Sorry, you need to enable JavaScript to visit this website.

കാഴ്ചകളുടെ മായാലോകം

നിശ്ചയദാർഢ്യത്തിന്റെ മറ്റൊരു പേരാണ് ജപ്പാൻ. രണ്ടാം ലോകമഹായുദ്ധത്തിന്റെ ചാരക്കൂനയിൽനിന്ന് അവർ ഒരു ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയർത്തെണീറ്റിരിക്കുന്നു. സാങ്കേതിക വിദ്യയുടെ അത്ഭുതങ്ങൾ മാത്രമല്ല, പരസ്പര ബഹുമാനം, സഹജീവി സ്‌നേഹം, സത്യസന്ധത, വൃത്തി തുടങ്ങിയ മാനുഷിക മൂല്യങ്ങൾ ഉത്തരവാദിത്തമായി കൊണ്ടു നടക്കുന്നവരാണ് ജപ്പാനികൾ.

ഉദയ സൂര്യന്റെ നാട്ടിൽ -2
സഞ്ചാരികളുടെ സ്വപ്‌ന ഭൂമിയാണ് ജപ്പാൻ. വർഷം പ്രതി എത്തുന്നത് മൂന്നു കോടിയിലധികം ടൂറിസ്റ്റുകൾ. ലോകപൈതൃക പട്ടികയിൽ ഇടംപിടിച്ച 22 സ്ഥലങ്ങൾ ജപ്പാനിലുണ്ട്. വശ്യസുന്ദര താഴ്‌വാരകളും ഹിമഗിരികളും ബീച്ചുകളും സഞ്ചാരികളെ മാടിവിളിക്കുന്നു. നഗര ടൂറിസം തേടിയിറങ്ങിയവർക്ക് ലോകത്തൊരിടത്തും കാണാൻ കഴിയാത്ത അതിശയമാണ് ജപ്പാൻ കാത്തുവെച്ചിട്ടുള്ളത്. ഉന്നത വിദ്യാഭ്യാസവും സംസ്‌കാരവും തേടി ഈ ഭൂമികയിലെത്തുന്നവരും കുറവല്ല. പ്രദേശങ്ങളെ കോർത്തിണക്കി അതിനൂതനമായ ടെക്‌നോളജിയുടെ സഹായത്താൽ കുറ്റമറ്റ മെട്രോ സംവിധാനവും അതിവിപുലമായ ജെ.ആർ ബസ് സർവീസും മണിക്കൂറിൽ 300 ലധികം കിലോമീറ്ററിലോടുന്ന അതിവേഗ ഷിൻകാൻസൻ ബുള്ളറ്റ് ട്രെയിനും ജപ്പാന്റെ വിസ്മയങ്ങൾ തന്നെ. 


നീണ്ട പരിശീലനത്തിനിടെ, വീണുകിട്ടിയ ഒഴിവുദിനങ്ങളാണ് ജപ്പാന്റെ മിടിപ്പറിഞ്ഞത്. ജാപ്പനീസ് സംസ്‌കാരവും പാരമ്പര്യവും അടുത്തറിയാൻ ആഗ്രഹിച്ചവർ തെരഞ്ഞെടുത്തത് വിഖ്യാതമായ ഷിന്റൊ ആരാധനാലയങ്ങളും ബുദ്ധിസ്റ്റ് ടെമ്പിളുകളുമാണ്. ഞാനും കൂടെയുള്ള സൗദി സുഹൃത്ത് സുഹൈബ് നൂറുദ്ദീനും ഒന്നിച്ചാണ് നഗരം ചുറ്റാനിറങ്ങിയത്. ആത്മീയ സഞ്ചാരികളുടെ പറുദീസയായ ടോക്കിയോയുടെ വടക്കുകിഴക്ക് സ്ഥിതിചെയ്യുന്ന അസകുസ നഗരം ലക്ഷ്യം വെച്ചായിരുന്നു ഞങ്ങളുടെ ആദ്യയാത്ര. ടോക്കിയോ നഗരത്തിൽ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന പട്ടണമാണ് അസകുസ. ഒരു വർഷത്തിൽ രണ്ടു കോടിയിലധികം ആളുകളാണ് ഇവിടേക്കെത്തുന്നത്. ക്ഷേത്രങ്ങൾ, ഉത്സവങ്ങൾ, കരകൗശലവസ്തുക്കൾ, റിക്ഷകൾ, കിമോണൊ എന്നിവ ഇവിടത്തെ വലിയ ആകർഷകങ്ങളാണ്. ജപ്പാനിലെ ഏറ്റവും പഴയ കച്ചവടത്തെരുവായ നകാമിസ് ഡോറി ഷോപ്പിംഗ് സ്ട്രീറ്റ് ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. തൊണ്ണൂറോളം ഷോപ്പുകളുള്ള നകാമിസ് ഡോറിൽ പരമ്പരാഗത ജാപ്പനീസ് കരകൗശല വസ്തുക്കളും സുവനീറുകളും സ്വാദിഷ്ടമായ ലഘുഭക്ഷണങ്ങളും ലഭ്യം. 


