വിദേശ ഫണ്ടുകൾ ഇന്ത്യൻ മാർക്കറ്റിൽ കളം മാറി ചവിട്ടിയത് മുൻ നിര ഇൻഡക്‌സുകളുടെ കരുത്ത് ചോർത്തി. പിന്നിട്ട മൂന്നാഴ്ച്ചകളിൽ നിഫ്റ്റി സൂചികയെ കൈപിടിച്ച് ഉയർത്തിയ അതേ ഫണ്ടുകൾ ഒന്ന് ഇരുട്ടി വെളുത്തപ്പോൾ നിഷേപകന്റെ മേലങ്കി അഴിച്ച് മാറ്റി വിൽപ്പനക്കാരനായി കളത്തിൽ ഇറങ്ങി. ഇതോടെ 18,000 ലേയ്ക്ക് സൂചിക സഞ്ചരിക്കുമെന്ന കണക്ക് കൂട്ടിയ പ്രദേശിക ഇടപാടുകാർ പ്രതിസന്ധിയിലായി. സെൻസെക്‌സ് 776 പോയിന്റും നിഫ്റ്റി സൂചിക 204 പോയിന്റും പ്രതിവാര നഷ്ടത്തിലാണ്.
വിപണിയുടെ ചലനങ്ങൾ സാങ്കേതികമായി വീക്ഷിച്ചാൽ ഓവർ ബ്രോട്ട് മേഖലയിൽ നിന്നും ഇൻഡിക്കേറ്ററുകൾ പുൾ ബാക്കിന് നടത്തിയ നീക്കമാണ് തളർച്ചയ്ക്ക് ഇടയാക്കിയത്. നിഫ്റ്റി 17,828 ൽ നിന്നും ഓപ്പണിങ് വേളയിൽ 17,863 ലേയ്ക്ക് കുതിച്ചെങ്കിലും അതേ വേഗതയിൽ തന്നെ സാങ്കേതിക തിരുത്തലിലേയ്ക്കും തിരിഞ്ഞു. കഴിഞ്ഞവാരം വ്യക്തമാക്കിയ 17,677 ലെ സപ്പോർട്ട് വിപണി തകർത്തെങ്കിലും രണ്ടാം സപ്പോർട്ടായ 17,526 നിലനിർത്തി. ഉയർന്ന തലത്തിൽ നിന്നും 17,553 വരെ ഇടിഞ്ഞ നിഫ്റ്റി വാരാന്ത്യ ക്ലോസിങിൽ 17,624 പോയിന്റിലാണ്.
നിഫ്റ്റി 17,497 പോയിന്റിലെ താങ്ങ് നിലനിർത്താനുള്ള ശ്രമം വിജയിച്ചാൽ സ്വാഭാവികമായും സൂചിക 17,807 നെ ലക്ഷ്യമാക്കും. ഈ നീക്കം വിജയിച്ചാൽ അടുത്ത ചുവടിൽ 17,990 വരെ വിപണി മുന്നേറും. ഇതിനിടയിൽ ഏപ്രിൽ സീരീസ് സെറ്റിൽമെന്റിന് മുന്നോടിയായുള്ള കവറിങിന് ബുധനാഴ്ച്ച വരെയുള്ള ദിവസങ്ങളിൽ ഓപ്പറേറ്റർമാർ നടത്തുന്ന നീക്കം നിർണായകമാവും. ആദ്യ സപ്പോർട്ടിൽ സൂചികയ്ക്ക് പിടിച്ചു നിൽക്കാനായില്ലെങ്കിൽ തിരുത്തൽ 17,370 വരെ തുടരാം. നിഫ്റ്റി ഫ്യൂച്ചറിൽ ഓപ്പൺ ഇന്ററസ്റ്റിൽ പ്രതിവാര അടിസ്ഥാനത്തിൽ കാര്യമായ മാറ്റം സംഭവിച്ചില്ല. തൊട്ട് മുൻവാരത്തിലെ 113 ലക്ഷം കരാറുകളെ അപേക്ഷിച്ച് വാരാന്ത്യം 112.5 ലക്ഷമായി.
