സുഡാനിൽ ഇന്ത്യയുടെ രക്ഷാദൗത്യം

ലോകത്ത് എവിടെ പ്രശ്‌നമുണ്ടായാലും ഇന്ത്യക്കാർ ആശങ്കപ്പെടേണ്ട അവസ്ഥയാണ്. എല്ലായിടത്തും മലയാളികളുടെയും ഇന്ത്യയിലെ ഇതര സംസ്ഥാനക്കാരുടെയും സാന്നിധ്യമുണ്ടെന്നത് തന്നെ കാര്യം. ഇസ്രായിലിൽ കൃഷി പഠിക്കാൻ ചെന്ന കേരള സർക്കാർ സംഘത്തിലെ അംഗം മുങ്ങാൻ ശ്രമിച്ചത് അടുത്തിടെ വലിയ വാർത്തയായിരുന്നു.  ഇന്ത്യക്കാർ തൊഴിലസരം തേടി കൂടുതൽ പോകാതിരുന്ന ചൈന പോലുള്ള രാജ്യങ്ങളിലും ബിസിനസ് ആവശ്യാർഥം ആയിരങ്ങളാണ് ഇപ്പോൾ എത്തിച്ചേരുന്നത്. ഹോങ്കോംഗ് ചെറിയ സ്ഥലമല്ലേ എന്നു പറഞ്ഞ് എഴുതിത്തള്ളാൻ വരട്ടെ. അവിടെയും മലയാളി സാന്നിധ്യം തീർച്ചയാണ്. ഗൾഫിലും ജപ്പാനിലും ഓസ്‌ട്രേലിയയിലും അമേരിക്കയിലും യൂറോപ്പിലുമെല്ലാം ശക്തമായ മലയാളി സാന്നിധ്യമുണ്ട്. ഇക്കാരണത്താൽ തന്നെ ലോക സമാധാനത്തിന് ഒരിക്കലും ഭംഗം വരരുതേയെന്ന പ്രാർഥനയിലാണ് ഇന്ത്യക്കാർ. 
സംഘർഷ മേഖലയിൽ നിന്നെല്ലാം നാട്ടുകാരെ സുരക്ഷിതമായി ഒഴിപ്പിച്ചെടുത്ത പാരമ്പര്യം ഇന്ത്യക്കുണ്ട്. 
അതിന് കേന്ദ്രത്തിൽ ശക്തമായ സർക്കാർ തന്നെ വേണമെന്നില്ല. 1990 ൽ ഇറാഖ് കുവൈത്തിനെ ആക്രമിച്ച വേളയിൽ ഐ.കെ. ഗുജറാലിന്റെ നേതൃത്വത്തിലൊരു സർക്കാരാണ് ദൽഹിയിൽ ഭരണം കൈയാളിയിരുന്നത്. രണ്ടു ലക്ഷം ഇന്ത്യക്കാരാണ് കുവൈത്തിലുണ്ടായിരുന്നത്. ആദ്യം ഇന്ത്യ ഇരുകക്ഷികൾക്കുമിടയിൽ സമാധാനമുണ്ടാക്കാൻ ശ്രമിക്കുകയാണ് ചെയ്തത്. അതു കഴിഞ്ഞ് പ്രധാനമന്ത്രി നേരിട്ടെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം വഹിക്കുകയും ചെയ്തു. രണ്ടു മാസത്തിനിടക്ക് എല്ലാവരെയും സുരക്ഷിതരായി നാട്ടിലെത്തിക്കുക വഴി എയർ ഇന്ത്യ ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്്‌സിൽ ഇടം പിടിക്കുകയും ചെയ്തു. കുവൈത്തിൽ നിന്ന് മരുഭൂമിയിലൂടെ ജോർദാനിലെ അമ്മാനിലെത്തിച്ച് എയർ ഇന്ത്യ വിമാനങ്ങളിൽ മുംബൈയിലെത്തിക്കുകയായിരുന്നു. വി.ടി സ്‌റ്റേഷനിൽ നിന്ന് ട്രെയിൻ മാർഗം കേരളത്തിലേക്ക് തിരിച്ച പ്രവാസി മലയാളികൾക്ക് വേണ്ട സൗകര്യമൊരുക്കാൻ മുഖ്യമന്ത്രി ഇ.കെ .നായനാരും താൽപര്യമെടുത്തിരുന്നു. 
