കൊല്‍ക്കത്ത- ചൈനയില്‍ നടത്താനിരുന്ന ഒമ്പത് ദിവസത്തെ സന്ദര്‍ശനം അവസാന നിമിഷം പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി റദ്ദാക്കി. കമ്മ്യൂണിസ്റ്റ് നേതാക്കളുമായി ഉചിതമായ തരത്തിലുള്ള കൂടിക്കാഴ്ച ഉറപ്പാക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് പുറപ്പെടാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ സന്ദര്‍ശനം വേണ്ടെന്നുവെച്ചത്. വെള്ളിയാഴ്ച രാത്രിയാണ് മമതാ ബാനര്‍ജി ചൈനീസ് തലസ്ഥാനമായ ബെയ്ജിംഗിലേക്ക് പുറപ്പെടേണ്ടിയിരുന്നത്.
ഉച്ചക്ക് രണ്ടരയോടെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ പൊടുന്നനെ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ധമന്ത്രി അമിത് മിത്രയാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശന പരിപാടി റദ്ദാക്കിയ വിവരം അറിയിച്ചത്. കഴിഞ്ഞ ദിവസം വരെ എല്ലാം നല്ല നിലയിലായിരുന്നു. എന്നാല്‍ കമ്മ്യൂണിസ്റ്റ് നേതാക്കളുമായി ഉചിതമായ തലത്തിലുള്ള രാഷ്ട്രീയ കൂടിക്കാഴ്ച ഉറപ്പുനല്‍കാന്‍ ചൈനീസ് അധികൃതര്‍ക്ക് സാധിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. എഴുതിത്തയറാക്കിയ പ്രസ്താവന ധനമന്ത്രി വായിക്കുകയായിരുന്നു.
വിദേശ മന്ത്രി സുഷമാ സ്വരാജ് സ്ഥലത്തില്ലാത്തതിനാല്‍ യാത്ര റദ്ദാക്കിയ വിവരം വിദേശകാര്യ സെക്രട്ടറി വി.കെ. ഗോഖലയെ അറിയിച്ചതായും അമിത് മിത്ര പറഞ്ഞു.
രാഷ്ട്രീയ നേതൃത്വവുമായുള്ള കൂടിക്കാഴ്ച ചൈനീസ് അധികൃതര്‍ ഉറപ്പു നല്‍കാതിരിക്കെ യാത്രകൊണ്ട് കാര്യമില്ലെന്ന് ഇതിനു പിന്നാലെ മമതാ ബാനര്‍ജി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത സന്ദേശങ്ങളില്‍ പറഞ്ഞു. പ്രതിനിധി സംഘത്തിനു നേതൃത്വം നല്‍കി ചൈനയിലേക്ക് പോകാനിരുന്നത് ആശയ വിനിമയ പരിപാടിയുടെ അടിസ്ഥാനത്തിലാണെന്നും അതിനു സ്ഥിരീകരണമില്ലാതിരിക്കെ പോകുന്നതില്‍ കാര്യമില്ലെന്നും മമത പറഞ്ഞു. അതേസമയം, ഇന്ത്യയും ചൈനയും തമ്മിലുള്ള സൗഹൃദം തുടരണമെന്നും ഇരു രാജ്യങ്ങള്‍ക്കും ഫലപ്രദമാകുന്ന തരത്തില്‍ അത് ശക്തിപ്പെടണമെന്നും മമത അഭിപ്രായപ്പെട്ടു.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രാജ്യാന്തര വിഭാഗവുമായി ചര്‍ച്ച നടത്തുന്നതിന് ചൈന സന്ദര്‍ശിക്കാന്‍ കഴിഞ്ഞ മാര്‍ച്ചിലാണ് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് മമതാ ബാനര്‍ജിയോട് ആവശ്യപ്പെട്ടിരുന്നത്.
സന്ദര്‍ശന പരിപാടി വിജയമാക്കുന്നതിന് ചൈനയിലെ ഇന്ത്യന്‍ അംബാസഡര്‍ ഗൗതം ബംബാവാലെ പരമാവധി ശ്രമം നടത്തിയിരുന്നു. എന്നാല്‍ കൂടിക്കാഴ്ചകള്‍ക്കായി ഇന്ത്യ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ അംഗീകരിക്കാന്‍ ചൈന തയാറായില്ല.
ചൈന സന്ദര്‍ശിക്കാനുള്ള മമതയുടെ പദ്ധതി ആദ്യമായല്ല കുഴപ്പത്തിലാകുന്നത്. വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിനായി കഴിഞ്ഞ വര്‍ഷം അവര്‍ ചൈനയില്‍ നടത്താനിരുന്ന സന്ദര്‍ശനം ദോക് ലാം പ്രതിസന്ധി കാരണം മുടങ്ങിയിരുന്നു. ആ സമയത്ത് ചൈനയില്‍ പോകേണ്ടെന്ന് കേന്ദ്ര വിദേശ മന്ത്രാലയം നിര്‍ദേശിക്കുകയായിരുന്നു. ഷങ്ഹായിയില്‍ ചൈനീസ് വ്യവസായികളുമായി ചര്‍ച്ച നടത്താന്‍ ഇക്കുറി അവസരം ലഭിക്കുമെന്ന് മമത കണക്കു കൂട്ടിയിരുന്നു. മമതയുടെ സന്ദര്‍ശന കാര്യങ്ങളില്‍ ഇടപെട്ടിരുന്ന കൊല്‍ക്കത്തയിലെ ചൈനീസ് കോണ്‍സുലേറ്റ് പര്യടനം റദ്ദാക്കിയ കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.