കാസര്‍കോട്ട് നാലംഗ മയക്കുമരുന്ന് റാക്കറ്റ്  പിടിയില്‍

കാസര്‍കോട്- ബേക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടത്തിയ വന്‍ മയക്കുമരുന്ന് വേട്ടയില്‍ യുവതി അടക്കം നാലുപേര്‍ പോലീസിന്റെ പിടിയിലായി. ചട്ടഞ്ചാല്‍ തെക്കില്‍ സ്വദേശി അബൂബക്കര്‍ (35), ഭാര്യ തെക്കില്‍ പുത്തരിയടുക്കത്തെ ആമിന അസ്ര (25), ബംഗളുരു കല്യാണ്‍ നഗറിലെ എ.കെ വസീം (32), ബംഗളൂരു ഹെര്‍മാവു സ്വദേശി പി.എസ് സൂരജ് (31) എന്നിവരെയാണ് ബേക്കല്‍ ഇന്‍സ്‌പെക്ടര്‍ യു.പി വിപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഉദുമ പള്ളത്ത് നിന്നും അറസ്റ്റു ചെയ്തത്. ബേക്കല്‍ ഡിവൈ.എസ്.പി സി.കെ സുനില്‍ കുമാറിന്റെ നിര്‍ദ്ദേശ പ്രകാരം എത്തിയ പോലീസ് സംഘം പ്രതികള്‍ സഞ്ചരിച്ച കാറില്‍ നിന്നും 153 ഗ്രാം എം.ഡി.എം.എ ആണ് പിടിച്ചെടുത്തത്. കാറും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കാസര്‍കോട് ഭാഗത്ത് നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്നു മയക്കുമരുന്ന് കടത്ത് സംഘം. വിപണിയില്‍ ലക്ഷക്കണക്കിന് രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തത്. അറസ്റ്റിലായ വസീമും സൂരജും ചേര്‍ന്ന് ബംഗളൂരില്‍ നിന്നും കടത്തിക്കൊണ്ടു വരികയായിരുന്നു മയക്കുമരുന്ന്. പ്രതികളെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് വിവരങ്ങള്‍ ശേഖരിച്ച ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കാസര്‍കോട് ജില്ലയില്‍ സ്ഥിരമായി മയക്കുമരുന്ന് കടത്തുന്ന സംഘമാണ് ഇതെന്ന് പോലീസ് പറഞ്ഞു. 
                  

Latest News