സംസ്ഥാന സർക്കാരിന്റെ കൊപ്ര സംഭരണ വാഗ്ദാനങ്ങൾ പാഴ്‌വാക്കായി മാറുന്നു. നാളികേര സീസൺ അവസാനിക്കാൻ ഇനി അധിക കാലമില്ല. സീസണിലെ വില തകർച്ചയെ തടയാനും കർഷകർക്ക് ഉയർന്ന വില ഉറപ്പ് വരുത്താനുമാണ് ഓരോ ഉൽപ്പന്നങ്ങൾക്കും താങ്ങ് വില പ്രഖ്യാപിക്കുന്നത്. വിവിധ സംസ്ഥാനങ്ങൾ മുഖ്യ ഉൽപ്പന്നങ്ങൾക്ക് വില ഇടിയുമ്പോൾ കർഷക രക്ഷയ്ക്ക് സംഭരണം നടത്തുന്നതും പതിവ്. കേരളത്തിൽ നാളികേരോൽപ്പന്നങ്ങളുടെ വില തുടർച്ചയായ രണ്ടാം വർഷവും ഇടിഞ്ഞിട്ട് കർഷകർക്ക് താങ്ങ് വിലയുടെ പ്രയോജനം ലഭിക്കുന്നില്ല. സംഭരണത്തിനുള്ള ക്രമീകണങ്ങൾ ഒരുക്കുന്നതിൽ കൃഷി വകുപ്പ് ഉദ്ധ്യാഗസ്ഥ തലത്തിലെ ശീത സമരവും ഉൾപ്പൊരും മൂലം കോടികളുടെ സാമ്പത്തിക നഷ്ടമാണ് കാർഷിക മേഖലയ്ക്കുണ്ടായത്. കൊപ്ര, പച്ചത്തേങ്ങ സംഭരണം ഏപ്രിൽ ആരംഭിക്കുമെന്ന് മാസങ്ങൾക്ക് മുന്നേ വകുപ്പ് മന്ത്രി കർഷകർക്ക് വാഗ്ദാനം നൽകിയതല്ലാതെ ഇക്കാര്യത്തിൽ ഒരു നീക്കവും നടത്തിയിട്ടില്ല. കഴിഞ്ഞ സീസണിൽ അരലക്ഷം ടൺ കൊപ്ര സംഭരിക്കാൻ ഇറങ്ങിയിട്ട് കേവലം 255 ടണ്ണിൽ ഒതുക്കി. കൊച്ചിയിൽ കൊപ്ര 8250 രൂപയിലാണ്. സംഭരണ വില 10,860 രൂപയും.
കാലവർഷം ഇക്കുറി ദുർബലമാക്കുമെന്ന പ്രവചനങ്ങൾ കനത്ത പ്രഹരമായി മാറുക റബർ കർഷകർക്ക് തന്നെയാവും. അമേരിക്കൻ കാലാവസ്ഥ ഏജൻസിയായ നോവയുടെ വിലയിരുത്തലിൽ ഇന്ത്യയിൽ കാലവർഷം ജൂണിൽ തുടങ്ങുമെങ്കിലും പതിവിലും നേരത്തെ പിൻവലിയുമെന്നാണ് കണക്കാക്കുന്നത്. അതായത് മഴ സെപ്റ്റംബർ വരെ നീണ്ടുനിൽക്കാതെ ജൂലൈ അവസാനമോ ഓഗസ്റ്റിലോ മഴ അവസാനിക്കും. അതേ സമയം ഇന്ത്യൻ കാലാവസ്ഥ വിഭാഗത്തിന്റെ പുതിയ വിലയിരുത്തലുകൾക്കായി കാത്ത് നിൽക്കുകയാണ് കൃഷി മന്ത്രാലയം.
ജനുവരിയിൽ പകൽ താപനിലയിലെ വർധന മൂലം കർഷകർ റബർ വെട്ട് നിർത്താൻ നിർബന്ധിതരായി. വേനൽ മഴ ചതിച്ചതിനാൽ ഈസ്റ്ററിന് ശേഷം വെട്ട് പുനരാരംഭിക്കാനായില്ല. ഇനി ജൂണിലെ കാലവർഷത്തെ ഉറ്റുനോക്കുകയാണ്, മഴ നേരത്തെ പിൻമാറിയാൽ ടാപ്പിങ് ദിനങ്ങൾ കുറയും.
