വിദേശ വ്യാപാരം ഉടന്‍ ഇന്ത്യന്‍ രൂപയിലുമെന്ന് പീയുഷ് ഗോയല്‍

ന്യൂദല്‍ഹി- വ്യാപാരികള്‍ക്ക് ഉടന്‍ തന്നെ രൂപയുടെ കറന്‍സിയില്‍ വിദേശ വ്യാപാരം നടത്താന്‍ സാധിക്കുമെന്ന് വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി ബാങ്കുകള്‍ ഇന്ത്യന്‍ ബാങ്കുകളില്‍ പ്രത്യേക വോസ്‌ട്രോ അക്കൗണ്ടുകള്‍ തുറക്കുന്നതോടെയാണ് ഇന്ത്യന്‍ രൂപയില്‍ വിനിമയം സാധിക്കുക. 

യു. കെ, സിംഗപ്പൂര്‍, ന്യൂസിലാന്‍ഡ് എന്നിവയുള്‍പ്പെടെ 18 രാജ്യങ്ങളില്‍ നിന്നുള്ള കറസ്പോണ്ടന്റ് ബാങ്കുകളുടെ പ്രത്യേക രൂപ വോസ്ട്രോ അക്കൗണ്ടുകള്‍ തുറക്കുന്നതിനുള്ള 60 അഭ്യര്‍ഥനകള്‍ക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അംഗീകാരം നല്‍കി.

സെന്‍ട്രല്‍ ബാങ്ക്, വിവിധ രാജ്യങ്ങളിലെ തങ്ങളുടെ സഹപ്രവര്‍ത്തകരുമായി ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

യൂറോപ്യന്‍ യൂണിയന്‍, യു. കെ, കാനഡ തുടങ്ങിയ വികസിത പ്രദേശങ്ങളുമായുള്ള സ്വതന്ത്ര വ്യാപാര കരാറുകള്‍ക്കുള്ള ചര്‍ച്ചകള്‍ 'വിപുലമായ' ഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

യൂറോപ്യന്‍ ഫ്രീ ട്രേഡ് അസോസിയേഷന്‍ ഫ്രീ ട്രേഡ് എഗ്രിമെന്റ്, ഗള്‍ഫ് കോ-ഓപ്പറേഷന്‍ കൗണ്‍സില്‍, യുറേഷ്യന്‍ ഇക്കണോമിക് യൂണിയന്‍ ന്നിവയുള്‍പ്പെടെയുള്ള ഗ്രൂപ്പുകളും ഇന്ത്യയുമായി സമാനമായ കരാറുകള്‍ക്കായി ചര്‍ച്ചകള്‍ ആരംഭിക്കാന്‍ താത്പര്യപ്പെടുന്നുണ്ട്.

ടെക്‌സ്‌റ്റൈല്‍സ് മേഖലയ്ക്കുള്ള ഉത്പാദന- ബന്ധിത പ്രോത്സാഹന പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍, ഈ വിഷയത്തില്‍ വിപുലമായ പങ്കാളിത്ത ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

വളരെ വൈകാതെ തന്നെ പദ്ധതിയുടെ രൂപരേഖകള്‍ അന്തിമമാക്കാനും ഉയര്‍ന്ന തലത്തില്‍ അംഗീകാരത്തിനെടുക്കാനും കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest News