മാറിച്ചിന്തിക്കാൻ കേരളത്തിന് സമയമായെന്ന് പ്രധാനമന്ത്രി

കൊച്ചി- ലോകത്തെ മാറ്റിമറിക്കാന്‍ കഴിയുന്ന ശക്തിയായി ഇന്ത്യ മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. ഭാരതത്തിന്റെ നൂറ്റാണ്ടാണിത്. ആത്മനിര്‍ഭര്‍ ഭാരതിലൂടെയും ഡിജിറ്റല്‍ ഇന്ത്യയിലൂടെയും സ്വയം പര്യാപ്തതയുടെ നാടായി ഇന്ത്യ മാറിയെന്നും അതില്‍ ഇന്ത്യയുടെ യുവാക്കള്‍ പങ്കാളിത്തം വഹിച്ചതായും പ്രധാനമന്ത്രി പറഞ്ഞു.
തേവര എസ്.എച്ച് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച യുവം സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഒരു കാലത്ത് ഇന്ത്യയെ കണക്കാക്കിയിരുന്നത് ഏറ്റവും ദുര്‍ബലമായ സമ്പദ് വ്യവസ്ഥയായിട്ടാണ്. ഇന്നങ്ങനെയല്ല, അത് യാഥാര്‍ഥ്യമാക്കിയത് യുവാക്കളാണ്. നിങ്ങളിലാണ് ഈ രാജ്യത്തിന്റെ പ്രതീക്ഷ. നാടിന്റെ വികസനത്തിനായുള്ള ദൃഢസങ്കല്‍പവുമായി യുവാക്കള്‍ മുന്നോട്ടു പോകുന്നതായി പ്രധാനമന്ത്രി പറഞ്ഞു.

പാര്‍ട്ടി താല്‍പര്യങ്ങള്‍ക്ക് മാത്രം മുന്‍തൂക്കം നല്‍കുന്ന ഒരുകൂട്ടര്‍ ഒരു വശത്ത്, ഒരു കുടുംബത്തിന്റെ മാത്രം താല്‍പര്യം നടപ്പാക്കുന്നവര്‍ മറുവശത്ത്, ഇതാണ് കേരളത്തിന്റെ രാഷ്ട്രീയമെന്ന് പ്രധാനമന്ത്രി വിമര്‍ശിച്ചു. ഇന്ത്യയുടെ മുന്നോട്ടുള്ള യാത്രയില്‍ കേരളം അതിന്റേതായ പങ്കുവഹിക്കാന്‍ സമയമായി എന്നും പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. കേന്ദ്രം വികസനവുമായി മുന്നേറുമ്പോള്‍ ഇവിടെ ചിലര്‍ സ്വര്‍ണക്കടത്തുമായി നടക്കുകയാണ്. ഇത് പറയാതിരിക്കാനാവില്ലെന്ന് മോഡി പറഞ്ഞു.

