വന്ദേഭാരത് തീവണ്ടിയാണല്ലോ ഇപ്പോഴത്തെ ചർച്ചാവിഷയം.ഏറെ കാത്തിരിപ്പിന് ശേഷം കേരളത്തിനും ഒരു വന്ദേഭാരത് കിട്ടി.മറ്റു സംസ്ഥാനങ്ങളിലെല്ലാം മാസങ്ങൾക്ക് മുമ്പെ ഈ വണ്ടി സർവീസ് തുടങ്ങിയതാണ്.കേരളത്തിന് അത് ലഭിക്കാൻ പ്രധാനമന്ത്രിയുടെ സന്ദർശനം ആവശ്യമായി വന്നു.നരേന്ദ്ര മോഡിക്ക് കേരളത്തിലെത്തണമെങ്കിൽ മറ്റെന്തെങ്കിലുമൊരു വൈബ് വേണമെന്നായിരിക്കുന്നു.ദിവസങ്ങൾക്ക് മുമ്പ് ചെന്നൈയിൽ നിന്ന് ചുരം കടന്ന് പാലക്കാട്ട് എത്തിയ വന്ദേഭാരതിനെ ആരതിയുഴിഞ്ഞും പടക്കം പൊട്ടിച്ചുമാണ് ബി.ജെ.പിക്കാർ സ്വീകരിച്ചത്.വികസന പദ്ധതികളെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നത് രാഷ്ട്രീയ പാർട്ടികളുടെ തന്ത്രമാണല്ലോ.
വന്ദേഭാരത് പോലുള്ള അതിവേഗ തീവണ്ടികൾക്ക് കേരളം അനുയോജ്യമല്ലെന്നായിരുന്നു ഇത്രയും നാൾ പറഞ്ഞിരുന്നത്.കെ റെയിൽ പദ്ധതിക്ക് അനുമതി നിഷേധിക്കപ്പെട്ടപ്പോഴും ഇതേ വാദം ഉയർന്നു കേട്ടിരുന്നു.വന്ദേഭാരത് കേരളത്തിന് യോജിച്ചതല്ലെന്ന് അടുത്ത കാലം മുതൽ ബി.ജെ.പിയുടെ സഹചാരിയായ മെട്രോമാൻ ഇ.ശ്രീധരനും അഭിപ്രായപ്പെട്ടിരുന്നു.വിമർശനങ്ങളും വിലയിരുത്തലുകളും പല വഴിക്ക് നീങ്ങുന്നുണ്ടെങ്കിലും ഏറെക്കുറെ സമയക്രമം പാലിച്ച് വന്ദേഭാരത് കേരളത്തിൽ ട്രയൽ റൺ നടത്തിക്കഴിഞ്ഞു.സ്ഥിരം സർവീസ് അടുത്ത ദിവസം മുതൽ ആരംഭിക്കുകയുമാണ്.
സർക്കാരിന്റെ പദ്ധതി നടപ്പാക്കുമ്പോൾ അതിന്റെ ഗുണങ്ങൾ എല്ലാ ജനവിഭാഗങ്ങൾക്കും ലഭിക്കണമെന്നത് ജനാധിപത്യത്തിലെ മര്യാദയാണ്.ഇവിടെ, വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിച്ചപ്പോൾ വലിയൊരു ജനവിഭാഗത്തെ പാടെ അവഗണിച്ചുവെന്ന പരാതി ഇതിനകം ഉയർന്നു കഴിഞ്ഞു.തീവണ്ടി സർവീസ് നടത്തുന്ന ജില്ലകളിലെല്ലാം ഈ അതിവേഗ ട്രെയിനിന് സ്റ്റോപ്പ് നൽകിയപ്പോൾ മലബാറിലെ പ്രധാന സ്റ്റേഷനായ തിരൂരിനെ തഴഞ്ഞു.അതു വഴി കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള മലപ്പുറം ജില്ലയെ റെയിൽവേ അവഗണിച്ചു.ട്രെയിനിന്റെ പരീക്ഷണ ഓട്ടത്തിനിടയിൽ തിരൂരിൽ സ്റ്റോപ്പുണ്ടായിരുന്നു.എന്നാൽ പിന്നീട് ഷൊർണൂരിൽ സ്റ്റോപ്പ് വന്നതോടെ തിരൂരിനെ ഒഴിവാക്കുകയായിരുന്നു.മലപ്പുറം ജില്ലയോടുള്ള ഈ അവഗണനക്കെതിരെ ബി.ജെ.പി ഒഴികെയുള്ള പാർട്ടികളെല്ലാം പ്രതിഷേധവുമായി രംഗത്തുണ്ട്.
