12 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരുതല്‍ തടങ്കലില്‍, പ്രതിഷേധിച്ചവരും അറസ്റ്റില്‍

കൊച്ചി-പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി കൊച്ചിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലാക്കി പൊലീസ്. ഫോര്‍ട്ട് കൊച്ചി, പള്ളുരുത്തി, കണ്ണമാലി എന്നീ പ്രദേശങ്ങളിലെ 12 കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് കരുതല്‍ തടങ്കലിലാക്കിയത്. കെപിസിസി സെക്രട്ടറി തമ്പി സുബ്രഹ്മണ്യം, ഡിസിസി സെക്രട്ടറി എന്‍ ആര്‍ ശ്രീകുമാര്‍, ഷെബിന്‍ ജോര്‍ജ്, അഷ്‌കര്‍ ബാബു, ബഷീര്‍ എന്നിവരും കസ്റ്റഡിയിലായവരുടെ കൂട്ടത്തിലുണ്ട്. ഇന്ന് പുലര്‍ച്ചെ പള്ളുരുത്തി പൊലീസ് പ്രവര്‍ത്തകരെ വീടുകളില്‍ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. യുവം പരിപാടി നടക്കുന്ന വേദിക്ക് പുറത്ത് പ്രതിഷേധ പ്രകടനം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും പോലീസ് അറസ്റ്റ് ചെയ്തു.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് നഗരത്തില്‍ കനത്ത സുക്ഷയാണ് ഒരുക്കിയിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഭാഗത്തു നിന്ന് പ്രതിഷേധമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പിനെ തുടര്‍ന്നാണ് പോലീസ് നേതാക്കളെ കരുതല്‍ തടങ്കലിലാക്കിയത്. ക്രിമിനല്‍ പശ്ചാത്തലമുള്ള മറ്റു ചിലര്‍ കൂടി കരുതല്‍ തടങ്കലിലുള്ളതായാണ് വിവരം. എറണാകുളത്തേക്കുള്ള എല്ലാ പ്രവേശന മാര്‍ഗങ്ങളിലും പോലീസ് സംശയമുള്ളവരെയെല്ലാം പോലീസിന്റെ പ്രത്യേക സ്‌ക്വാഡുകള്‍ പരിശോധിക്കുന്നുണ്ട്. സംശയം തോന്നിയാല്‍ ഉടന്‍ കസ്റ്റഡിയിലെടുക്കാനാണ് നിര്‍ദേശമുള്ളത്.
പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പുറത്തിറങ്ങിയാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വീട്ടില്‍ കിടന്നുറങ്ങാന്‍ പോലും കഴിയാത്ത സാഹചര്യമാണെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പുലര്‍ച്ചെ വീടുകളില്‍ നിന്ന് ഉറക്കത്തില്‍ കസ്റ്റഡിയിലെടുത്തത് മനുഷ്യാവകാശ ലംഘനമാണ്. യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിനു കെ വിന്‍സെന്റിനെ കണ്ണമാലി പോലീസ് സ്റ്റേഷനിലും, യൂത്ത് കോണ്‍ഗ്രസ് കൊച്ചി നിയോജകമണ്ഡലം പ്രസിഡണ്ട് ഷിബിന്‍ ജോര്‍ജിനെ കുമ്പളങ്ങി പോലീസ് സ്റ്റേഷനിലും, ഡിസിസി ജനറല്‍ സെക്രട്ടറി അജിത്ത് അമീര്‍ ബാവയെ തോപ്പുംപടി പോലീസ് സ്റ്റേഷനിലും, കെപിസിസി സെക്രട്ടറി തമ്പി സുബ്രഹ്മണ്യം, ഡിസിസി ജനറല്‍ സെക്രട്ടറി എന്‍ ആര്‍ ശ്രീകുമാര്‍, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ അഷ്‌കര്‍ ബാബു ,ആര്‍ ബഷീര്‍ എന്നിവരെ പള്ളുരുത്തി പോലീസ് സ്റ്റേഷനിലും ,ആണ് കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നത് . സുപ്രീം കോടതി വിധി പോലും കാറ്റില്‍ പറത്തിയാണ് പൊലീസ് പെരുമാറുന്നത്. ഇത് തുടരാനാണ് പൊലീസ് തീരുമാനമെങ്കില്‍ ശക്തമായ പ്രതിഷേധവും പ്രതിരോധവും ഉയര്‍ത്താന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതരാകും. ജനകീയ പ്രതിഷേധങ്ങള്‍ ജനാധിപത്യത്തിന്റെ ഭാഗമാണ്. അതിനെ ഭയക്കുന്നവര്‍ ജനാധിപത്യത്തെയും ജനങ്ങളെയും ഭയക്കുന്നവരാണ്. പൊലീസ് അമിതഭക്തി കാട്ടുകയാണ്. പിണറായി വിജയന്റെ പ്രീതി പിടിച്ചു പറ്റാന്‍ പൊലീസ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുവാക്കുകയാണ്. ഇത് തുടര്‍ന്നാല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും പൊലീസ് നടപടിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും മുഹമ്മദ് ഷിയാസ് മുന്നറിയിപ്പ് നല്‍കി.

 

Latest News