കൊച്ചി- ക്രൈസ്തവ സഭാ മത മേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏത് ആശങ്ക പരിഹരിക്കാനും തന്നെ എപ്പോള്‍ വേണമെങ്കിലും കാണാമെന്നും താന്‍ ഫ്രീയാണെന്നും അറിയിച്ചു. കൊച്ചിയിലെ താജ് മലബാര്‍ ഹോട്ടലിലായിരുന്നു കൂടിക്കാഴ്ച.
മതമേലധ്യക്ഷന്മാരുടെ പ്രാര്‍ഥനയും അനുഗ്രഹവുമാണ് തന്റെ ഊര്‍ജ്ജമെന്ന് പറയാനും പ്രധാനമന്ത്രി മറന്നില്ല.
കേന്ദ്ര സര്‍ക്കാര്‍ മത്സ്യമേഖലയ്ക്ക് നല്‍കുന്ന സഹായങ്ങള്‍ക്ക് ലത്തീന്‍ സഭ ആര്‍ച്ച് ബിഷപ്പ് പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ചു. മേഖലയുടെ വളര്‍ച്ചയ്ക്ക് സ്വീകരിച്ച നടപടികള്‍ ഫലപ്രദമാണെന്നും ലത്തീന്‍ സഭാ ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.
പ്രധാനമന്ത്രിയും സഭ അധ്യക്ഷന്മാരുമായുള്ള കൂടിക്കാഴ്ച സൗഹൃദപരമായിരുന്നുവെന്ന് ബി. ജെ. പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പ്രതികരിച്ചു. കൂടിക്കാഴ്ചയില്‍ നാടിന്റെ വികസനവും പുരോഗതിയും ചര്‍ച്ചയായി. രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ചയായില്ലെന്നും കെ. സുരേന്ദ്രന്‍ വ്യക്തമാക്കി.
ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷനും കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും വൈകിയെത്തിയതിനെ തുടര്‍ന്ന് ഇരുവരുമായും പ്രത്യേകമായാണ് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയത്. കേന്ദ്ര സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളെ സഭാധ്യക്ഷന്മാര്‍ അഭിനന്ദിച്ചു. പ്രധാനമന്ത്രിക്കൊപ്പം കെ. സുരേന്ദ്രന്‍, ഡോ. കെ. എസ്. രാധാകൃഷ്ണന്‍ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
പ്രധാനമന്ത്രിയുടെ ക്ഷണം മാര്‍ത്തോമ സഭ നിരസിച്ചിരുന്നു. പ്രധാനമന്ത്രിയുട ഓഫീസില്‍ നിന്ന് കൂടിക്കാഴ്ചക്ക് അനുമതി ലഭിച്ച ശേഷമായിരുന്നു സഭയുടെ പിന്മാറ്റം.