സുഡാനിൽനിന്നുള്ള രണ്ടാമത്തെ ഇന്ത്യൻ സംഘവും ജിദ്ദയിൽ, എത്തിയത് വിമാനത്തിൽ

ജിദ്ദ- ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽനിന്ന് ഇന്ത്യൻ ഗവൺമെന്റ് സൗദി സർക്കാറിന്റെ സഹായത്തോടെ ഒഴിപ്പിക്കുന്ന രണ്ടാമത്തെ സംഘവും ജിദ്ദയിൽ. കപ്പലിൽ ആദ്യസംഘം എത്തിയതിന് തൊട്ടുപിറകെയാണ് വിമാനത്തിൽ രണ്ടാം സംഘം എത്തിയത്. എയർഫോഴ്‌സിന്റെ സി.130-ജെ വിമാനത്തിലാണ് 148 യാത്രക്കാർ ജിദ്ദയിലെത്തിയത്. പോർട്ട് സുഡാനിൽനിന്നാണ് ഈ സംഘവും യാത്ര തിരിച്ചത്. കപ്പലിൽ ജിദ്ദ തുറമുഖത്ത് 278 പേരാണ് ഇന്ന് രാത്രി 11 മണിയോടെ എത്തിയത്. ഒരു മണിക്കൂർ കൊണ്ടാണ് വിമാനം സുഡാനിൽനിന്ന് ജിദ്ദയിൽ എത്തിയത്. വിമാനതാവളത്തിൽ എത്തിയ ഇന്ത്യൻ പൗരന്മാരെ ജിദ്ദ ഇന്ത്യൻ സ്‌കൂളിലേക്ക് മാറ്റി. ഇവിടെനിന്ന് അടുത്ത ദിവസങ്ങളിൽ പ്രത്യേക ചാർട്ടേഡ് വിമാനങ്ങളിൽ ഇന്ത്യക്കാരെ നാട്ടിലേക്ക് അയക്കും. ഇതിനുള്ള ഒരുക്കങ്ങളും പൂർത്തിയായി. ഒരു വിമാനം കൂടി ഉടൻ ജിദ്ദയിലെത്തുമെന്നാണ് വിവരം. സുഡാനിൽ ഇന്ത്യക്കാരായ മുവായിരം പേരാണുള്ളത്. ഇതിൽ 800 പേരെയാണ് ആദ്യഘട്ടത്തിൽ ഒഴിപ്പിക്കുന്നത്. 


അതിനിടെ, കഴിഞ്ഞ 10 ദിവസമായി ആവശ്യത്തിന് ഭക്ഷണമോ വെള്ളമോ ഇല്ലാതെയാണ് തങ്ങൾ കഴിഞ്ഞതെന്ന് തമിഴ്‌നാട്ടുകാരിയായ സോഫിയ പറഞ്ഞു. കപ്പലിൽ കയറിയ ഉടൻ നിങ്ങൾക്കെന്താണ് വേണ്ടത് എന്നാണ് ചോദിച്ചത്. ഭക്ഷണവും മറ്റ് സൗകര്യങ്ങളുമെല്ലാം ഒരുക്കിയിരുന്നു. ഇന്ത്യാ സർക്കാരിനോട് നന്ദി പറയാൻ വാക്കുകളില്ലെന്നും സോഫിയ പറഞ്ഞു. കപ്പലിന് പുറത്ത് ഇന്ത്യക്കാരുടെ സുഡാനി സുഹൃത്തുക്കൾ വികാരഭരിതരായാണ് ഇവരെ യാത്രയയച്ചത്. കെട്ടിപ്പുണർന്നും ആശംസ നേർന്നും അവർ സുരക്ഷിത യാത്ര നേർന്നു. 

സുഡാനിൽനിന്ന് കൊണ്ടുവരുന്ന ഇന്ത്യക്കാരെ താൽക്കാലികമായി പാർപ്പിക്കുന്നതിന് ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂൾ ഒരുങ്ങി. ബോയ്‌സ് വിഭാഗത്തിലാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. വിവിധ ക്ലാസ് മുറികളിലായാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. മെത്ത, ഭക്ഷണ സാധനങ്ങൾ, പാചകം ചെയ്യാനുള്ള സംവിധാനം, ഫ്രഷ് ഭക്ഷണം, ടോയ്‌ലറ്റ്, വൈദ്യസഹായത്തിനുള്ള സൗകര്യം, വൈഫൈ എന്നിവ ഒരുക്കിയിട്ടുണ്ട്. മുഴുവൻ സമയവും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും ഇവിടെ ഒരുക്കി.
സ്‌കൂളിലെ സൗകര്യങ്ങൾ ഓപറേഷൻ കാവേരി ചുമതലയുള്ള മന്ത്രി വി. മുരളീധരൻ സന്ദർശിച്ചു. നേരത്തെ കൺട്രോൾ റൂമും അദ്ദേഹം സന്ദർശിച്ചു. ഇന്ത്യൻ അംബാസഡർ ഉൾപ്പെടെയുള്ളവരുമായി അദ്ദേഹം ചർച്ച നടത്തി.
പോർട്ട് സുഡാനിലും ജിദ്ദയിലും അത്യാവശ്യമായ എല്ലാ അടിസ്ഥാനസൗകര്യങ്ങളും ഏർപ്പെടുത്തിയതായി മന്ത്രി പറഞ്ഞു. ഓപറേഷൻ കാവേരി ടീം സുസജ്ജമാണെന്നും ആദ്യ കപ്പൽ എത്തിച്ചേർന്നാലുടൻ അവരെ സ്വീകരിക്കുന്നതിന് എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായും അദ്ദേഹം പറഞ്ഞു.

 

Latest News