അഞ്ച് മലയാളി യുവ സംരംഭകരുടെ ഇന്ത്യൻ വിജയഗാഥ
കോളേജ് കാലത്തെ മോട്ടോർ സൈക്കിൾ റേസിങ്, സാഹസിക റൈഡിങ് അഭിനിവേശത്തിൽ തുടങ്ങി ഇന്ത്യയിലെ മുൻനിര മോട്ടോർ സൈക്കിൾ അക്‌സസറീസ് വിൽപനക്കാരും 40ലേറെ രാജ്യങ്ങളിൽ വിതരണക്കാരുമായി മാറിയ അഞ്ച് യുവ സംരംഭകർ പുതിയ വിജയഗാഥകൾ തീർത്ത് ഉൽപാദന രംഗത്തേക്കും ചുവട് വയ്ക്കുന്നു. പ്രൊഫഷനൽ റേസിംഗ്, സ്റ്റണ്ട് ഷോ, സാഹസിക റൈഡിംഗ്, ടൂറിംഗ്, പരിശീലനം എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന മോട്ടോർ സൈക്കിൾ റേസിങ് അനുഭവ സമ്പത്തുള്ള മുർഷിദ് ബഷീർ, വിനു വി.എസ്, അനു വി.എസ്, ഷിഹാസ്, മഹേഷ് വി.എം എന്നീ ആദ്യ തലമുറ സംരംഭകർ ചേർന്നാണ് തൃശൂർ ആസ്ഥാനമായി 2014ൽ ബാൻഡിഡോസ് ഗ്രൂപ്പിനു തുടക്കമിട്ടത്. ബാൻഡിഡോസ് പിറ്റ്‌സ്റ്റോപ്പ് എന്ന പേരിൽ മോട്ടോർ സൈക്കിൾ ഗിയറുകളുടേയും അക്‌സസറികളുടെ റീട്ടെയ്ൽ സ്റ്റോറിലായിരുന്നു തുടക്കം. വൈകാതെ ഓൺലൈൻ സ്റ്റോറും തുടങ്ങി. ചുരുങ്ങിയ കാലയളവിനുള്ളിൽ ഇന്ത്യയിലുടനീളം നിരവധി ഉപഭോക്താക്കളെ നേടിയ കമ്പനി അക്‌സസറികളുടെ മൊത്തവിതരണത്തിലേക്കും വൈകാതെ പ്രവേശിച്ചു. ചുരുങ്ങിയ കാലം കൊണ്ട് മിഡ് റേഞ്ച്, പ്രീമിയം മോട്ടോർ സൈക്കിൾ അക്സസറികളുടെ ഇന്ത്യയിലെ മുൻനിര വിൽപ്പന കേന്ദ്രമായി ബാൻഡിഡോസ് മാറി. ഇപ്പോൾ ഗുണമേന്മയുള്ള ഏറ്റവും പുതിയ അക്‌സസറികളുടെ ഉൽപാദനത്തിനാണ് ഇവർ തുടക്കമിട്ടിരിക്കുന്നത്. മെറ്റൽവേഴ്‌സ് എന്ന പേരിലുള്ള ഇവരുടെ പുതിയ മാനുഫാക്ചറിങ് യൂനിറ്റ് കോയമ്പത്തൂരിലാണ് പ്രവർത്തനം ആരംഭിച്ചത്.
യാതൊരു ബിസിനസ് പശ്ചാത്തലവുമില്ലാത്ത അഞ്ചു പേരിൽനിന്ന് തുടങ്ങിയ സംരംഭം ഇന്ന് 300 ജീവനക്കാരോടെ ഇന്ത്യയിലെ മുൻനിര മോട്ടോർ സൈക്കിൾ അക്‌സസറീസ് വിൽപ്പന കമ്പനികളിലൊന്നാണ്. 2025ഓടെ ഇന്ത്യയിലുടനീളം സാന്നിധ്യം ശക്തമാക്കുന്നതിനു പുറമെ വിദേശ വിപണിയിലും ചുവടുറപ്പിക്കുകയാണ് ലക്ഷ്യമെന്ന് ബാൻഡിഡോസ് ഗ്രൂപ്പ് ഫൗണ്ടർ ഡയറക്ടറും ചീഫ് മാർക്കറ്റിങ് ഓഫീസറുമായ മുർഷിദ് ബഷീർ പറഞ്ഞു.
റൈഡർമാർക്ക് സ്വന്തമായി ഇൻസ്റ്റാൾ ചെയ്യാൻ കഴിയുന്ന തനത് ഡിസൈനുകളും കസ്റ്റമൈസ് ചെയ്ത അക്സസറികളുമാണ് മെറ്റൽവേഴ്‌സ് നിർമിക്കുന്നത്. ഇന്ത്യയ്ക്കു പുറമെ രാജ്യാന്തര വിപണിയിലേക്കുള്ള കയറ്റുമതിയും ലക്ഷ്യമിടുന്നു. റൈഡർമാരുടെ സുരക്ഷയ്ക്കൊപ്പം മോട്ടോർസൈക്കിളുകളുടെ സുരക്ഷ വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പ്രീമിയം ഗുണനിലവാരമുള്ള അക്സസറികൾ നിർമിക്കുന്നതിലാണ് മെറ്റൽവേഴ്‌സ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് സിഇഒ ശരത് സുശീൽ, സിഒഒ അരുൺ വാസുദേവൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.