ടോക്കിയോയിലെ ക്ഷേത്രങ്ങളിൽ ഏറ്റവും പ്രശസ്തമാണ് അസകുസയിലെ ബുദ്ധമതക്കാരുടെ സെൻസൂജിയും ഷിന്റോ മതക്കാരുടെ മെയ്ജി ജിങ്കുവും. നൂറ്റിഎഴുപത് ഏക്കറോളം വ്യാപിച്ചു കിടക്കുന്ന ഒരു വനത്തിൽ സ്ഥിതിചെയ്യുന്ന മെയ്ജി ക്ഷേത്രം ആധുനിക ജപ്പാനിലെ ആദ്യ ചക്രവർത്തിയായിരുന്ന മെയ്ജിയുടെയും ഷോകെൻ രാജ്ഞിയുടെയും ഓർമക്കായി നിർമിച്ചതാണ്. സെൻസൂജി ക്ഷേത്രത്തിന് 1300 വർഷത്തിലധികം പഴക്കമുണ്ട്. വലിയ ചുവന്ന വിളക്കുള്ള കാമിനാരിമോൻ എന്ന പേരിലറിയപ്പെടുന്ന അതിന്റെ പ്രവേശന കവാടവും ഏറെ പ്രസിദ്ധമാണ്. ഏകദേശം 700 കിലോഗ്രാം ഭാരമുള്ള ഒരു റാന്തൽ വിളക്ക് കൊണ്ട് അലങ്കരിക്കപ്പെട്ട തണ്ടർ ഗേറ്റ് എന്നറിയപ്പെടുന്ന കവാടം അസകുസയുടെ അടയാളങ്ങളിലൊന്നാണ്. ക്ഷേത്രത്തിന്റെ ഈ വലിയ കവാടത്തിൽ ഫോട്ടോയെടുക്കാൻ ടൂറിസ്റ്റുകളുടെ വലിയ തിരക്കു കാണാം. പാടുപെട്ടാണെങ്കിലും ഞങ്ങളും എടുത്തു കുറച്ചു ഫോട്ടോകൾ. 
ഐതിഹ്യ പ്രകാരം രണ്ട് സഹോദരന്മാർ മത്സ്യബന്ധനത്തിനിടെ സുമിദ നദിയിൽ ഒരു സ്വർണ പ്രതിമ കണ്ടെത്തി. അവർ പ്രതിമയെ വീണ്ടും വെള്ളത്തിലേക്കു തന്നെ ഇട്ടെങ്കിലും വീണ്ടും വീണ്ടും വലയിൽ കുടുങ്ങി അവരുടെ കൈകളിലേക്കു തന്നെ തിരിച്ചെത്തി. തുടർന്ന് അന്നത്തെ ചെറിയ ഗ്രാമമായ അസാകുസയുടെ തലവനെ ഏൽപിക്കുകയും തന്റെ സ്വന്തം വീട് ഒരു ദേവാലയമാക്കി പുനർനിർമിക്കാൻ അദ്ദേഹം തീരുമാനിക്കുകയുമായിരുന്നു. ഇന്നത് കമിനാരിമോൻ കവാടവും നകാമീസ് ഷോപ്പിംഗ് തെരുവീഥിയും കോമഗറ്റാടോ പ്രാർഥനാ ഹാളും അഞ്ചുനില പഗോഡയുമടങ്ങുന്ന വലിയൊരു കെട്ടിട സമുച്ചയമാണ്. ജാപ്പനീസ് പരമ്പരാഗത വിശ്വാസങ്ങളിൽ വിചിത്രമായ ചില ആചാരങ്ങൾ ഞങ്ങൾക്കവിടെ കാണാനായി. 