നമ്മുടെ നാട് അമൃതകാലത്തിലേക്കുള്ള യാത്രയിലാണ്. ഈ സാഹചര്യത്തിലാണ് കേരളത്തിലെ യുവാക്കളുടെ ഈ ഒത്തുചേരല്‍. ഏതാനും നാളുകള്‍ക്ക് മുമ്പ് 99 കാരനായ കേരളത്തില്‍നിന്നുള്ള യുവാവിനെ ഞാന്‍ കണ്ടു. ഗാന്ധിയന്‍ വി.പി അപ്പുക്കുട്ടപൊതുവാള്‍. അദ്ദേഹത്തിന് ബി.ജെ.പി സര്‍ക്കാര്‍ പദ്മ അവാര്‍ഡ് നല്‍കി. ഈ വേദിയിലിരിക്കുന്ന പല പ്രതിഭകളേയും സര്‍ക്കാര്‍ ആദരിച്ചവരാണ്. കേരളം രാജ്യത്തിന് ഊര്‍ജം പകരുന്നു. സ്വാതന്ത്ര്യസമരസേനാനികളുടെ പാരമ്പര്യം പിന്തുടര്‍ന്ന് കേരളത്തിലെ യുവാക്കള്‍ വികസനത്തിനായി ഒന്നിച്ചിരിക്കുന്നു.
ഈ നൂറ്റാണ്ട് ഭാരതത്തിന്റെ നൂറ്റാണ്ടാണ്. യുവശക്തിയുടെ ഭണ്ഡാരമാണ്. ലോകത്തെ മാറ്റിമറിക്കാന്‍ ഇന്ന് ഭാരതത്തിന് കഴിയും. രാജ്യം സ്വയംപര്യാപ്തതയുള്ള നാടായി. ആത്മനിര്‍ഭറിന്റേയും ഡിജിറ്റല്‍ വികസനത്തിന്റേയും നാടാണിത്. ഇന്ന് ജി20 അധ്യക്ഷപദം ഇന്ത്യക്കാണ്. കേരളത്തിലും അതുമായി ബന്ധപ്പെട്ട പരിപാടികള്‍ നടന്നു.
ബി.ജെ.പിയുടെ ഭരണനേട്ടങ്ങള്‍ പ്രധാനമന്ത്രി എടുത്തുപറഞ്ഞു. കേരളത്തില്‍ നടത്തിയ അടിസ്ഥാന വികസനങ്ങളും അദ്ദേഹം എടുത്തുകാട്ടി. മുന്‍കാല സര്‍ക്കാരുകള്‍ കുംഭകോണ സര്‍ക്കാരുകളായിരുന്നു. എന്നാല്‍ ബി.ജെ.പി സര്‍ക്കാര്‍ യുവാക്കള്‍ക്ക് അവസരം സൃഷ്ടിച്ചു. പ്രാദേശിക ഉല്‍പന്നങ്ങള്‍ക്ക് പ്രചാരണം നല്‍കി, ബഹിരാകാശ മേഖലയില്‍ നേട്ടമുണ്ടാക്കി, പ്രതിരോധ മേഖലയില്‍ നേട്ടമുണ്ടാക്കി. കയറ്റുമതി വര്‍ധിപ്പിച്ചു. ദേശീയ പാത, റെയില്‍വേ, ജലപാതകള്‍, വ്യോമഗതാഗതം തുടങ്ങിയ മേഖലകളില്‍ തൊഴിലവസരം സൃഷ്ടിച്ചതായും പ്രധാനമന്ത്രി അവകാശപ്പെട്ടു. കണ്ണൂര്‍, കൊച്ചി. തിരുവനന്തപുരം വിമാനത്താവളങ്ങള്‍ വികസിപ്പിച്ചു. നാളെ മുതല്‍ വന്ദേഭാരത് ഓടിത്തുടങ്ങും.
യുവം പരിപാടിയില്‍ സിനിമാ താരങ്ങളായ ഉണ്ണി മുകുന്ദന്‍, നവ്യനായര്‍, അപര്‍ണ ബാലമുരളി, സുരേഷ് ഗോപി, ഗായകരായ വിജയ് യേശുദാസ്, ഹരിശങ്കര്‍ തുടങ്ങിയവരും നിരവധി പദ്മ പുരസ്‌കാര ജേതാക്കളും പങ്കെടുത്തു. തെരഞ്ഞെടുക്കപ്പെട്ട 20000 യുവാക്കളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്.
പ്രധാനമന്ത്രി കേരളത്തിന് നിരവധി സമ്മാനങ്ങളുമായാണ് വന്നിരിക്കുന്നതെന്ന് അധ്യക്ഷപ്രസംഗത്തില്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രസംഗം കേന്ദ്രമന്ത്രി വി. മുരളീധരന്‍ പരിഭാഷപ്പെടുത്തി.

 

Latest News