ന്യൂദല്‍ഹി- സുഡാനില്‍നിന്ന് ഇന്ത്യക്കാരെ റോഡ് മാര്‍ഗം ഒഴിപ്പിക്കുന്നതിഒനുള്ള ആലോചന ശക്തം. റോഡ് മാര്‍ഗം നീങ്ങുന്നതില്‍ ഏറെ വെല്ലുവിളികളുണ്ടെന്നും സുരക്ഷിതത്വം ഉറപ്പുപറയാനാകില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യക്കാരുമായി എംബസി സമ്പര്‍ക്കം തുടരുകയാണ്. സാഹസികമായി ആരും നീങ്ങരുതെന്നും വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
സുഡാനിലെ തന്നെ സുരക്ഷിതമായ പ്രദേശത്തേക്ക് ഇന്ത്യക്കാരെ റോഡ് മാര്‍ഗം നീക്കുന്ന കാര്യമാണ് ആലോചിക്കുന്നത്.
വ്യോമസേനയുടെ രണ്ടു സി 130 വിമാനങ്ങള്‍ ജിദ്ദയില്‍ തയാറായി നില്‍ക്കുന്നുവെങ്കിലും വിമാനത്താവളങ്ങള്‍ പ്രവര്‍ത്തനക്ഷമമല്ലാത്തത് വെല്ലുവിളിയാകുന്നു. നാവികസേന കപ്പലായ ഐ.എന്‍.എസ് സുമേധ, പോര്‍ട്ട് സുഡാനിലെത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
സുഡാനില്‍നിന്ന് ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തിവരികയാണ്. സുഡാനിലെ സുരക്ഷാസ്ഥിതി വിലയിരുത്തിയാകും രക്ഷാദൗത്യം. സുഡാനിലെ വ്യോമപാത വിദേശ വിമാനങ്ങള്‍ക്ക് തുറന്നു നല്‍കിയിട്ടില്ല.
എംബസി ഉദ്യോഗസ്ഥരെയും പൗരന്‍മാരെയും എയര്‍ ലിഫ്റ്റ് ചെയ്തതായി യു.എസ് നേരത്തെ അറിയിച്ചിരുന്നു. ഫ്രാന്‍സ് പൗരന്‍മാരെയും എംബസി ഉദ്യോഗസ്ഥരെയും വഹിച്ചുപോവുകയായിരുന്ന വാഹനവ്യൂഹം അക്രമിക്കപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. രാജ്യത്തെ റഷ്യന്‍ പൗരന്‍മാരെയെല്ലാം എംബസിയിലെത്തിച്ചു. ഇവരെ പുറത്തെത്തിക്കുന്നത് എങ്ങനെയെന്നതില്‍ തീരുമാനമായില്ല. ഒഴിപ്പിക്കല്‍ ദൗത്യത്തിനായി സ്വീഡന്‍ 400 സൈനികരെ സുഡാനിലേക്ക് അയയ്ക്കാന്‍ തീരുമാനിച്ചു. സുഡാനിലെ ഇന്റര്‍നെറ്റ് സേവനം ഏറെക്കുറെ പൂര്‍ണമായും വിഛേദിക്കപ്പെട്ടത് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
ശനിയാഴ്ച സുഡാനില്‍നിന്ന് ഇന്ത്യക്കാരടക്കമുള്ള ചിലരെ രക്ഷപ്പെടുത്തിയതായി സൗദി അറേബ്യ അറിയിച്ചിരുന്നു. 157 പേരെയാണ് സുഡാനില്‍നിന്ന് ജിദ്ദയിലെത്തിച്ചത്. ഇതില്‍ 91 പേര്‍ സൗദി പൗരന്മാരാണ്. ഇന്ത്യയടക്കം 12 രാജ്യങ്ങളില്‍നിന്നുള്ളവരാണ് ബാക്കി 66 പേര്‍. മൂവായിരത്തോളം ഇന്ത്യക്കാരാണ് സുഡാനിലുള്ളത്.