ഇറാഖ് യുദ്ധ സമയത്തും സർക്കാർ സൗകര്യമൊരുക്കി ഒഴിപ്പിച്ചു കൊണ്ടുവരികയായിരുന്നു. പിന്നീട് 2015 ൽ യുദ്ധം കൊടുമ്പിരിക്കൊണ്ട യെമനിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ ഐ.എൻ.എസ് മുംബൈ എന്ന കപ്പൽ ജിബൂത്തി തുറമുഖത്തേക്ക് അയച്ചാണ് രക്ഷാദൗത്യം പൂർത്തീകരിച്ചത്. ഇന്ത്യ രക്ഷപ്പെടുത്തി കൊണ്ടുവന്നവരിൽ അമേരിക്ക, ഇറാഖ്, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ പൗരന്മാരുമുണ്ടായിരുന്നു. ഓപറേഷൻ റാഹത് എന്നു പേരിട്ട ഒഴിപ്പിച്ചെടുക്കൽ ദൗത്യം ആഗോള തലത്തിൽ ശ്രദ്ധിക്കപ്പെട്ടതുമായിരുന്നു. 
കഴിഞ്ഞ വർഷം റഷ്യ ഉക്രൈനെ ഉപരോധിച്ചപ്പോഴും ഇന്ത്യ പ്രതിസന്ധി നേരിട്ടു. മെഡിക്കൽ വിദ്യാർഥികളുൾപ്പെടെ നമ്മുടെ ഇരുപതിനായിരം പൗരന്മാരാണ് സംഘർഷ മേഖലയിൽ കുടുങ്ങിയത്. വിമാനങ്ങൾക്ക് കീവിൽ നിന്ന് നേരിട്ട് പറക്കാൻ പറ്റാതെയുമായി. അയൽ രാജ്യങ്ങളിലെത്തിച്ചാണ് ഓപറേഷൻ ഗംഗ പദ്ധതി പൂർത്തീകരിച്ചത്. 
പന്ത്രണ്ട്  ദിവസം മുമ്പ് ശനിയാഴ്ചയാണ് സൈന്യവും സുഡാനിലെ അർധസൈനിക വിഭാഗമായ റാപിഡ് സപ്പോർട്ട് ഫോഴ്സസും  തമ്മിലുള്ള സംഘർഷം ഉടലെടുത്തത്. സംഘർഷത്തിൽ ഒരു ഇന്ത്യക്കാരനുൾപ്പെടെ ഇതുവരെ 450 പേർ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്ക്. സംഘർഷം രൂക്ഷമായതിനെ തുടർന്ന് ആയിരക്കണക്കിന് സധാരണക്കാർ തലസ്ഥാനമായ ഖാർത്തൂമിൽ നിന്ന് അയൽ രാജ്യങ്ങളിലേക്ക് പലായനം ചെയ്തു. സുഡാന്റെ വിവിധ ഭാഗങ്ങളിൽ 3000 ലധികം ഇന്ത്യക്കാരുണ്ടെന്നാണ് കണക്ക്. 
സംഘർഷത്തിൽ മലയാളി  യുവാവ് കൊല്ലപ്പെട്ടിരുന്നു. കണ്ണൂർ ആലക്കോട് നെല്ലിപ്പാറ സ്വദേശിയും വിമുക്ത ഭടനുമായ അൽബർട്ട് അഗസ്റ്റിനാണ് കഴിഞ്ഞ ആഴ്ച കൊല്ലപ്പെട്ടത്. വീടിനുള്ളിൽ ഫോൺ ചെയ്യുന്നതിനിടെയാണ് ആൽബർട്ടിന് വെടിയേറ്റത്. വീട്ടിലുണ്ടായിരുന്ന ഭാര്യയും മകളും രക്ഷപ്പെട്ടിരുന്നു. കൊല്ലപ്പെട്ട ആൽബർട്ട് അഗസ്റ്റിന്റെ ഭാര്യ വിദേശകാര്യ മന്ത്രാലയത്തോട് സഹായം അഭ്യർത്ഥിച്ച് കഴിഞ്ഞ ദിവസം വീഡിയോ പങ്കുവെച്ചിരുന്നു. താനും മകളും ഖാർത്തൂമിലെ  അപ്പാർട്ട്‌മെന്റ് ബേസ്‌മെന്റിൽ വെള്ളമോ ഭക്ഷണമോ ഇല്ലാതെ കുടുങ്ങിക്കിടക്കുകയാണെന്ന് വീഡിയോയിൽ പറഞ്ഞു. 
