കൊച്ചി- പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ റോഡ് ഷോ വെണ്ടുരുത്തി പാലത്തില്‍നിന്ന് ആരംഭിച്ചു. കേരളീയ വേഷമണിഞ്ഞെത്തിയ അദ്ദേഹത്തെ കാണാന്‍ ആയിരങ്ങളാണ് റോഡിനിരുവശവും അണിനിരന്നിരിക്കുന്നത്. റോഡിലൂടെ കൈവീശി അദ്ദേഹം തേവര ഭാഗത്തേക്കാണ് നടക്കുന്നത്.
ഐ.എന്‍.എസ് ഗരുഡയില്‍ അദ്ദേഹം അല്‍പസമയം മുമ്പാണ് നാവിക സേന വിമാനത്താവളത്തിലെത്തിയത്.
പ്രധാനമന്ത്രിയുടെ റോഡ് ഷോ കാണാനും യുവം പരിപാടിയില്‍ പങ്കെടുക്കാനും ആയിരങ്ങളാണ് കൊച്ചിയിലേക്ക് എത്തുന്നത്. മോഡിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയും ഗതാഗത നിയന്ത്രണവും നഗരത്തില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
രാവിലെ മുതല്‍ തന്നെ പ്രധാനമന്ത്രി എത്തുന്ന തേവരയിലും പരിസരപ്രദേശത്തും പോലീസ് സുരക്ഷ ശക്തമാക്കിയിരുന്നു. സിറ്റി പോലീസ് കമ്മിഷണര്‍ ഉള്‍പ്പെടെയുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി. ആകെ 2100 പോലീസുകാരെയാണ് നഗരത്തില്‍ വിന്യസിച്ചിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ യുവാക്കളുമായുള്ള സംവാദത്തില്‍ പങ്കെടുക്കുന്നത് ആരൊക്കെ എന്ന കാര്യം ബി.ജെ.പി ആദ്യം മുതല്‍ സസ്‌പെന്‍സ് ആയി വെച്ചിരിക്കുകയാണ്. പരിപാടി തുടങ്ങാന്‍ ഏതാനും മിനിറ്റുകള്‍ മാത്രം അവശേഷിക്കെ, യുവതാരങ്ങള്‍ വേദിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
യുവ നടന്‍ ഉണ്ണിമുകുന്ദന്‍ പങ്കെടുക്കുമെന്ന് ആദ്യം തന്നെ പറഞ്ഞിരുന്നു. വേദിയില്‍ ഇപ്പോള്‍ സര്‍പ്രൈസുമായി എത്തിയിരിക്കുന്നത് വിജയ് യേശുദാസാണ്. ഒപ്പം ദേശീയ അവാര്‍ഡ് നേടിയ അപര്‍ണ ബാലമുരളിയും എത്തി. എ.കെ. ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയും എത്തി.






