Sorry, you need to enable JavaScript to visit this website.

വിലക്കയറ്റം ആരും ഗൗനിച്ചില്ല, അക്ഷയ ത്രിതീയ -ഈദ് നാളുകളില്‍ 23,000 കോടിയുടെ സ്വര്‍ണം വിറ്റു

കൊച്ചി- അക്ഷയ തൃതീയ -ഈദ് ദിനങ്ങളില്‍ സംസ്ഥാനത്ത് സ്വര്‍ണാഭരണ വില്‍പനയില്‍ വര്‍ദ്ധന. അക്ഷയ തൃതീയ മുഹൂര്‍ത്ത ദിനങ്ങളായ 22, 23 തീയതികളില്‍ ഏകദേശം 2,250 കോടി രൂപയുടെ വില്‍പന നടന്നതായാണ് വിലയിരുത്തല്‍. ഈദ് ആഘോഷവും സ്വര്‍ണം വാങ്ങാന്‍ കൂടുതല്‍ ആളുകളെത്താന്‍ കാരണമായി. സ്വര്‍ണാഭരണശാലകള്‍ പ്രത്യേകം ഓഫറുകള്‍ നല്‍കിയതും ഉപയോക്താക്കളെ ആകര്‍ഷിച്ചു. പണിക്കൂലി കുറച്ചും സ്വര്‍ണനാണയങ്ങളും മറ്റ് സമ്മാനങ്ങളും നല്‍കി ജുവലറികള്‍ വിവിധ ഓഫറുകള്‍ പ്രഖ്യാപിച്ചിരുന്നു.നാല് ടണ്ണോളം സ്വര്‍ണാഭരണങ്ങളാണ് ഈ രണ്ട് ദിവസത്തില്‍ വില്‍്പന നടത്തിയത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 25 ശതമാനത്തോളം അധിക വില്‍്പന നടന്നുവെന്നാണ് വിലയിരുത്തലെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (എ.കെ.ജി.എസ്.എം.എ) സംസ്ഥാന ട്രഷറര്‍ എസ്. അബ്ദുല്‍ നാസര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം അക്ഷയ തൃതീയ ദിനത്തില്‍ 1,800 കോടി രൂപയുടെ വില്‍പനയാണ് നടന്നത്. ഇത്തവണ അക്ഷയ തൃതീയയുടെ ആദ്യദിനമായ ശനിയാഴ്ച മാത്രം ഏകദേശം 1900 കോടി രൂപയുടെ വില്‍പന നടന്നതായി കണക്കാക്കുന്നു. ശനിയാഴ്ച പുലര്‍ച്ചെ മുതല്‍ പ്രവര്‍ത്തനമാരംഭിച്ച സ്വര്‍ണാഭരണശാലകള്‍ തിരക്ക് കാരണം അര്‍ദ്ധരാത്രിവരെ തുറന്ന് പ്രവര്‍ത്തിച്ചു. ഞായറാഴ്ചയും അക്ഷയ തൃതീയ മുഹൂര്‍ത്തമുള്ളതിനാല്‍ രാവിലെ മുതല്‍ തന്നെ ജുവലറികളില്‍ തിരക്ക് അനുഭവപ്പെട്ടു. സംസ്ഥാനത്താകെയുള്ള 12,000 ജുവലറികളില്‍ ഏകദേശം 10 ലക്ഷത്തോളം ഉപയോക്താക്കള്‍ ഈ രണ്ട് ദിനങ്ങളിലായി എത്തിയെന്നാണ് കണക്കാക്കുന്നത്. ജനങ്ങള്‍ക്ക് സ്വര്‍ണാഭരണത്തോടുള്ള താത്പര്യം വര്‍ദ്ധിച്ചുവെന്നതാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നതെന്ന് അബ്ദുള്‍ നാസര്‍ പറഞ്ഞു. സ്വര്‍ണോത്സവം ആയാണ് ഈ ദിനങ്ങള്‍ എ.കെ.ജി.എസ്.എം.എ ആഘോഷിച്ചത്. ശനിയാഴ്ച രാവിലെ 7.49ന് ആരംഭിച്ച് ഞായര്‍ രാവിലെ 7.47 വരെയായിരുന്നു അക്ഷയതൃതീയ മുഹൂര്‍ത്തം. ലൈറ്റ് വെയിറ്റ് ആഭരണങ്ങളാണ് ഇത്തവണ അക്ഷയ തൃതീയ ദിനത്തില്‍ കൂടുതലായും വിറ്റഴിച്ചത്. വലിയ തുകയ്ക്ക് പര്‍ച്ചെയ്‌സ് നടത്താതെ കുറഞ്ഞ വിലയ്ക്ക്  ആഭരണങ്ങള്‍ വാങ്ങാന്‍ കൂടുതല്‍ ഉപയോക്താക്കള്‍ എത്തുകയായിരുന്നു.  സ്വര്‍ണനാണയം, കമ്മല്‍, മോതിരം തുടങ്ങിയ ചെറു ആഭരണങ്ങളാണ് കൂടുതല്‍ വിറ്റത്. ഡയമണ്ട്, വെള്ളി, പ്ലാറ്റിനം ആഭരണങ്ങള്‍ക്കും ഡിമാന്‍ഡുണ്ടായിരുന്നു. കൈവശമുള്ള പഴയ സ്വര്‍ണം മാറ്റി പുതിയത് വാങ്ങാന്‍ നിരവധിപേര്‍ എത്തിയെന്നാണ് എന്നാണ് ജുവലറികളില്‍നിന്നുള്ള വിവരം.
പെരുന്നാള്‍,  വിഷു, ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്ക് ശേഷം വിവാഹ സീസണ്‍ ആരംഭിച്ചതോടെ സ്വര്‍ണവിപണി കൂടുതല്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ട്. ഇനി രണ്ട് മാസത്തോളം വിവാഹ സീസണ്‍ ആയതിനാല്‍ സ്വര്‍ണ വിപണിയില്‍ ഉണര്‍വുണ്ടാകും. ഇനിയുള്ള ദിവസങ്ങളില്‍ സ്വര്‍ണ വിലയില്‍ കുറവുണ്ടാകാനും സാധ്യതയുണ്ട്.
 അക്ഷയ തൃതീയ ദിനത്തില്‍ സ്വര്‍ണവിലയില്‍ കുറവുണ്ടായതും വില്‍പന കൂടാന്‍ കാരണമായി. പവന് 240 രൂപയും ഗ്രാമിന് 30 രൂപയും കുറഞ്ഞ് പവന് 44,600 രൂപയിലും ഗ്രാമിന് 5,575 രൂപയിലുമാണ് ഈ ദിനങ്ങളിലെ വ്യാപാരം. സ്വര്‍ണവില മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇപ്പോള്‍ 18 ശതമാനത്തോളം കൂടുതലാണ്.ദേശീയതലത്തില്‍ ഏകദേശം 23,000 കോടി രൂപയുടെ വിറ്റുവരവ് അക്ഷയ തൃതീയ ദിനത്തില്‍ നടന്നതായാണ് വിലയിരുത്തല്‍. 38 ടണ്‍ സ്വര്‍ണാഭരണങ്ങള്‍ വില്‍പന നടത്തി. മുന്‍ വര്‍ഷത്തേക്കാള്‍ 30 ശതമാനം അധികമാണ് വില്‍പന. ്ര
 

Latest News