മോഡിയുടേത് വിലകുറഞ്ഞ രാഷ്ട്രീയപ്രസംഗം; കേരളത്തിന്റെ മതേതര ബോധത്തിന് വിലയിടാനാവില്ലെന്ന് കെ.സി വേണുഗോപാൽ

ന്യൂഡൽഹി - പ്രധാനമന്ത്രി കേരളത്തിലെ യുവത്വവുമായി സംവദിക്കുന്നുവെന്ന വ്യാജേന കൊച്ചിയിൽ സംഘടിപ്പിച്ച യുവം പരിപാടിയിൽ, നരേന്ദ്ര മോഡിയുടെ വിലകുറഞ്ഞ രാഷ്ട്രീയ പ്രസംഗത്തിന് അപ്പുറം കേരളത്തിലെ യുവജനതയ്ക്ക് പ്രതീക്ഷ പകരുന്ന യാതൊന്നും ഉണ്ടായില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു. 
 കൊച്ചി പരിപാടി വലിയ സംഭവമാണെന്നും പ്രതീക്ഷയാണെന്നും പറഞ്ഞുപരത്താനാണ് പ്രധാനമന്ത്രിയും ബി.ജെ.പിയും യുവാക്കൾക്കിടയിൽ ശ്രമിച്ചത്. ഇത് തന്നെയാണ് യുവജനതയോടുള്ള ബി.ജെ.പിയുടെ ശൈലിയും. ഓരോ വാഗ്ദാനങ്ങൾ നല്കുകയും പിന്നീട് അവരെ കബളിപ്പിക്കുകയുമാണ് കഴിഞ്ഞ ഒമ്പത് വർഷമായി ബി.ജെ.പി രാജ്യത്ത് തുടർന്നുകൊണ്ടിരിക്കുന്നത്. യുവം പരിപാടി ബി.ജെ.പിയുടെ വെറും രാഷ്ട്രീയ സമ്മേളനം മാത്രമായിരുന്നു.
 യുവാക്കളെ വഞ്ചിച്ച സർക്കാരാണ് മോഡിയുടെത്. രാജ്യത്ത് തൊഴിലില്ലായ്മ പാരമ്യത്തിലെത്തി നിൽക്കുമ്പോഴും തൊഴിൽ നല്കിയെന്ന നുണ പ്രചരിപ്പിക്കുകയാണ് മോഡി. മികച്ച ജീവിത സാഹചര്യവും തൊഴിലും തേടി ഇന്ത്യയുടെ യുവത്വം വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറുമ്പോഴും പൊള്ളയായ വാഗ്ദനങ്ങളിൽ കഴിയുകയാണ് പ്രധാനമന്ത്രി. ഇല്ലാത്തത് പെരുപ്പിച്ച് കാണിച്ചും യു.പി.എ സർക്കാരിന്റെ വികസന നേട്ടങ്ങളെ പേരുമാറ്റി തങ്ങളുടേതെന്ന് വരുത്തിതീർക്കുകയുമാണ് അദ്ദേഹം ചെയ്യുന്നത്. മതത്തിന്റെയും സമുദായത്തിന്റെയും പേരുപറഞ്ഞ് ജനങ്ങളെ തമ്മിലടിപ്പിച്ച് കേരളത്തിലൽ സംഘർഷം ഉണ്ടാക്കി സമാധാനാന്തരീക്ഷം തകർക്കാനുള്ള ബി.ജെ.പിയുടെ നീക്കം കേരളം തിരിച്ചറിയുന്നുണ്ട്. യുവാക്കളെ മാത്രമല്ല, കർഷകരെയും വഞ്ചിച്ച മോഡി കേരളത്തിൽ വന്നിട്ട് കർഷകർക്ക് ആശ്വാസം നല്ക്കുന്ന ഒരുവാക്കു പോലും പറഞ്ഞില്ല. മത ധ്രുവീകരണത്തിന് ശ്രമിക്കുന്ന മോഡിക്ക് കർഷക വിഷയങ്ങളിൽ തെല്ലും ആത്മാർത്ഥതയില്ല. കേരളത്തിൽ മോഡിയും ബി.ജെ.പിയും ന്യൂനപക്ഷ പ്രേമം വിളമ്പുമ്പോഴും സംസ്ഥാനത്തിന് പുറത്ത് അവർ പീഡിപ്പിക്കപ്പെടുമ്പോൾ വെറും കാഴ്ചക്കാരാവുകയാണ്. കേരളത്തിന്റെ വികസന സ്വപ്‌നങ്ങൾക്ക് നിറം പകരുന്ന ഒന്നും കൊച്ചി പ്രസംഗത്തിലില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
 പുൽവാമയിൽ ധീരജവാന്മാരെ ബലികൊടുത്ത നടപടിക്കെതിരായ ചോദ്യങ്ങളോടും അദാനിയുടെ ഷെൽ കമ്പനിയിലേക്ക് വന്ന 20,000 കോടി രൂപയുടെ നിക്ഷേപം സംബന്ധിച്ച ചോദ്യങ്ങളിലും മൗനം പാലിക്കുന്ന മോഡി കുഭംകോണങ്ങളെ കുറിച്ച് സംസാരിച്ച് സ്വയം പരിഹാസ്യനാവുകയാണെന്നും കേരളത്തിന്റെ മതനിരപേക്ഷ ബോധത്തിന് വിലയിടാൻ മോഡിക്കാവില്ലെന്നും കെ.സി വേണുഗോപാൽ ഓർമിപ്പിച്ചു.
 

Latest News