ജിദ്ദ - സുഡാനിൽ നിന്ന് ഒഴിപ്പിച്ച് സൗദി അറേബ്യയുടെ അമാന കപ്പലിൽ ജിദ്ദ കിംഗ് ഫൈസൽ നാവിക താവളത്തിലെത്തിച്ചവരെ സ്‌നേഹത്തോടെ പരിചരിച്ച് സൗദി സൈനികർ. യാത്രക്കാർക്ക് ആവശ്യമായ എല്ലാവിധ സേവനങ്ങളും നൽകാൻ വനിത, പുരുഷ സൈനികർ മത്സരിക്കുന്ന കാഴ്ചയാണ് നാവിക സേനാ താവളത്തിൽ കണ്ടത്. പ്രായംചെന്ന വനിതകളിൽ ഒരാളെ കപ്പലിൽ നിന്ന് ഇറങ്ങാൻ വനിതാ സൈനികർ സഹായിക്കുകയും പുരുഷ സൈനികർ ഇവരെ വീൽചെയറിൽ തള്ളി ലക്ഷ്യസ്ഥാനത്തെത്തിക്കുകയും ചെയ്തു.
അവശ നിലയിലുള്ള മറ്റൊരു വൃദ്ധനെ സൈനിക ഉദ്യോഗസ്ഥരിൽ ഒരാൾ എടുത്താണ് കപ്പലിൽ നിന്ന് താഴെയിറക്കിയത്. സുരക്ഷിതമായി ജിദ്ദയിലെത്താൻ സാധിച്ചതിൽ സന്തോഷാധിരേകത്താൽ അത്മനിയന്ത്രണം നഷ്ടപ്പെട്ട യാത്രക്കാരിൽ ഒരാൾ കരയുകയും സൈനികരെ ആശ്ലേഷിച്ച് ചുംബിക്കുകയും ചെയ്തു. യാത്രക്കാരൻ സുരക്ഷിതമായി ജിദ്ദയിലെത്തിയതിൽ ദൈവത്തെ സ്തുതിച്ച സൈനികർ സൗദി അറേബ്യ നിങ്ങളുടെ കൂടി രാജ്യമാണെന്ന് പറഞ്ഞ് യാത്രക്കാരനെ ആശ്വസിപ്പിച്ചു. വനിതാ, പുരുഷ സൈനികർ യാത്രക്കാരുടെ കുഞ്ഞുങ്ങളെ എടുക്കുകയും ലക്ഷ്യസ്ഥാനത്തെത്താൻ രക്ഷകർത്താക്കളെ സഹായിക്കുകയും ചെയ്തു. ഇതിന്റെയെല്ലാം ദൃശ്യങ്ങൾ അടങ്ങിയ വീഡിയോകൾ സാമൂഹികമാധ്യമങ്ങളിൽ വൈറലായി.