ഭൂ കയ്യേറ്റം ഒഴിപ്പിച്ച വില്ലേജ് ഓഫീസറെ ഓഫീസിൽ കയറി വെട്ടിക്കൊന്നു; ഒരു കോടി ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ചെന്നൈ - അക്രമികൾ വില്ലേജ് ഓഫീസറെ ഓഫീസിൽ കയറി വെട്ടിക്കൊന്നു. തമിഴ്‌നാട്ടിലെ തൂത്തുക്കുടി വില്ലേജ് അഡ്മിനിസ്‌ട്രേറ്റർ ഓഫീസർ ലൂർദ് ഫ്രാൻസിസാ(56)ണ് കൊല്ലപ്പെട്ടത്.
 മണൽ മാഫിയയാണ് കൊലയ്ക്കു പിന്നിലെന്നാണ് നിഗമനം. തമിഴ്‌നാട് തൂത്തുക്കുടി ജില്ലയിലെ മുരപ്പനാട് ഗ്രാമത്തിൽ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് കൊലപാതകമുണ്ടായത്. രണ്ടംഗ സംഘമാണ് കൊല നടത്തിയത്. 
 മുമ്പ് അടിച്ചനെല്ലൂരിൽ വില്ലേജ് ഓഫീസറായിരിക്കെ, ഭൂമി കയ്യേറ്റം ഒഴിപ്പിച്ചതിന് ലൂർദ് ഫ്രാൻസിസിനെതിരെ കൊലപാതക ശ്രമം ഉണ്ടായിരുന്നു. ഒന്നര വർഷം മുമ്പാണ് ഇദ്ദേഹം ഇവിടേക്ക് സ്ഥലംമാറ്റം കിട്ടിവന്നത്. കഴിഞ്ഞ 13ന് സുരക്ഷ ആവശ്യപ്പെട്ട് ഇദ്ദേഹം പോലീസിൽ പരാതി നൽകിയിരുന്നു. 
 സംഭവത്തിൽ പ്രത്യേക സഘം രൂപീകരിച്ച് പോലീസ് അന്വേഷണമാരംഭിച്ചു. പ്രതികളിൽ ഒരാളെ പിടികൂടിയിട്ടുണ്ട്. കൂട്ടു പ്രതിയായ മാരി മുത്തുവിനായി തെരച്ചിൽ പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു. അനധികൃത മണൽ കടത്തിനെതിരെ ഉദ്യോഗസ്ഥൻ കർശന നടപടി സ്വീകരിച്ചിരുന്നു. ഇതിലുള്ള പകയാണ് കൊലയ്ക്കു കാരണമെന്നാണ് പറയുന്നത്. ലൂർദ് ഫ്രാൻസിന്റെ കുടുംബത്തിന് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ഒരുകോടി രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. 


 

Latest News