Sorry, you need to enable JavaScript to visit this website.

സ്വർണശേഖരത്തിൽ ലോകത്ത് സൗദി അറേബ്യ 18-ാം സ്ഥാനത്ത്

ജിദ്ദ - ലോകത്ത് ഏറ്റവുമധികം കരുതൽ സ്വർണ ശേഖരമുള്ള രാജ്യങ്ങളുടെ പട്ടികയിൽ സൗദി അറേബ്യ 18-ാം സ്ഥാനത്താണെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ വിവരങ്ങൾ വ്യക്തമാക്കുന്നു. പട്ടികയിൽ ഐ.എം.എഫും യൂറോപ്യൻ സെൻട്രൽ ബാങ്കുമുണ്ട്. അന്താരാഷ്ട്ര നാണയനിധിയെയും യൂറോപ്യൻ സെൻട്രൽ ബാങ്കിനെയും അകറ്റി നിർത്തിയാൽ പട്ടികയിൽ സൗദി അറേബ്യ 16-ാം സ്ഥാനത്താണ്. 
ലോകത്തെ ആകെ കരുതൽ സ്വർണ ശേഖരത്തിന്റെ 0.91 ശതമാനം സൗദിയിലാണ്. ലോകത്തെ ആകെ കരുതൽ സ്വർണശേഖരം 35,500 ടൺ ആണ്. ഇതിന്റെ 4.2 ശതമാനം അറബ് രാജ്യങ്ങളിലാണ്. വേൾഡ് ഗോൾഡ് കൗൺസിൽ വിവരങ്ങൾ പ്രകാരം ലോകത്ത് ഏറ്റവുമധികം കരുതൽ സ്വർണ ശേഖരമുള്ളത് അമേരിക്കയിലാണ്. അമേരിക്കയിൽ 8,130 ടൺ കരുതൽ സ്വർണമുണ്ട്. ലോകത്തെ ആകെ കരുതൽ സ്വർണ ശേഖരത്തിന്റെ 22.9 ശതമാനം അമേരിക്കയിലാണ്. 
ആഗോള തലത്തിൽ സ്വർണ ശേഖരത്തിൽ രണ്ടാം സ്ഥാനത്ത് ജർമനിയാണ്. ജർമനിയിൽ 3,360 ടൺ സ്വർണ ശേഖരമുണ്ട്. മൂന്നാം സ്ഥാനത്തുള്ള ഇറ്റലിയിൽ 2,450 ഉം നാലാം സ്ഥാനത്തുള്ള ഫ്രാൻസിൽ 2,440 ഉം അഞ്ചാം സ്ഥാനത്തുള്ള റഷ്യയിൽ 2,300 ഉം ആറാം സ്ഥാനത്തുള്ള ചൈനയിൽ 2,010 ഉം ഏഴാം സ്ഥാനത്തുള്ള സ്വിറ്റ്‌സർലാന്റിൽ 1,040 ഉം എട്ടാം സ്ഥാനത്തുള്ള ജപ്പാനിൽ 846 ഉം ഒമ്പതാം സ്ഥാനത്തുള്ള ഇന്ത്യയിൽ 787.4 ഉം ടൺ കരുതൽ സ്വർണ ശേഖരങ്ങളുണ്ട്. 
കഴിഞ്ഞ കൊല്ലം ഏറ്റവുമധികം സ്വർണം വാങ്ങിയത് തുർക്കിഷ്, ചൈനീസ് സെൻട്രൽ ബാങ്കുകളാണ്. തുർക്കിഷ് സെൻട്രൽ ബാങ്ക് 147.6 ടൺ സ്വർണവും ചൈനീസ് സെൻട്രൽ ബാങ്ക് 62.2 ടൺ സ്വർണവും വാങ്ങി. മൂന്നാം സ്ഥാനത്ത് ഈജിപ്തും നാലാം സ്ഥാനത്ത് ഖത്തറുമാണ്. കഴിഞ്ഞ കൊല്ലം കരുതൽ ശേഖരത്തിൽ നിന്ന് ഏറ്റവുമധികം സ്വർണം വിൽപന നടത്തിയത് കസാക്കിസ്ഥാൻ, ജർമനി, ശ്രീലങ്ക എന്നീ രാജ്യങ്ങളാണ്. കസാക്കിസ്ഥാൻ 50.7 ഉം ജർമനി നാലും ശ്രീലങ്ക രണ്ടരയും ടൺ സ്വർണം വീതം കരുതൽ ശേഖരങ്ങളിൽ നിന്ന് വിൽപന നടത്തി.
 

Latest News