ്യൽ ഒരു രാഷ്ട്രീയ സംഭവമാക്കാനവർക്കായില്ല. ആയിരുന്നെങ്കിൽ അതൊരു പുതിയ തുടക്കമായിരുന്നു.






