ന്യുദല്‍ഹി- വടക്കന്‍ ദല്‍ഹിയിലെ ലാഹോരി ഗേറ്റില്‍ നിന്ന് മൂന്നാം വയസ്സില്‍ കാണാതായ ബാലനെ പോലീസ് പഞ്ചാബില്‍ നിന്നും നാടകീയമായി കണ്ടെത്തി. 2012 മേയ് 21-നാണ് ബാലനെ കാണാതായത്. ഇത്രയും കാലം പോലീസ് അന്വേഷിച്ചെങ്കിലും ഒരു തുമ്പും ലഭിച്ചിരുന്നില്ല. പിന്നീട് ഹൈക്കോടതി ഇടപെട്ട് അന്വേഷണം ദല്‍ഹി ക്രൈം ബ്രാഞ്ചിനു കൈമാറുകയായിരുന്നു. എങ്കിലും കേസില്‍ തുമ്പുണ്ടായില്ല. ബാലനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അര ലക്ഷം രൂപയും പോലീസ് ഇനാം പ്രഖ്യാപിച്ചിരുന്നു.
ഇതിനിടെയാണ് മൂന്ന് ദിവസം മുമ്പ് കേസ് അന്വേഷിക്കുന്ന ദല്‍ഹി പോലീസ് ക്രൈംബ്രാഞ്ചിന് പുതിയ വിവരം ലഭിച്ചത്. പഞ്ചാബിലെ കപുര്‍ത്തലയിലെ ഹുസൈന്‍പൂരില്‍ ഒരു കുടുംബത്തോടൊപ്പം ഈ ബാലനുണ്ടെന്നായിരുന്നു വിവരം. ഇതനുസരിച്ച് ബാലന്റെ അച്ഛനേയും കൂട്ടി പോലീസ് പഞ്ചാബിലെത്തുകയും കുഞ്ഞിനെ കണ്ടെത്തുകയും ചെയ്തു. ഇവിടെ ഒരു കുടുംബത്തോടൊപ്പം രണ്ടു വര്‍ഷമായി കഴിഞ്ഞു വരികയായിരുന്നു ബാലനെന്ന് പോലീസ് പറഞ്ഞു. ശരീരത്തിലെ അടയാളവും മുഖലക്ഷണങ്ങളും കണ്ട അച്ഛന്‍ കുഞ്ഞിനെ തിരിച്ചറിയുകയായിരുന്നു.
കുഞ്ഞിനെ കുറിച്ച് പോലീസിനെ വിവരം ലഭിക്കുന്നതിലേക്കു നയിച്ച നാടകീയമായ സംഭവങ്ങളാണ് കുഞ്ഞിനെ തിരികെ കുടുംബത്തിലെത്തിക്കുന്നതില്‍ നിര്‍ണായകമായത്. ലാഹോരി ഗേറ്റില്‍ റെയില്‍വെ ട്രാക്കിനോട് ചേര്‍ന്നുള്ള ചേരിയിലാണ് മൂന്ന് വയസ്സുവരെ മാതാപിതാക്കള്‍ക്കൊപ്പം കുഞ്ഞ് വളര്‍ന്നത്. മറ്റു കുട്ടികള്‍ക്കൊപ്പം കളിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് കുഞ്ഞിനെ കാണാതായത്. പലയിടത്തും തെരഞ്ഞെങ്കിലും വീടിനു സമീപത്തു കൂടെ കടന്നു പോകുന്ന ഏതെങ്കിലും ട്രെയ്‌നില്‍ കയറി പോയതാകാമെന്ന നിഗമനത്തിലാണ് കുടുംബം എത്തിച്ചേര്‍ന്നത്. പോലീസ് ഈ വഴിക്ക് അന്വേഷിച്ചു. പല ട്രെയ്‌നുകളിലും തിരച്ചില്‍ നടത്തി. എങ്കിലും കണ്ടെത്താനായില്ല.
ഏതാണ്ട് രണ്ടു വര്‍ഷം മുമ്പാണ് ബാലനെ ഒരു ട്രെയ്‌നില്‍ നിന്ന് പഞ്ചാബില്‍ താമസിക്കുന്ന ബിഹാറി കുടുംബത്തിന് ലഭിച്ചത്. ബിഹാറിലെ മുങ്കര്‍ സ്വദേശി സജ്ഞയും കുടുംബവും നാട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് കിയുള്‍ റെയില്‍വെ സ്റ്റേഷനില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന ബാലനെ ശ്രദ്ധിച്ചത്. കുടുംബത്തെ കുറിച്ച് ചോദിച്ചപ്പോള്‍ വ്യക്തമായ ഉത്തരങ്ങളൊന്നും ഇല്ല. തുടര്‍ന്ന് ഭക്ഷണവും വെള്ളവും നല്‍കി. മാതാപിതാക്കളെ കുറിച്ച് ഒന്നു അറിയാത്ത ബാലനെ മാതാപിതാക്കളെ കണ്ടെ്ത്താമെന്ന പ്രതീക്ഷയില്‍ ട്രെയ്‌നില്‍ തെരഞ്ഞെങ്കിലും നടന്നില്ല. ബിഹാറിലേക്ക്ു പോകുകയായിരുന്ന സജ്ഞയും കുടുംബവും ബാലനെ കൂടെ കൂട്ടാന്‍ തീരുമാനിക്കുകയായിരുന്നു. ഒരു മാസത്തിനു ശേഷം പഞ്ചാബിലെ ഹുസൈന്‍പൂരില്‍ കുടുംബം തിരിച്ചെത്തി. ഇവിടെ ഒരു ഫാക്ടറിയില്‍ ജീവനക്കാരനാണ് സജ്ഞയ്. ബാലന്റെ കുടുംബത്തെ തേടിയുള്ള അന്വേഷണവും സജ്ഞയ് തുടര്‍ന്നു.
ഇതിനിടെയാണ് ദല്‍ഹി പോലീസ് കാണാതായ ബാലനെ കണ്ടെത്തുന്നതിന് ദല്‍ഹിയിലുടനീളം അറിയിപ്പ് പോസ്റ്റുകള്‍ പതിച്ചു തുടങ്ങിയത്. ദല്‍ഹിയിലെത്തിയ സജ്ഞയിന്റെ ഒരു അയല്‍ക്കാരി ഈ പോസ്റ്റര്‍ കണ്ടതാണ് വഴിത്തിരിവായത്. ഇവര്‍ പോസ്റ്ററിന്റെ ചിത്രമെടുത്ത് സജ്ഞയിനെ കാണിക്കുകയും പോസ്റ്ററിലെ വിവരമനുസിരിച്ച് ദല്‍ഹി പോലീസിനെ ബന്ധപ്പെടുകയുമായിരുന്നു. കുഞ്ഞിനെ യഥാര്‍ത്ഥ മാതാപിതാക്കള്‍ക്കു തന്നെ തിരികെ നല്‍കാന്‍ നടപടികള്‍ സ്വീകരിച്ചു വരികയാണ്.