Sorry, you need to enable JavaScript to visit this website.

സബാഷ് തബസൂം, ഇതാണ് പ്രതികാരം, കർണാടകയിലെ ഹിജാബ് പോരാളിയുടെ ത്രസിപ്പിക്കുന്ന വിജയം

ബംഗളൂരു- കഴിഞ്ഞ വർഷം കർണാടകയിലെ തബസ്സൂം ഷൈഖ് ആഗോള മാധ്യമങ്ങളുടെ തലക്കെട്ടായിരുന്നു. കലാലയത്തിൽ ഹിജാബ് ധരിച്ച് പഠിക്കാൻ അനുവദിക്കില്ലെന്ന ഭരണകൂടത്തിന്റെ തീരുമാനത്തിന് എതിരെ പ്രതിഷേധിച്ചാണ് തബസൂം ഷൈഖ് ലോകമാധ്യമങ്ങളുടെ വാർത്തയായത്. കോളേജിലെ ഹിജാബ് വിരുദ്ധ നീക്കത്തിനെതിരെ പ്രതിഷേധിച്ച വിദ്യാർഥികളിൽ മുൻനിരയിലായിരുന്നു പതിനെട്ടുകാരിയായ തബസൂം ഷൈഖ്. എന്നാൽ അവഗണനക്കും പക്ഷപാതിത്വത്തിനുമെതിരായ ഏറ്റവും മികച്ച പ്രതികാരമാണ് വിജയം എന്ന് കാണിച്ചുകൊടുത്തിരിക്കുകയാണ് ഈ വിദ്യാർഥിനി. പ്രീ യൂണിവേഴ്‌സിറ്റി രണ്ടാം സെമസ്റ്റർ പരീക്ഷയിൽ ആർട്‌സ് സ്ട്രീമിൽ ഒന്നാമത് എത്തിയിരിക്കുകയാണ് തബസൂം ഷൈഖ്. 600-ൽ 593 മാർക്കുമായി. ഹിന്ദി, സൈക്കോളജി, സോഷ്യോളജി എന്നീ വിഷയങ്ങളിൽ നൂറു ശതമാനം മാർക്കും നേടി. 
ഹിജാബിനേക്കാൾ വിദ്യാഭ്യാസം തെരഞ്ഞെടുക്കാനായിരുന്നു താൻ തീരുമാനിച്ചതെന്ന് തബസൂം ഷൈഖ് പറഞ്ഞു. കോളേജിൽ ഹിജാബ് ഉപേക്ഷിച്ച് വിദ്യാഭ്യാസം തുടരാൻ ഞാൻ തീരുമാനിച്ചു. വിദ്യാഭ്യാസത്തിനായി ഞങ്ങൾ കുറച്ച് ത്യാഗങ്ങൾ ചെയ്യേണ്ടിവരുമെന്നും ഷൈഖ് ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
സമരത്തിനിറങ്ങിയതിനെ തുടർന്ന് പ്രതിസന്ധിയിലായ തബസൂമിന് പിന്തുണയുമായി ആ സമയത്തെല്ലാം പിതാവ് അബ്ദുൾ ഖൗം ഷെയ്ക്ക് കൂടെയുണ്ടായിരുന്നു. മറ്റ് തരത്തിലുള്ള കാര്യങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസത്തിന് മുൻഗണന നൽകാൻ താൻ എപ്പോഴും നിർദ്ദേശിക്കാറുണ്ടായിരുന്നു അദ്ദേഹം പറഞ്ഞു. ഹിജാബ് ധരിച്ച് ക്ലാസിൽ പോകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചവരിൽ തബസൂം ഷൈഖുമുണ്ടായിരുന്നു. 
കർണാടകയിലെ ഹിജാബ് വിഷയം നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന വിദ്യാർഥികളുടെ ഹരജി കർണാടക ഹൈക്കോടതി തള്ളിയിരുന്നു. തുടർന്ന്, കോടതിയുടെ ഉത്തരവ് അംഗീകരിച്ച് ഹിജാബ് ധരിക്കാതെ പഠനം പുനരാരംഭിച്ചതായി ഷെയ്ക്ക് പറഞ്ഞു. അതേസമയം, വിദ്യാർത്ഥിയുടെ ശ്രമങ്ങളെ പ്രശംസിച്ച് കോൺഗ്രസ് എം.പി ശശി തരൂർ പ്രശംസിച്ചു. വിജയമാണ് ഏറ്റവും നല്ല പ്രതികാരം' എന്ന് പറഞ്ഞ തരൂർ സബാഷ് തബസ്സും എന്ന് ട്വീറ്റ് ചെയ്തു.
 

Latest News