Sorry, you need to enable JavaScript to visit this website.

കുടുംബയാത്രക്കിടെ മാതാപിതാക്കൾ ഒരു വയസുകാരനെ മറന്നുവെച്ചു

കണ്ണൂർ-കുടുംബ യാത്രക്കിടെ മാതാപിതാക്കൾ റസ്‌റ്റോറന്റിൽ ഒരു വയസ്സുകാരനെ മറന്നു വെച്ചു. തളിപ്പറമ്പ് ഏഴാംമൈലിലെ റസ്‌റ്റോറന്റിൽ കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. രണ്ടു വാഹനങ്ങളിലായാണ് സംഘം റെസ്‌റ്റോറന്റിലെത്തിയത്. പിന്നീട് ഇവർ ഭക്ഷണം കഴിച്ച് മടങ്ങുകയും ചെയ്തു. ഏറെ സമയത്തിന് ശേഷം ഒരു ചെറിയ കുട്ടി ക്യാഷ് കൗണ്ടറിന് സമീപം ഒറ്റപ്പെട്ട് നിൽക്കുന്നത് കണ്ട ജീവനക്കാർ കുട്ടിയോട് കാര്യങ്ങൾ അന്വേഷിച്ചു വെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ല. തുടർന്ന് റസ്‌റ്റോറന്റിൽ സുരക്ഷിത ഇടത്തിലേക്ക് മാറ്റിയശേഷം ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നവരോട് വിവരം തിരക്കിയെങ്കിലും കുട്ടിയുടെ രക്ഷിതാക്കളെ കണ്ടെത്താനായില്ല. പിന്നീട് സി.സി.ടി.വി പരിശോധിച്ചപ്പോൾ രണ്ടു വാഹനങ്ങളിലായി ഇവിടെ ഭക്ഷണം കഴിക്കാൻ എത്തിയവരുടെ കൂട്ടത്തിൽ ഉള്ള കുട്ടിയാണിതെന്ന് മനസ്സിലാകുകയും തളിപ്പറമ്പ് പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു. ഈ സമയം തന്നെ കുട്ടിയെ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് ബന്ധുക്കൾ തളിപ്പറമ്പ് പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചിരുന്നു. തുടർന്ന് രക്ഷിതാക്കളെ സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തിയാണ് കുട്ടിയെ കൈമാറിയത്. ചപ്പാരപ്പടവിന് സമീപത്തുനിന്ന് മാട്ടൂലിലെ പെറ്റ് സ്‌റ്റേഷനിലേക്ക് രണ്ട് കാറുകളിലായി പുറപ്പെട്ട സംഘം ഉച്ചഭക്ഷണം കഴിച്ചശേഷം മാട്ടൂലിലേക്ക് തിരിച്ചപ്പോഴാണ് കുട്ടിയെ റസ്‌റ്റോറന്റിൽ മറന്നുപോയത്. മാട്ടൂലിലെത്തിയ ശേഷമാണ് രണ്ട് കാറുകളിലും കുട്ടി ഇല്ലെന്ന് ഇവർക്ക് ബോധ്യമായത്. ചെറുപ്രായത്തിൽ കുട്ടികളുടെ കാര്യത്തിൽ രക്ഷിതാക്കൾ കാണിക്കേണ്ട ജാഗ്രതയെ കുറിച്ച് ബോധ്യപ്പെടുത്തിയാണ് പോലീസ് കുട്ടിയെ കൈമാറിയത്.
 

Latest News