Sorry, you need to enable JavaScript to visit this website.

മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് പെൺകുട്ടിയുടെ മരണം; വിദഗ്ധർ പറയുന്നത്

ആദിത്യശ്രീ

തൃശൂർ- മൊബൈൽ പൊട്ടിത്തെറിച്ച് അപകടം സംഭവിക്കുന്നത് വളരെ അപൂർവമായി മാത്രം സംഭവിക്കാവുന്നതാണെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഇത്തരം അപകടങ്ങളിലൊന്നാണ് തിരുവില്വാമലയിലുണ്ടായിരിക്കുന്നത്. കുട്ടികൾ കൈകാര്യം ചെയ്യുമ്പോഴും മുതിർന്നവർ ഉപയോഗിക്കുമ്പോഴും അപകടമുണ്ടാകും.
മൊബൈൽ ഫോൺ ചാർജ് ചെയ്തുകൊണ്ടിരിക്കെ ഉപയോഗിക്കുമ്പോൾ അപകട സാധ്യതയേറെയാണ്. എന്നാൽ അവധിക്കാലത്ത് രാവിലെ മുതൽ ഫോൺ ഉപയോഗിക്കുന്നതിനാൽ ചാർജ് പെട്ടെന്ന് കഴിയും. അപ്പോൾ പലരും ചാർജ് ചെയ്ത് ഫോൺ ഉപയോഗിക്കും. റേഞ്ച് ഇല്ലാത്ത സ്ഥലത്ത് ഫോൺ ഉപയോഗിക്കുമ്പോൾ ബാറ്ററി പെട്ടന്ന് ഹീറ്റാകാൻ സാധ്യത കൂടുതലാണ്. നല്ല ഫോണുകൾ, നല്ല ബാറ്ററികൾ എന്നിവ ഉപയോഗിക്കുക. ഫോണിനും ഇടയ്ക്ക് വിശ്രമം കൊടുക്കുക. കുട്ടികൾക്ക് ഇന്നത്തെ കാലത്ത് ഫോൺ കൊടുക്കാതിരിക്കാൻ സാധിക്കില്ല. എങ്കിലും ഉപയോഗം നിയന്ത്രിക്കാൻ ശ്രമിക്കുക.
അതേസമയം, മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ടുവയസുകാരി മരിച്ച സംഭവം രക്ഷിതാക്കളെ ആകമാനം ഭീതിയിലാഴ്ത്തി. വാട്സാപ്പുകളിലും ഫെയ്സ്ബുക്കിലുമെല്ലാം തിരുവില്വാമല സ്ഫോടന വാർത്ത വലിയ തോതിലാണ് ഷെയർ ചെയ്യപ്പെടുന്നത്. കുട്ടികൾക്ക് മൊബൈൽ കൊടുക്കരുതെന്ന ഉപദേശത്തോടെയാണ് ഇത് ഷെയർ ചെയ്യുന്നത്.
ഓൺലൈൻ ക്ലാസും മറ്റുമുള്ള കുട്ടികൾക്ക് ഫോൺ കൊടുക്കാതിരിക്കുന്നതെങ്ങിനെയെന്ന ചോദ്യവും കൊടുത്താൽ അപകടമുണ്ടാകുമോ എന്ന ആശങ്കയും ഭയപ്പാടും രക്ഷിതാക്കൾക്കുണ്ട്.
വെക്കേഷൻ ആയതോടെ മൊബൈൽ ഫോണിൽ വീഡിയോ കാണുകയും ഗെയിം കളിക്കുകയും ചെയ്യുന്ന കുട്ടികളുടെ എണ്ണത്തിൽ വൻ വർധനവാണുണ്ടായിരിക്കുന്നത്.
ഇന്നലെ രാത്രിയാണ് തൃശൂർ തിരുവില്വാമലയിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ട് വയസുകാരി മരിച്ചത്. മുൻ പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം പട്ടിപ്പറമ്പ് കുന്നത്ത് വീട്ടിൽ അശോക് കുമാറിന്റെയും തിരുവില്വാമല സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ സൗമ്യയുടെയും ഏകമകളായ ആദിത്യശ്രീ ( 8) ആണ് മരിച്ചത്. മൊബൈൽ ഫോണിൽ വീഡിയോ കാണുന്നതിനിടെ ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നു. തിരുവില്വാമല ക്രൈസ്റ്റ് ന്യൂ ലൈഫ് സ്‌കൂളിലെ മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ് ആദിത്യശ്രീ.
 പഴയന്നൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വീടിനുള്ളിൽ നിന്ന് സ്ഫോടന ശബ്ദം കേട്ടതായി പരിസരവാസികൾ പറഞ്ഞു. തിങ്കളാഴ്ച  രാത്രി പത്തോടെയാണ് അപകടം ഉണ്ടായത്. ഈ സമയത്ത് കുട്ടിയും മുത്തശിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മുറിയിൽ മുത്തശി ഉപയോഗിച്ചിരുന്ന ഓക്സിജൻ സിലിണ്ടർ ഉണ്ടായിരുന്നു. രാത്രി കുട്ടി മൊബൈൽ ഫോണിൽ വീഡിയോ കാണുന്നുണ്ടായിരുന്നു.ഫോൺ ചൂടായതിനെ തുടർന്നാണ് പൊട്ടിത്തെറിച്ചതെന്നു കരുതുന്നു. മുറിയിലുണ്ടായിരുന്ന ഓക്സിജൻ സിലിണ്ടറാണ് പൊട്ടിയതെന്നും സംശയമുണ്ടായിരുന്നെങ്കിലും ഫോൺ തന്നെയാണ് പൊട്ടിത്തെറിച്ചതെന്ന് ഫോറൻസിക് പരിശോധനയിൽ ഏറെക്കുറെ സ്ഥിരീകരിച്ചു.
 

Latest News