കഴിഞ്ഞ മൂന്നാഴ്ച്ചകളിൽ വിൽപ്പനയ്ക്ക് ഉത്സാഹിച്ച ആഭ്യന്തര ഫണ്ടുകൾ പിന്നിട്ടവാരം വാങ്ങലുകാരായി രംഗത്ത് ഇറങ്ങിയെങ്കിലും വിപണിയിലെ തകർച്ചയെ തടയാനായില്ല. സെൻസെക്‌സ് 60,427 റേഞ്ചിൽ നിന്നും 59,412 ലേയ്ക്ക് വാരമധ്യം ഇടിഞ്ഞു. വ്യാപാരാന്ത്യം സൂചിക 59,655 പോയിന്റിലാണ്. ആഴ്ചയുടെ ആദ്യ പകുതിയിലാണ് ഭൂരിഭാഗം ഇടിവും സംഭവിച്ചത്, രണ്ടാം പകുതിയിൽ സൂചിക നേരിയ റേഞ്ചിൽ നീങ്ങി.
മുൻ വാരം സൂചിപ്പിച്ച 59,543 ലെ രണ്ടാം സപ്പോർട്ട് ക്ലോസിങിൽ നിലനിർത്താനായത് ബുൾ ഓപ്പറേറ്റർമാർക്ക് ആത്മവിശ്വാസം പകരും. 60,250 റേഞ്ചിലേയ്ക്കുള്ള തിരിച്ചു വരവിനെയാണ് അവർ ഉറ്റുനോക്കുന്നത്. ഈ തടസം ഭേദിച്ചാൽ 60,846 നെ വിപണി ലക്ഷ്യമാക്കും. ഇതിനിടയിൽ വീണ്ടും വിൽപ്പന സമ്മർദ്ദമുണ്ടായാൽ 59,235 ലും 58,816 ലും താങ്ങ് പ്രതീക്ഷിക്കാം. നിഫ്റ്റി ഇൻഫർമേഷൻ ടെക്‌നോളജി സൂചിക അഞ്ച് ശതമാനം കുറഞ്ഞു, മീഡിയ, മെറ്റൽ ഇൻഡക്‌സുകളും ഇടിഞ്ഞു. അതേ സമയം നിഫ്റ്റി പി എസ് യു ബാങ്ക് സൂചികയും എഫ് എം സി ജി, ഓയിൽ ആന്റ് ഗ്യാസ് സൂചികയും ഉയർന്നു. ഇൻഫോസീസ് ടെക്‌നോളജി ഓഹരി വില 11 ശതമാനം ഇടിഞ്ഞ് 1227 രൂപയായി. ടെക് മഹീന്ദ്ര എട്ട് ശതമാനം ഇടിഞ്ഞ് 998 രൂപയായി. ടി സി എസ്, എച്ച് സി എൽ ടെക് തുടങ്ങിയവയ്ക്കും തിരിച്ചടി. എച്ച് ഡി എഫ് സി, എച്ച് ഡി എഫ് സി ബാങ്ക്, ഐ സി ഐ സി ഐ ബാങ്ക്, ടാറ്റാ സ്റ്റീൽ, എൽ ആന്റ് റ്റി, എച്ച് യു എൽ, മാരുതി ഓഹരി വിലകൾ താഴ്ന്നു. മൂന്നാഴ്ച്ചകളിലെ തുടർച്ചയായ വാങ്ങലിനു ശേഷം വിദേശ ഫണ്ടുകൾ 4643.05 കോടി രൂപയുടെ ഓഹരികൾ വിറ്റു. മറുവശത്ത് ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ 3026.27 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
രൂപയുടെ മൂല്യം ഇടിഞ്ഞു. രൂപ 81.85 ൽ നിന്നും 82.24 ലേയ്ക്ക് ദുർബലമായെങ്കിലും വാരവസാനം അൽപ്പം മെച്ചപ്പെട്ട് 82.09 ലാണ്. 24 പൈസ ഇടിവ് സംഭവിച്ചു. ഈവാരം 82.25 ലെ തടസം തകർക്കാനായാൽ രൂപ 82.40 82.55 ലേയ്ക്ക് ദുർബലമാകാം. രാജ്യാന്തര മാർക്കറ്റിൽ സ്വർണ വില ഇടിഞ്ഞു. ട്രോയ് ഔൺസിന് 2004 ഡോളറിൽ നിന്നും 2014 വരെ കയറിയതിനിടയിൽ ഉടലെടുത്ത വിൽപ്പന സമ്മർദ്ദത്തിൽ മുൻവാരം സൂചിപ്പിച്ച സപ്പോർട്ടായ 1982 ഡോളറിലേയ്ക്ക് വാരാന്ത്യം ഇടിഞ്ഞു.