സുഡാനിൽ നിന്ന് ഇന്ത്യക്കാർ അടക്കമുള്ളവരെ സൗദി അറേബ്യൻ വിദേശകാര്യ മന്ത്രാലയം ഇതിനകം ഒഴിപ്പിച്ചിട്ടുണ്ട്.  സുഡാനിൽ താമസിക്കുന്ന ഇന്ത്യക്കാരുൾപ്പെടെയുള്ള പന്ത്രണ്ട് സൗഹൃദ രാജ്യങ്ങളിലെ 66 പൗരന്മാരെ റോയൽ സൗദി നേവൽ ഫോഴ്സ് ഒഴിപ്പിച്ചതായി മന്ത്രാലയം ശനിയാഴ്ച ട്വീറ്റ് ചെയ്തിരുന്നു. സൗദി അറേബ്യയാണ് ആദ്യം ഒഴിപ്പിക്കൽ ദൗത്യം തുടങ്ങിയ രാജ്യം. ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, യുഎഇ, ഖത്തർ, കാനഡ, തുനീഷ്യ, ഈജിപ്ത്, ബൾഗേറിയ, ഫിലിപ്പൈൻസ്, കുവൈത്ത്, ബുർക്കിന ഫാസോ എന്നീ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരെയാണ് സുഡാനിൽ നിന്ന് രക്ഷപ്പെടുത്തി സൗദിയിലെത്തിച്ചത്. ഒഴിപ്പിച്ച പൗരന്മാരെ അവരുടെ രാജ്യങ്ങളിലേക്ക് പോകുന്നതിന് സൗദി വിദേശകാര്യ മന്ത്രാലയം സഹായിക്കുന്നുണ്ട്. യു.എസ് സൈന്യത്തിന്റെ സഹകരണത്തോടെയാണ് അമേരിക്കൻ  നയതന്ത്രജ്ഞരെയും കുടുംബങ്ങളെയും ഒഴിപ്പിച്ചത്.  ആറ് ഹെലികോപ്റ്ററുകളിലായി യു.എസ് ഉദ്യോഗസ്ഥരെയും കുടുംബങ്ങളെയും ജിബൂത്തിയിലെത്തിച്ചു. യു.എൻ ഉദ്യോഗസ്ഥരെ ബസുകളിലും മറ്റുമായി ഖാർത്തൂമിൽ നിന്ന് 670 കിലോമീറ്റർ അകലെയുള്ള പോർട്ട് സുഡാനിലേക്കാണ് മാറ്റിയത്. ഫ്രാൻസ് ഒഴിപ്പിച്ചപ്പോഴും ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയിരുന്നു. 
സുഡാനിൽ നിന്ന് ഇന്ത്യക്കാരെ നാവിക-വ്യോമ സംവിധാനം വഴി പുറത്തെത്തിക്കാനുള്ള പദ്ധതിയും കേന്ദ്രം തയാറാക്കിയിട്ടുണ്ട്. നാവിക സേനയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് സുമേധ രക്ഷാദൗത്യത്തിനായി പോർട്ട് സുഡാനിലെത്തിയിട്ടുണ്ട്. വ്യോമസേനയുടെ വിമാനം രക്ഷാദൗത്യത്തിനായി ജിദ്ദയിലെത്തിയിട്ടുണ്ട്. 
ആഭ്യന്തര യുദ്ധത്തിൽ ഖാർത്തൂമിലെ അടക്കം സുഡാനിലെ വിമാനത്താവളങ്ങൾ നശിച്ചതിനാൽ പ്രധാനമായും കടൽമാർഗം രക്ഷാപ്രവർത്തനം നടത്താനാണ് പദ്ധതി. ഇന്ത്യക്കാരെ കടൽ മാർഗം സൗദി അറേബ്യ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലെത്തിച്ച ശേഷം വ്യോമമാർഗം ഇന്ത്യയിലെത്തിക്കാനാണ് പദ്ധതി. ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽ വെടിനിർത്തൽ 72 മണിക്കൂർ കൂടി നീട്ടാൻ ചൊവ്വാഴ്ച തീരുമാനിച്ചതായി സൈന്യം അറിയിച്ചു.  സൈന്യവുമായി ഏറ്റുമുട്ടുന്ന അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും വെടിനിർത്തൽ അംഗീകരിച്ചിട്ടുണ്ട്. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്. ഓപറേഷൻ കാവേരി എന്ന പേരിലുള്ള ഇന്ത്യൻ രക്ഷാദൗത്യത്തിന്റെ ചമുതലയുള്ള മലയാളിയായ വിദേശമന്ത്രി വി. മുരളീധരൻ ഒഴിപ്പിക്കൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സൗദി അറേബ്യയിലെത്തിയിട്ടുണ്ട്. കൊല്ലത്തിലൊരിക്കൽ സമൂഹത്തിലെ ഉന്നതന്മാരായ മലയാളി കോട്ടൂരാന്മാർ ജർമനിയിലും പോളണ്ടിലും മറ്റും സംഗമിച്ച് കോഴിക്കാലും കുപ്പിയും സേവിക്കുന്നതിലും പ്രവാസികൾക്ക് എന്തു കൊണ്ടും ഗുണകരം പ്രതിസന്ധിയിലകപ്പെടുന്ന പൗരന്മാരെ രക്ഷപ്പെടുത്തിയെടുക്കാനുള്ള ഇത്തരം ഓപറേഷനുകളാണ്. 

Latest News