അതിൽ പ്രധാനപ്പെട്ടതാണ് 'ഒമികുചി'. ക്ഷേത്രത്തിന്റെ കവാടത്തിനടുത്ത് പ്രത്യകം തയാറാക്കപ്പെട്ട ബോക്‌സുകളിൽ നിന്നു ചെറിയ തുക നൽകി ലഭിക്കുന്ന നമ്പർ നോക്കി മുകളിലായി ആ നമ്പറിനോടു യോജിച്ച മറ്റൊരു ബോക്‌സിൽ നിന്ന് ഭാഗ്യം പ്രവചിക്കുന്ന കടലാസുകൾ ലഭിക്കും. അതിൽ പറയുന്ന കാര്യങ്ങൾ നല്ലതാണെങ്കിൽ വീട്ടിലേക്കു കൊണ്ടുപോകാം, അല്ലെങ്കിൽ അവിടെയുള്ള ബോർഡിൽ കെട്ടിയിടണം. അങ്ങനെ ചെയ്താൽ അതിൽ പറഞ്ഞിരിക്കുന്ന ദുർഘടങ്ങളെല്ലാം ദൈവാനുഗ്രഹത്താൽ മാറിക്കിട്ടുമെന്നുമാണ് വിശ്വാസം. പരമ്പരാഗത വസ്ത്രമായ കിമോണോ (കിമോണ) ധരിച്ചാണ് ജാപ്പനീസ് സ്ത്രീകൾ ദൈവത്തെ തൊഴാനെത്തുന്നത്.
അംബരചുംബികളായ കെട്ടിടങ്ങൾ കൊണ്ട് വീർപ്പുമുട്ടുന്ന ടോക്കിയോ നഗര ജീവിതത്തിൽ പ്രകൃതിയോടു ചേർന്നുല്ലസിക്കാൻ ഞങ്ങൾ തെരഞ്ഞെടുത്തത് ഷിൻജുകു സ്‌റ്റേഷനിൽ നിന്ന് അൽപം അകലെയായി സ്ഥിതിചെയ്യുന്ന ജയോൺ പാർക്കാണ്. പാർക്കിന്റെ വിശാലമായ പുൽത്തകിടികൾ, വളഞ്ഞുപുളഞ്ഞ നടപ്പാതകൾ, ശാന്തമായ പ്രകൃതിദൃശ്യങ്ങൾ എന്നിവ ചുറ്റുമുള്ള തിരക്കേറിയ നഗര ജീവിതത്തിൽ നിന്ന് ആശ്വാസം നൽകുന്നു. വസന്തകാലത്ത് ഷിൻജുകു ജയോൺ ചെറിപ്പൂക്കൾ കാണാൻ നഗരത്തിലെ ഏറ്റവും സുന്ദരമായൊരിടമാണ്. ഒരു ഡസനിലധികം വ്യത്യസ്ത ഇനങ്ങളിലുള്ള ധാരാളം ചെറിമരങ്ങളാണ് ഷിൻജുകു ജയോണിലുള്ളത്. മാർച്ച് അവസാനം മുതൽ ഏപ്രിൽ ആദ്യം വരെ, പൂന്തോട്ടത്തിന് ചുറ്റും 400 ലധികം