മലപ്പുറം ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലൂടെ കടന്നു പോകുന്ന റെയിൽ പാതയിൽ പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനാണ് തിരൂരിലേത്.പ്രധാന തീവണ്ടികൾക്കെല്ലാം സ്റ്റോപ്പുള്ള സ്റ്റേഷനാണിത്.മലപ്പുറം ജില്ലക്കാർക്ക് പുറമെ പാലക്കാട് ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലുള്ളവരും പ്രധാനമായി ആശ്രയിക്കുന്ന സ്റ്റേഷനുമാണ്.ഈ മേഖലയിൽ നിന്ന് കേരളത്തിന് അകത്തും പുറത്തുമായി തീവണ്ടി യാത്ര ചെയ്യുന്ന പതിനായിരക്കണക്കിന് ആളുകളുമുണ്ട്.ഇത്തരം വസ്തുതകളെ പാടെ അവഗണിച്ചാണ് തിരൂരിൽ വന്ദേഭാരതിന് സ്റ്റോപ്പ് നിഷേധിച്ചിരിക്കുന്നത്.ജില്ലയിലെ യാത്രക്കാർക്ക് ഈ തീവണ്ടിയിൽ കയറണമെങ്കിൽ കോഴിക്കോട്ടോ ഷൊർണൂരിലോ എത്തണം.കാലം പുരോഗമിക്കുമ്പോഴാണ് റെയിൽവേയുടെ ഈ പിന്തിരിപ്പൻ നടപടി.
മലപ്പുറം ജില്ലയോടുള്ള ഈ അവഗണനയെ ബി.ജെ.പിയുടെ രാഷ്ട്രീയ നിലപാടായി വേണം കാണാൻ.ബി.ജെ.പിക്ക് വേരോട്ടമില്ലാത്ത, മുസ്്ലിം ഭൂരിപക്ഷമുള്ള മലപ്പുറം ജില്ലയെ ബി.ജെ.പിയുടെ വർഗീയ കണ്ണടയിലൂടെ നോക്കിയാൽ പരിഗണിക്കാൻ ബുദ്ധിമുട്ടുണ്ടാകും. എന്നാൽ മുസ്്ലിംകളല്ലാത്ത ലക്ഷക്കണക്കിന് പേർ കൂടി താമസിക്കുന്ന ജില്ലയാണ് മലപ്പുറമെന്നത് ബി.ജെ.പി നേതാക്കൾക്കും അറിയാവുന്ന കാര്യമാണ്.വികസനത്തെ ഏതെങ്കിലുമൊരു വിഭാഗത്തിന്റെ അടിസ്ഥാനത്തിൽ നോക്കിക്കാണുന്നത് പ്രതിലോമപരമായ രാഷ്ട്രീയമാണ്.തിരൂരിനെ ഒഴിവാക്കുന്നതിന് റെയിൽവേക്ക് സാങ്കേതികമായി വിശദീകരണങ്ങളൊന്നുമില്ലതാനും.
