Sorry, you need to enable JavaScript to visit this website.

സൗദിയില്‍ ആതിരയുടെ മതംമാറ്റം; ദുഷ്പ്രചാരണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും

ജിദ്ദ-ആയിഷയായി  മാറിയ ആതിര  മോഹന്റെ മതം മാറ്റത്തിനു പിന്നില്‍ തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും തങ്ങള്‍ക്കെതിരെ നടക്കുന്ന ദുഷ്പ്രചാരണങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അല്‍മാസ് ഐഡിയല്‍ മെഡിക്കല്‍ സെന്റര്‍ മാനേജ്‌മെന്റ് പ്രതിനിധികളായ ജനറല്‍ മാനേജര്‍ മുസ്തഫ സയ്യിദ്, മാനേജര്‍ ആസിഫ് അലി, ഡയറക്ടര്‍മാരായ സി.കെ കുഞ്ഞു മരയ്ക്കാര്‍, റാഫി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആയിഷയെന്ന ആതിരയും ഇവരോടൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.
കഴിഞ്ഞ രണ്ട് വര്‍ഷമായി അയിഷ എന്ന ആതിര അല്‍മാസ് ഐഡിയല്‍ മെഡിക്കല്‍ സെന്ററില്‍ എക്‌സറെ ടെക്‌നീഷനായി ജോലി ചെയ്യുന്നുണ്ട്. നാട്ടില്‍ നിന്ന് റിക്രൂട്ട്‌മെന്റ് ഏജന്റ് വഴിയാണ് അവര്‍ അല്‍ മാസിലെത്തിയത്. വളരെ ആത്മാര്‍ത്ഥതയോടെയാണ് ഈ കഴിഞ്ഞ കാലമത്രയും അവര്‍ അല്‍മാസില്‍ ജോലി ചെയ്തത്. കൃത്യമായി അവര്‍ക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഞങ്ങള്‍ കൊടുത്തിട്ടുണ്ട്. എന്നാല്‍ അവരുടെ വ്യക്തിപരമായ ഒരു കാര്യത്തിലും ഞങ്ങള്‍ ഇത് വരെ ഇടപെട്ടിട്ടില്ല. അയിഷ എന്ന ആതിരയുടെ മാത്രമല്ല ഒരു ജോലിക്കാരന്റെയും വ്യക്തിപരമായ കാര്യത്തില്‍ മാനേജ്‌മെന്റ് ഇടപെടാറില്ല.
സോഷ്യല്‍ മീഡിയയിലും, പത്രങ്ങളിലും കുറച്ച് ദിവസമായി ആയിഷ എന്ന ആതിരയുടെ മതം മാറ്റവുമായി അല്‍മാസ് മാനേജ്‌മെന്റിനെയും അവിടെ ജോലി ചെയ്യുന്ന ജോലിക്കാരെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വളരെ മോശമായി വാര്‍ത്തകള്‍ പടച്ച് വിടുന്നത് കൊണ്ടാണ് ഇങ്ങിനെ ഒരു വിശദീകരണത്തിന് തങ്ങള്‍ തയ്യാറാവുന്നത്. ആയിഷ എന്ന ആതിരയുടെ മതം മാറ്റവുമായി അല്‍മാസ് മാനേജ്‌മെന്റിന് യാതൊരു ബന്ധവുമില്ല എന്ന് ഇതിനാല്‍ അറിയിക്കുകയാണ്.
അല്‍മാസ് ക്ലിനിക്കുമായി ബന്ധമുള്ള മാനേജ്‌മെന്റിലെ വ്യക്തികളെയും ജോലിക്കാരെയും വ്യക്തിഹത്യ ചെയ്ത യു ട്യൂബ്, സോഷ്യല്‍ മീഡിയ, വിഷ്വല്‍ മീഡിയ,  പ്രിന്റ് മീഡിയ മറ്റുപത്ര സ്ഥാപനങ്ങള്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കാനാണ് തങ്ങളുടെ തീരുമാനമെന്ന് അവര്‍ പറഞ്ഞു. ഇതു മായി ബന്ധപ്പെട്ട് നിയമ വിദഗ്ധരുമായി കൂടിയാലോചിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു.

 

Latest News