സോമി യോഷിനോ മരങ്ങൾ ടോക്കിയോയിലെ പുൽത്തകിടികളെ ഏറ്റവും ജനപ്രിയവും മനോഹരവുമായ ഹനാമി സ്‌പോട്ടുകളിൽ ഒന്നാക്കി മാറ്റുന്നു. ഇലകൾ പൊഴിയുന്ന ശരത്കാലത്തിലായിരുന്നു ഞങ്ങളുടെ സന്ദർശനം. ഷിൻജുകു ജയോൺ അതിന്റെ സൗന്ദര്യത്തിന്റെ സുന്ദര പുടവയണിയുന്ന സമയമാണിത്. നിറങ്ങൾ മാറുന്ന വിവിധയിനം മരങ്ങളുടെ ഇടതൂർന്ന മരച്ചില്ലകൾക്കിടയിലൂടെ ഒഴുകിയെത്തുന്ന മന്ദമാരുതന് താളം പിടിക്കുന്ന വിവിധയിനം പറവകളെക്കൊണ്ട് ശ്രവണ സുന്ദരമാണ് ഈ പാർക്ക്. തിരക്കൊഴിഞ്ഞ് കൂട്ടുകാരും വീട്ടുകാരുമൊന്നിച്ചു പ്രകൃതിയിലേക്കു ലയിക്കാൻ ഇവിടെ എത്തുന്നവർ കുറച്ചൊന്നുമല്ല. തിരക്കുപിടിച്ച ഷെഡ്യൂളിനിടയിൽ മടക്കയാത്രയുടെ തലേ ദിവസമാണ് ഉയനോ ഡിസ്ട്രിക്ട് സന്ദർശിക്കാനവസരമുണ്ടായത്. സഞ്ചാരികൾക്ക് അനന്തമായ കാഴ്ചകളാണ് ഉയനോ സമ്മാനിക്കുക. ചെറി മരങ്ങൾ കൊണ്ട് അലംകൃതമായ വിശാലമായ ഉദ്യാനങ്ങളോടു കൂടിയ ഉയനോ പാർക്കാണ് ഇവിടെത്തെ പ്രധാന ആകർഷണം. ടോക്കിയോ നാഷണൽ മ്യൂസിയം, നാഷണൽ മ്യൂസിയം ഫോർ വെസ്‌റ്റേൺ ആർട്ട്, ടോക്കിയോ മെട്രോപൊളിറ്റൻ ആർട്ട് മ്യൂസിയം, നാഷണൽ സയൻസ് മ്യൂസിയം എന്നിങ്ങനെ നിരവധി വ്യത്യസ്ത മ്യൂസിയങ്ങൾ യുനോ പാർക്കിൽ ഉണ്ട്. ഇവയെല്ലാം അതിശയിപ്പിക്കുന്ന നിർമാണ കല കൊണ്ട് അതിശയിപ്പിക്കുന്നതാണ്. കുടുംബ സൗഹൃദമായ ഈ ഉദ്യാനം ഒരു ദിവസം മുഴുവൻ ചുറ്റിക്കറങ്ങിയാലും അത്ഭുത കാഴ്ചകൾ പിന്നെയും ബാക്കിയാകും. 