മലബാറിലൂടെ കടന്നു പോകുന്ന തീവണ്ടികൾക്കെല്ലാം തിരൂരിൽ സ്റ്റോപ്പുണ്ട്.ഒരു സ്റ്റേഷനിൽ രണ്ട് മിനിട്ട് മാത്രം നിർത്തിയിടുന്ന വന്ദേഭാരതിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കുന്നത് സമയക്രമത്തെ ബാധിക്കുമെന്ന് പറയാനാകില്ല.നാന്നൂറ് കിലോമീറ്ററിലേറെ താണ്ടുന്ന തീവണ്ടി രണ്ട് മിനിട്ട് ഒരു സ്റ്റോപ്പിൽ നിർത്തിയിടുന്നത് വേഗത്തെ ബാധിക്കുമെന്നതും ബാലിശമായ വാദമാകും.ഒരു ജില്ലയിൽ ഒരു സ്റ്റോപ്പ് എന്ന ന്യായമായ ആവശ്യമനുസരിച്ച് തിരൂരിൽ സ്റ്റോപ്പ് അനിവാര്യമാണ്.അത് അനുവദിക്കുന്നത് മറ്റിടങ്ങളിൽ കൂടി സ്റ്റോപ്പ് വേണമെന്ന ആവശ്യത്തിന് കാരണമാകുമെന്ന ആശങ്കക്കും ഇവിടെ അടിസ്ഥാനമില്ല.തിരൂരിൽ സ്റ്റോപ്പ് വേണമെന്ന ആവശ്യം മാത്രമാണ് ഇപ്പോൾ ഉയർന്നു വന്നിരിക്കുന്നത്.
ഇത്തരമൊരു പുതിയ പദ്ധതി കൊണ്ടു വരുമ്പോൾ ഓരോ പ്രദേശവും മുൻകാലങ്ങളിൽ ആ മേഖലയിൽ നൽകിയ സംഭാവനകൾ കൂടി പരിഗണിക്കേണ്ടതുണ്ട്.കേരളത്തിൽ ആദ്യമായി തീവണ്ടി ഓടിത്തുടങ്ങിയത് മലപ്പുറം ജില്ലയിലാണ്.ബ്രിട്ടീഷ് പട്ടാളക്കാരുടെ ക്രൂരതയുടെ ചോരപ്പാടുകൾ ഉണങ്ങിത്തേഞ്ഞുപോയതാണ് ഈ റെയിൽപാളങ്ങൾ. ഇന്ന്, റെയിൽവേയുടെ ദീർഘദൂര സർവീസുകൾ ഉപയോഗിക്കുന്ന വലിയൊരു യാത്രാ സമൂഹമുള്ള നാടാണ് മലപ്പുറം.ഇത്തരത്തിൽ പൈതൃകം കൊണ്ടും പങ്കാളിത്തം കൊണ്ടും തീവണ്ടി യാത്രക്കൊപ്പം എന്നും മലപ്പുറമുണ്ട്.റെയിൽവേയുടെ പുതിയൊരു പദ്ധതിയുടെ പ്രയോജനം ലഭിക്കാൻ എന്തുകൊണ്ടും അർഹമായ പ്രദേശമാണ് മലപ്പുറം.
മലപ്പുറത്തു നിന്നുയരുന്ന പ്രതിഷേധം റെയിൽവേയും കേന്ദ്ര സർക്കാരും കേൾക്കേണ്ടതുണ്ട്.വലിയൊരു ജനവിഭാഗത്തെ അകറ്റി നിർത്തിക്കൊണ്ട് നടപ്പാക്കുന്ന വികസനത്തെ ജനകീയമെന്ന് വിളിക്കാനാകില്ല.
ചില കേന്ദ്രങ്ങളുടെ സ്വാർഥതാൽപര്യങ്ങളായിരിക്കും അവിടെ ഉയർന്നു നിൽക്കുന്നത്.പുത്തൻ പദ്ധതികൾക്കൊപ്പം നിർത്തിയാണ് നാടിനെ വികസനത്തിലേക്ക് നയിക്കേണ്ടത്.മലപ്പുറത്തിന്റെ രാഷ്ട്രീയ നിലപാടുകൾ കേന്ദ്രം ഭരിക്കുന്നവർക്ക് അനുകൂലമല്ലെന്നത് ആ ജില്ലയെ പാടെ അവഗണിക്കാൻ കാരണമാകരുത്. വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത്...






