Sorry, you need to enable JavaScript to visit this website.

കർണാടകയിൽ മത്സരിക്കാൻ റാത്തോഡ് എത്തുന്നത് ജഡ്ജി പദവി രാജിവെച്ച്

ബെംഗളൂരു- കർണാടക നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി സുഭാഷ് ചന്ദ്ര റാത്തോഡ് എത്തുന്നത് ജഡ്ജി പദവി രാജിവെച്ച്. പ്രിൻസിപ്പൽ സിവിൽ ജഡ്ജിയും ഗഡഗിലെ ജെ.എം.എഫ്.സി കോടതി ജഡ്ജിയുമായ സുഭാഷ്ചന്ദ്ര റാത്തോഡാണ് ജനതാദൾ(എസ്) ടിക്കറ്റിൽ മത്സരിക്കാൻ വേണ്ടി സർവീസിൽനിന്ന് രാജിവെച്ച് എത്തുന്നത്. ചിറ്റാപൂർ മണ്ഡലത്തിൽനിന്നാണ് റാത്തോഡ് മത്സരിക്കുക. 2016നും 2019നും ഇടയിൽ കലബുറഗി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഫസ്റ്റ് കോടതിയിൽ അഞ്ചാമത്തെ അഡീഷണൽ ജഡ്ജിയായി സേവനമനുഷ്ഠിച്ച റാത്തോഡ്, 2019 മുതൽ 2022 വരെ ചിറ്റാപൂർ ജെ.എം.എഫ്.സി കോടതിയിൽ സിവിൽ ജഡ്ജിയായും സേവനമനുഷ്ഠിച്ചു.
വിജയപുര ജില്ലയിലെ ബസവ ബാഗേവാഡി താലൂക്കിലെ സങ്കനാൽ തണ്ട സ്വദേശിയായ  റാത്തോഡ് തന്റെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത് സങ്കനാൽ, ധവലഗി, ഹുനശ്യാൽ എന്നീ സർക്കാർ സ്‌കൂളുകളിലാണ്. 2008ൽ ധാർവാഡിലെ കർണാടക സ്‌റ്റേറ്റ് ലോ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ ശേഷം, ഒരു സ്വകാര്യ ലോ കോളേജിൽ ഗസ്റ്റ് ലക്ചററായി സേവനമനുഷ്ഠിച്ചു. 2010 മുതൽ ഹുബ്ബള്ളിധാർവാഡിൽ അഭിഭാഷകവൃത്തി ആരംഭിച്ചു. 39 കാരനായ റാത്തോഡ് കഴിഞ്ഞ നവംബറിൽ രാജി സമർപ്പിച്ചു. ജനുവരിയിലാണ് രാജി അംഗീകരിച്ചത്. ഫെബ്രുവരിയിൽ ജെ.ഡി.എസിൽ ചേർന്നു. രാഷ്ട്രീയ പ്രവേശനം യാദൃശ്ചികമായിരുന്നുവെന്നും ചിറ്റാപുർ കോടതിയിൽ ജോലി ചെയ്തിരുന്ന കാലത്ത് നിയമ ബോധവൽക്കരണ പരിപാടികൾ നടത്തി ദുരിതബാധിതരെ സഹായിക്കാറുണ്ടായിരുന്നുവെന്നും സാമൂഹിക പ്രശ്‌നങ്ങളിലുള്ള എന്റെ താൽപര്യം കണ്ടാണ് ചിറ്റപ്പൂർ താലൂക്കിലെ ജനങ്ങൾ രാഷ്ട്രീയത്തിൽ ചേരാൻ നിർദ്ദേശിച്ചതെന്നും റാത്തോഡ് പറഞ്ഞു. പിന്നീട് ഗഡഗിലേക്ക് സ്ഥലം മാറ്റം കിട്ടിയപ്പോഴും ചിറ്റപ്പൂരിലെ ജനങ്ങളുമായുള്ള എന്റെ ബന്ധം അതേപടി തുടർന്നു. നിയമപരമായ കാര്യങ്ങളിലും മറ്റും ഉപദേശം തേടി ആളുകൾ ഗഡാഗ് സന്ദർശിക്കാൻ തുടങ്ങി. പിന്നെ ആളുകളെ സഹായിക്കാൻ ജോലി ഉപേക്ഷിക്കാൻ ഞാൻ തീരുമാനിച്ചുവെന്നും റാത്തോഡ് പറഞ്ഞു.

Latest News