യുനെസ്‌കോയുടെ ലോക പൈതൃക ലിസ്റ്റിൽ ചേർക്കപ്പെട്ട നാഷണൽ മ്യൂസിയം ഓഫ് വെസ്‌റ്റേൺ ആർട്ട് ജപ്പാനിലെ പബ്ലിക് ആർട്ട് ഗാലറിയാണ്. വിഖ്യാത അന്തർദേശീയ കലകളാൽ അലങ്കരിക്കപ്പെട്ട ഈ മ്യൂസിയത്തിന്റെ കെട്ടിടം പോലും അതിശയിപ്പിക്കുന്ന കലാസൃഷ്ടിയാണ്. തൊട്ടടുത്തായി സ്ഥിതിചെയ്യുന്ന, 1872 ൽ തുറന്നു പ്രവർത്തിച്ച ടോക്കിയോ നാഷണൽ മ്യൂസിയം ജാപ്പനീസ് ചരിത്രത്താലും സംസ്‌കാരത്താലും സമൃദ്ധമാണ്. ജപ്പാനെക്കുറിച്ചു കൂടുതൽ പഠിക്കാനാഗ്രഹിക്കുന്നവർ സന്ദർശിച്ചിരിക്കേണ്ട ഒരു പ്രധാന സ്ഥലമാണിത്. ഉയനൊ പാർക്കിന്റെ വടക്കുകിഴക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന നാഷണൽ മ്യൂസിയം ഓഫ് നേച്ചർ ആന്റ് സയൻസ് വൈവിധ്യമാർന്ന പ്രദർശനങ്ങളെക്കൊണ്ട് സമൃദ്ധമാണ്. ചരിത്രാതീത കാലത്തെ ഫോസിലുകളും ദിനോസർ മാതൃകകളും മുതൽ സംവേദനാത്മക സാങ്കേതിക ഉപകരണങ്ങൾ വരെ ഇവിടെ പ്രദർശിപ്പിക്കപ്പെട്ടിട്ടുണ്ട്. 
35 ഏക്കറോളം പരന്നുകിടക്കുന്ന ജപ്പാനിലെ ഏറ്റവും പ്രശസ്തമായ മൃഗശാലയാണ് ഉയനൊ മൃഗശാല. ലോകത്തിലെ ഏറ്റവും അപൂർവമായ മൂന്ന് മൃഗങ്ങളായ ജയന്റ് പാണ്ട, ഒകാപി, പിഗ്മി ഹിപ്പോ എന്നിവയുൾപ്പെടെ ഏകദേശം 350 വ്യത്യസ്ത ഇനങ്ങളിലുള്ള 2500 മൃഗങ്ങൾ ഈ മൃഗശാലയിലെ അന്തേവാസികളാണ്. വിശാലമായി പരന്നുകിടക്കുന്ന മൃഗശാല അതിന്റെ മനോഹരമായ നിർമിതി കൊണ്ടും നയനാന്ദകരമായ കാഴ്ചകൾ കൊണ്ടും ആകർഷണീയമാണ്.
അതേ, നിശ്ചയദാർഢ്യത്തിന്റെ മറ്റൊരു പേരാണ് ജപ്പാൻ. രണ്ടാം ലോകമഹായുദ്ധത്തിന്റെ ചാരക്കൂനയിൽനിന്ന് അവർ ഒരു ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയർത്തെണീറ്റിരിക്കുന്നു. സാങ്കേതിക വിദ്യയുടെ അത്ഭുതങ്ങൾ മാത്രമല്ല, പരസ്പര ബഹുമാനം, സഹജീവി സ്‌നേഹം, സത്യസന്ധത, വൃത്തി തുടങ്ങിയ മാനുഷിക മൂല്യങ്ങൾ ഉത്തരവാദിത്തമായി കൊണ്ടു നടക്കുന്നവരാണ് ജപ്പാനികൾ. ഒരു മാസത്തോളം ഇവരൊന്നിച്ചുള്ള സഹവാസം പുതിയ പാഠങ്ങളാണ് ജീവിതത്തിന് നൽകിയത്. 
മടക്കയാത്രക്കായി നരിത എയർപോർട്ടിലെത്തി എയർക്രാഫ്റ്റിലിരിക്കുമ്പോഴും ടോക്കിയോയുടെ പ്രശസ്തമായ ഷോപ്പിംഗ് വിനോദ നഗരമായ ഗിൻസയുടെയും സംസ്‌കാരത്തിന്റെയും ഫാഷന്റെയും കേന്ദ്രമായ ഷിബുയയുടെയും ഓട്ടാകു സംസ്‌കാരത്തിന്റെ ആസ്ഥാനമായ അക്കിഹബാരയുടെയും നഗരവീഥികളിലൂടെ അറിയാതെ സഞ്ചരിക്കുകയായിരുന്നു ഞാൻ.
(അവസാനിച്ചു)

Latest News