Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കേരളത്തില്‍ ചിലര്‍ രാവും പകലും അധ്വാനിക്കുന്നത് സ്വര്‍ണം കടത്താനെന്ന് മോഡി

കൊച്ചി- കേന്ദ്ര സര്‍ക്കാര്‍ കയറ്റുമതി വര്‍ധിപ്പിക്കാന്‍ ശ്രമം നടത്തുമ്പോള്‍ കേരളത്തില്‍ ചിലര്‍ സ്വര്‍ണക്കടത്ത് നടത്താനാണ് രാവും പകലും അധ്വാനിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. കൊച്ചിയില്‍ നടന്ന യുവം23 പരിപാടിയില്‍ സംസാരിക്കവെയാണ് പ്രധാനമന്ത്രിയുടെ സ്വര്‍ണക്കടത്ത് പരാമര്‍ശം. സ്വര്‍ണക്കടത്ത് പോലെയുള്ള കാര്യങ്ങള്‍ യുവാക്കളില്‍നിന്ന് മറച്ചുവെക്കാനാകില്ല. അധികാരത്തിലിരിക്കുന്നവര്‍ ചെറുപ്പക്കാരുടെ ഭാവികൊണ്ട് പന്താടുന്നത് എങ്ങനെയാണെന്ന് യുവാക്കള്‍ക്ക് നന്നായറിയാമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കേരള സര്‍ക്കാരിനേയും പ്രതിപക്ഷത്തേയും മോഡി പ്രസംഗത്തില്‍ വിമര്‍ശിച്ചു.
കൊറോണ കാലത്ത് കേരളം വലിയ ബുദ്ധിമുട്ടിലൂടെയാണ് കടന്നുപോയത്. അത് മനസിലാക്കിയാണ് കേന്ദ്ര സര്‍ക്കാര്‍ സൗജന്യ റേഷനും സൗജന്യ വാക്‌സിനും നല്‍കിയത്. കേന്ദ്ര സര്‍ക്കാര്‍ ഇന്നും ജനങ്ങള്‍ക്ക് സൗജന്യമായി വീട് നല്‍കുന്നു. മുദ്ര വായ്പ ലഭ്യമാക്കുന്നു. ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിനും ജനങ്ങള്‍ക്ക് സ്വന്തം കാലില്‍ നില്‍ക്കാനുള്ള കഴിവ് നല്‍കുന്നതിനും വേണ്ടിയാണിത്. കേരളത്തിലും അടിസ്ഥാന സൗകര്യ വികസന രംഗത്ത് കുതിപ്പുണ്ടായി. കണ്ണൂരിലും കൊച്ചിയിലും വിമാനത്താവളങ്ങള്‍ വന്നു. തിരുവനന്തപുരം വിമാനത്താവളം വികസിപ്പിച്ചു. കൊച്ചി മെട്രോ വികസനത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ തുടരുന്നു.
കേരളത്തിലെ വന്ദേ ഭാരത് എക്‌സ്പ്രസ് നാളെ ഓടിത്തുടങ്ങും. മത്സ്യമേഖലയുടെ ആധുനികവത്കരണത്തിന് കേന്ദ്ര സര്‍ക്കാര്‍ പ്രാധാന്യം നല്‍കി. കേരളത്തില്‍ 800 കോടിയുടെ സഹായം നല്‍കി. മത്സ്യമേഖലയ്ക്ക് പ്രത്യേക വകുപ്പ് രൂപവത്കരിച്ചു. കിസാന്‍ ക്രെഡിറ്റ് കാര്‍ഡില്‍ മത്സ്യമേഖലയെക്കൂടി ഉള്‍പ്പെടുത്തി. കേന്ദ്ര സേനകളില്‍ ജോലി ലഭിക്കുന്നതിനുള്ള പരീക്ഷകള്‍ 13 ഭാഷകളില്‍ എഴുതാന്‍ അവസരം ഒരുക്കി. കേരളത്തിലെ ചെറുപ്പക്കാര്‍ക്ക് ഇനി മലയാളത്തിലും പരീക്ഷ എഴുതി ജോലിനേടാം. എന്നാല്‍ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്നതിലല്ല കേരള സര്‍ക്കാരിന്റെ ശ്രദ്ധ. തൊഴില്‍ മേളകള്‍ നടത്തുന്നതിനോ സര്‍ക്കാര്‍ ഒഴിവുകള്‍ നികത്തുന്നതിനോ കേരളത്തിലെ സര്‍ക്കാരിന് താത്പര്യമില്ല. കേരളത്തിലെ ചെറുപ്പക്കാര്‍ക്ക് ഇതൊന്നും മറക്കാനാവില്ല.

നിരവധി വര്‍ഷങ്ങളായി കേരളത്തിലെ ജനങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ നിഷേധിക്കപ്പെടുന്നു. രണ്ടുകൂട്ടര്‍ ചേര്‍ന്ന് കേരളത്തിലെ ജനങ്ങളെ കുരുതികൊടുക്കുകയാണ്. കേരളത്തെ അഴിമതിയുടെ കൂത്തരങ്ങാക്കുന്നു. ഇങ്ങനെ ചെയ്യുന്ന രണ്ട് ആശയങ്ങളെയും പരാജയപ്പെടുത്തേണ്ട സമയമായിരിക്കുന്നു. ഭാരതീയ യുവാക്കളും ബിജെപിയും ഒരേ കാഴ്ചപ്പാട് പിന്തുടരുകയാണ്. പരിവര്‍ത്തനം സൃഷ്ടിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ യുവാക്കളോട് ചേര്‍ന്നുനില്‍ക്കുന്നു. യുവാക്കളുടെ നേതൃത്വത്തിലുള്ള വികസനം സാധ്യമാക്കുന്നു. മുന്‍ സര്‍ക്കാരുകള്‍ കുംഭകോണങ്ങളുടെ പേരിലാണ് അറിയപ്പെട്ടിരുന്നത്. എന്നാല്‍, ബിജെപി സര്‍ക്കാര്‍ യുവാക്കള്‍ക്ക് അവസരങ്ങള്‍ സൃഷ്ടിക്കുന്നു. പ്രാദേശിക ഉത്പന്നങ്ങള്‍ക്ക് പ്രചരണം നല്‍കി. ബഹിരാകാശ മേഖലയിലും പ്രതിരോധ മേഖലയിലും യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. ഉത്പാദനം വര്‍ധിപ്പിച്ചു. കേരളത്തിലും രാജ്യത്തും ദേശീയപാതകള്‍, റെയില്‍വെ, ജലപാതകള്‍ വ്യോമഗതാഗതം എന്നീ മേഖലകളില്‍ ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു-പ്രധാനമന്ത്രി പറഞ്ഞു.

 

Latest News