ഇന്ത്യന്‍ സ്‌കൂളിലേത് ട്രാന്‍സിറ്റ് സംവിധാനം, ഇന്ത്യക്കാരെ പുറത്തുവിടില്ല, ഉടന്‍ നാട്ടിലയക്കും

ജിദ്ദ- സുഡാനില്‍നിന്ന് കപ്പലില്‍ ജിദ്ദയിലെത്തിക്കുന്ന ഇന്ത്യക്കാരെ പുറത്തുവിടില്ല. ജിദ്ദ ഇന്ത്യന്‍ സ്‌കൂളില്‍ ഒരുക്കിയ ട്രാന്‍സിറ്റ് ക്യാമ്പില്‍ പാര്‍പ്പിച്ച ശേഷം എത്രയും വേഗം ഇവരെ നാട്ടിലേക്ക് അയക്കും. ഇമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ നാട്ടിലായിരിക്കുമെന്നാണ് സൂചന.
അടിയന്തര സാഹചര്യങ്ങളില്‍ മറ്റ് രാജ്യങ്ങള്‍ വഴി ഒഴിപ്പിക്കുമ്പോള്‍ സാധാരണ ചെയ്യുന്ന നടപടിക്രമമാണിത്. അതേസമയം, സുഡാനില്‍നിന്ന് ദുബായിലേക്കും മറ്റും യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവരുണ്ട്. ഇവരുടെ കുടുംബം ദുബായിലാണെന്നതാണ് കാരണം. എന്നാല്‍ ഇത് അനുവദിക്കുമോ എന്ന് വ്യക്തമല്ല.
സുഡാനില്‍നിന്ന് വരുന്ന പല ഇന്ത്യക്കാരുടേയും കൈവശം സാധുവായ രേഖകളില്ലെന്നത് ഇമിഗ്രേഷന്‍ നാട്ടിലാക്കാനുള്ള പ്രധാന കാരണമാണ്. പലരുടേയും പാസ്‌പോര്‍ട്ടുകള്‍ കമ്പനികളിലോ സ്‌പോണ്‍സര്‍മാരുടെ കൈവശമോ ആണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇവ മടക്കിവാങ്ങുക അസാധ്യമാണ്. ഫാക്ടറികളും കമ്പനികളുമൊക്കെ പൂട്ടിക്കിടക്കുകയാണ്. ഇന്ത്യക്കാരായ സാധാരണ തൊഴിലാളികള്‍ മിക്കവരും ഫാക്ടറി തൊഴിലാളികളാണ്.
പലരുടേയും കുട്ടികള്‍ക്ക് സാധുവായ പാസ്‌പോര്‍ട്ടില്ലാത്തതും പ്രശ്‌നമാണ്. ഇവര്‍ക്കെല്ലാം താല്‍ക്കാലിക രേഖകള്‍ നല്‍കിയാണ് ജിദ്ദയിലേക്ക് അയക്കുന്നത്. ജിദ്ദ സ്‌കൂളില്‍ ഒരുക്കിയിരിക്കുന്നത് ട്രാന്‍സിറ്റ് സംവിധാനമാണെന്ന് എംബസി വൃത്തങ്ങള്‍ പറഞ്ഞു.
മൂവായിരത്തോളം ഇന്ത്യക്കാരാണ് സുഡാനിലുള്ളത്. ഇതില്‍ രണ്ട് കപ്പലുകളിലായി ആയിരത്തോളം പേരെത്തും. വ്യോമസേനയുടെ സി130 വിമാനം പോര്‍ട്ട് സുഡാനിലെത്തിയിട്ടുണ്ട്. ആയിരത്തിനടുത്ത് ആളുകളെ കയറ്റാന്‍ ശേഷിയുള്ള കാര്‍ഗോ വിമാനമാണിത്. ഒരു വിമാനം കൂടി ഉടന്‍ സുഡാനിലെത്തുമെന്നും അറിയുന്നു. കപ്പലിലും വിമാനങ്ങളിലുമായിട്ടായിരിക്കും ഒഴിപ്പിക്കല്‍ ദൗത്യമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ പറഞ്ഞു.

 

 

Latest News