കാലാവസ്ഥ പ്രവചനങ്ങൾ മുന്നിൽ കണ്ട് പുതിയ പ്ലാനിങ്ങോടെ കർഷകർ വിപണിയെ സമീപിക്കേണ്ടിയിരിക്കുന്നു. ജൂണിൽ മഴയുടെ വരവിനിടയിൽ ടാപ്പിങ് ഉയർത്തുന്നതിനൊപ്പം ഷീറ്റ് നിയന്ത്രിച്ച് മാത്രം വിൽപ്പനയ്ക്ക് ഇറക്കുക. ജൂലൈക്ക് ശേഷം കാലവർഷം ചതിക്കാനുള്ള സാധ്യത തള്ളിക്കളകയാനാവില്ല. അതിന് ശേഷം ടയർ ലോബിയുടെ ചതിയിൽ വീഴാതിരിക്കാൻ ഉൽപാദകർ ഉണർന്ന് പ്രവർത്തിക്കേണ്ടിയിരിക്കുന്നു. എൽനിനോ പ്രതിഭാസം സെപ്റ്റംബറിൽ ശൈത്യകാല വരവിനെയും സ്വാധീനിച്ചാൽ ഈ വർഷം റബർ ടാപ്പിങ് ദിനങ്ങൾ കുറയും. കേരളത്തിൽ റബർ ക്ഷാമം രൂക്ഷമാണെങ്കിലും നിരക്ക് ഉയർത്താൻ ടയർ കമ്പനികൾ തയ്യാറായില്ല. നാലാം ഗ്രേഡിന് 152 രൂപയും അഞ്ചാം ഗ്രേഡിന് 150 രൂപയും വ്യവസായികൾ വാഗ്ദാനം ചെയ്തിട്ടും വിൽപ്പനക്കാരില്ല. കാലവർഷത്തിന്റെ വരവിന് ഇനിയും ഒരു മാസത്തിൽ ഏറെ ശേഷിക്കുന്നതിനാൽ റബർ വില ഉയർത്താൻ കമ്പനികൾ തയ്യാറാവാൻ ഇടയുണ്ട്.
വിദേശ കുരുമുളക് വരവിനെ കുറിച്ചുള്ള ആശങ്കയിലാണ് ഇന്ത്യൻ വിപണി. ഗാർബിൾഡ് മുളക് കിലോ 500 രൂപയിലെ നിർണായക താങ്ങിൽ കടിച്ചുതൂടങ്ങുകയാണ്. ആഭ്യന്തര ആവശ്യക്കാർ തളർച്ച കണ്ട രംഗത്ത് നിന്നും വിട്ടു നിൽക്കുകയാണ്. നിരക്ക് പരമാവധി കുറഞ്ഞ ശേഷം പുതിയ വാങ്ങലുകൾക്ക് തുടക്കം കുറിക്കാമെന്ന നിലപാടിലാണ് പലരും. രാജ്യാന്തര വിപണിയിൽ ഇന്ത്യൻ നിരക്ക് ടണ്ണിന് 6250 ഡോളർ.
ആഭരണ കേന്ദ്രങ്ങളിൽ സ്വർണ വിലയിൽ അനിയന്ത്രിത ചാഞ്ചാട്ടം. പവൻ 44,760 രൂപയിൽ നിന്നും 44,520 ലേയ്ക്ക് വാരമാധ്യം താഴ്ന്ന ശേഷം അപ്രതീക്ഷിതമായി 44,840 ലേയ്ക്ക് അനാവശ്യമായി വർധിപ്പിച്ചു. ഉയർന്ന റേഞ്ചിൽ പിടിച്ചു നിൽക്കാനാവാതെ ശനിയാഴ്ച്ച പവൻ 44,600 ലേയ്ക്ക് ഇടിഞ്ഞു. വിനിമയ വിപണിയിൽ രൂപ കരുത്ത് നിലനിർത്തവേ രാജ്യാന്തര മാർക്കറ്റിൽ 2000 ഡോളറിലെ താങ്ങ് സ്വർണത്തിന് നഷ്ടപ്പെട്ട അവസരത്തിലാണ് അക്ഷയത്രിതീയയുടെ പേരിൽ സ്വർണത്തിൽ കൃത്രിമ വില വർധനവിന് ഇറക്കുമതി ലോബി ശ്രമം നടത്തിയത്.