പൂപ്പാറ അപകടം; മരണം അഞ്ചായി  അശ്രദ്ധയും അമിതവേഗവും കാരണം

എൻഫോഴ്സ്മെന്റ് ആർടിഒയുടെ നേതൃത്വത്തിൽ പൂപ്പാറയിലെ അപകട സ്ഥലം പരിശോധിക്കുന്നു 

ഇടുക്കി- കൊച്ചി- ധനുഷ്‌കോടി ദേശീയപാതയിൽ പൂപ്പാറക്കടുത്ത്  നാലുപേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിനു കാരണം ഡ്രൈവറുടെ അശ്രദ്ധയും അമിതവേഗവുമാണെന്ന് മോട്ടോർ  വാഹന വകുപ്പ്. സംഭവ സ്ഥലത്ത് ഇടുക്കി എൻഫോഴ്സ്മെന്റ് ആർ ടി ഒയുടെ നേതൃത്വത്തിൽ പരിശോധന നടത്തിയ ശേഷമാണ് ഇക്കാര്യം പറഞ്ഞത്.
ശനിയാഴ്ച വൈകിട്ട് ആറേ മുക്കാലോടെയാണ് കൊച്ചി- ധനുഷ്‌കോടി ദേശീയപാതയിൽ ബോഡിമെട്ടിന് സമീപം പാപ്പാത്തി വളവിൽ മിനി ബസ് നിയന്ത്രണം വിട്ടു മറിഞ്ഞത്. തിരുനെൽവേലിയിൽ നിന്ന് മൂന്നാറിലേക്ക് വിവാഹത്തിന് വന്ന വാഹനമാണ് അപടകടത്തിൽ പെട്ടത്. എട്ട് വയസ്സുള്ള കുട്ടിയടക്കം അഞ്ചു പേർ അപകടത്തിൽ ഇതുവരെ മരിച്ചു.
മുമ്പുംനിരവധി വാഹനങ്ങൾ ഇവിടെ അപകടത്തിൽ പെട്ടിട്ടുണ്ട്. അപകടം ഒഴിവാക്കുന്നതിനായി വളവുകൾ തിരിച്ചറിയുന്നതിന് വേണ്ട സൂചന ബോർഡുകളും മറ്റു സുരക്ഷാ സംവിധാനങ്ങളും റോഡിൽ ഒരുക്കിയിട്ടുണ്ട്. എന്നാൽ പുതിയതായി നിർമിച്ച റോഡിലൂടെ അമിതവേഗതയിലുള്ള യാത്ര വലിയ അപകടങ്ങൾക്ക് ഇനിയും കാരണമാകും.
താൽക്കാലിക പരിഹാരമായി ബ്ലിങ്കിംഗ് ലൈറ്റുകളും റോഡിനു കുറുകെ റബ്ബർ സ്ട്രിപ്പുകളും സ്ഥാപിക്കാൻ നിർദേശം നൽകിയതായി ഇടുക്കി എൻഫോഴ്സ്മെന്റ് ആർടിഒ പി എ നസീർ പറഞ്ഞു. പരിശോധന കർശനമാക്കുന്നതിനും കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതിനും  നടപടികൾ സ്വീകരിക്കാൻ സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. അപകടങ്ങൾ കുറക്കാനുള്ള മാർഗങ്ങൾ കണ്ടെത്താൻ പോലീസ്, പൊതുമരാമത്ത് വകുപ്പുകളുടെ സഹകരണത്തോടെ റോഡ് ഓഡിറ്റിംഗ് നടത്തുമെന്നും ആര്‍.ടി.ഒ പറഞ്ഞു.

Latest News