കണ്ണൂർ-ട്രിപ്പീസിൽ വിസ്മയം തീർത്ത സർക്കസ് കുലപതി ജെമിനി ശങ്കരൻ യാത്രയാകുന്നത് അവസാനത്തെ ആഗ്രഹം ബാക്കിവച്ച്. നൂറു വയസ് തികയുന്ന ദിവസം അടുത്ത സുഹൃത്തുക്കളെ വിളിച്ചു കൂട്ടി അവർക്കൊപ്പം ഭക്ഷണം കഴിച്ച് ഓർമ്മകൾ പങ്കുവെക്കണമെന്ന ആഗ്രഹം ബാക്കിയാക്കിയാണ് ആയിരം പൂർണചന്ദ്രന്മാരെ കണ്ട സർക്കസ് കുലപതി വിടവാങ്ങുന്നത്.
ജൂൺ 13നാണ് ജെമിനി ശങ്കരന്റെ നൂറാം പിറന്നാൾ. ഇതിന് 50 ദിവസം അവശേഷിക്കെയാണ് വിധി അദ്ദേഹത്തിന്റെ ഐതിഹാസിക ജീവിതത്തിന് തിരശ്ശീലയിട്ടത്.
ആരായിരുന്നു ജെമിനി ശങ്കരൻ എന്ന് പരിശോധിക്കുമ്പോഴാണ് സംഭവബഹുലമായ അദ്ദേഹത്തിന്റെ സുദീർഘ ജീവിതത്തിന്റെ ഏടുകൾ ഒന്നൊന്നായി നാമറിയുക. സാഹസികത മുഖമുദ്രയാക്കി, ജീവിതത്തിലെ വെല്ലുവിളികളെ സധൈര്യം നേരിട്ട് വിജയം വരിക്കുകയും ചെയ്ത ജെമിനി ശങ്കരൻ വ്യക്തി ജീവിതത്തിൽ എക്കാലവും എളിമ കാത്തുസൂക്ഷിച്ച വ്യക്തിത്വമായിരുന്നു. ലോകനേതാക്കളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഇദ്ദേഹം ഇതൊന്നും കൊട്ടിഘോഷിക്കാൻ തയ്യാറായിരുന്നില്ല. അതു കൊണ്ടു തന്നെ ഈ കാര്യങ്ങൾ പുതു തലമുറയ്ക്ക് അറിയാതെ പോയി.
വഴിതെറ്റി സർക്കസിലെത്തിയ വ്യക്തിയല്ല ജെമിനി ശങ്കരൻ. സർക്കസിനെ അങ്ങേയറ്റം സ്‌നേഹിക്കുകയും സാധാരണ സർക്കസ് കലാകാരനാവുകയും നിരവധി വർഷങ്ങൾ സാഹസികമായ വഴികളിലൂടെ സഞ്ചരിക്കുകയും ചെയ്ത ശേഷമാണ്
ജെമിനി ശങ്കരൻ സംഘാടകനായും ഉടമ യായും തമ്പിൽ വിസ്മയം തീർത്തത്. 'മലക്കംമറിയുന്ന ജീവിതം' എന്ന തന്റെ ആത്മകഥയിൽ എങ്ങനെയാണ് ഏത് കലാകാരനെക്കാളും അതുല്യ പ്രതിഭയായി താൻ മാറിയതെന്നും അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. സർക്കസ് ഗുരുവായ കീലേരി കുഞ്ഞിക്കണ്ണന്റെ കീഴിൽ സർക്കസിന്റെ ബാലപാഠങ്ങൾ പഠിച്ച് പലചരക്ക് കച്ചവടത്തിലും പട്ടാളത്തിലെ ജോലിയിലും സംതൃപ്തനാകാതെ 1946ൽ സർക്കസ് മോഹവുമായി തലശേരിയിലേക്ക് തന്നെ തിരിച്ചുവരികയായിരുന്നു ജെമിനി. അപ്പോഴേക്കും ഗുരുവായ കീലേരി കുഞ്ഞി ക്കണ്ണൻ മരിച്ചിരുന്നു. തുടർന്ന് എം.കെ.രാമന്റെ കീഴിൽ തുടർ പരിശീലനം നേടി രണ്ട് വർഷത്തിന് ശേഷം കൊൽക്ക യിലെത്തി ഗോസ് ലയൺ സർക്കസിൽ ട്രപ്പീസ് കളിക്കാരനായി അരങ്ങേറ്റം കുറിച്ച ജെമിനി ശങ്കരൻ, പിൽകാലത്ത് സർക്കസിന്റെ ചരിത്രത്തിൽ തന്റെ പേര്
സ്വർണലിപികളാൽ രേഖപ്പെടുത്തി.
സർക്കസിനോട് മാത്രമായിരുന്നില്ല, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോടും ജെമിനിക്ക് വലിയ അഭിനിവേശമുണ്ടായിരുന്നു. കീലേരി ശങ്കരൻ, കളരി ശങ്കരൻ, പട്ടാളം ശങ്കരൻ, സർക്കസ് ശങ്കരൻ, സിനിമാ ശങ്കരൻ എന്നിവയ്‌ക്കൊപ്പം കമ്മ്യൂണിസ്റ്റ് ശങ്കരൻ എന്ന പേരും അദ്ദേഹത്തിന്റെ ജീവചരിത്രത്തിന്റെ ഭാഗമാണ്. ജെമിനി ശങ്കരന് ഏറെ അടുപ്പമുള്ള വ്യക്തികളിൽ ഒരാളായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വർഷങ്ങളായുള്ള ഈ ആത്മബന്ധത്തിന്റെ സാക്ഷ്യപത്രമെന്നോണം പിണറായി കഴിഞ്ഞാഴ്ച രോഗാവസ്ഥയിൽ കഴിയുന്ന പ്രിയ സുഹൃത്തിനെ സന്ദർശിച്ച് ആശ്വസിപ്പിക്കുകയും ഏറെ നേരം ഇദ്ദേഹത്തോടൊപ്പം കഴിയുകയും ചെയ്തിരുന്നു. ജെമിനി ശങ്കരന്റെ വിയോഗത്തോടെ, ഒരു നൂറ്റാണ്ട് പിന്നിടുന്ന സർക്കസ് ചരിത്രത്തിന് കൂടിയാണ് തിരശ്ശീല വീഴുന്നത്. സർക്കസിന്റെ നാട്ടിൽ നിന്ന് ഒരു സർക്കസ് ഇതിഹാസം വിടവാങ്ങുന്നു.