വയനാട്ടിലെ ഉപ തെരഞ്ഞെടുപ്പ്, മെയ് ഒന്നിന്  തെരഞ്ഞെടുപ്പ് കമ്മീഷന്‍ സമ്പൂര്‍ണ യോഗം

ന്യൂദല്‍ഹി- വയനാട്ടിലെ ഉപതെരഞ്ഞെടുപ്പ് സാധ്യത തള്ളാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍. വയനാട് ഉപതെരഞ്ഞെടുപ്പിനായുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങി. സമ്പൂര്‍ണ തെരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗം മേയ് ഒന്നിന് ചേരും. മേയ് ഒന്നുവരെ ഭരണഘടനാകോടതികളുടെ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ ഉപതെരഞ്ഞെടുപ്പിന് സാധ്യതയുണ്ട്.
അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ കോടതി തള്ളിയെങ്കിലും മേല്‍കോടതിയെ സമീപിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഉടന്‍ നടപടി സ്വീകരിക്കേണ്ടെന്ന നിലപാടിലായിരുന്നു നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍. എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ട രാഹുലിന് കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ടതോടെ വയനാട് വീണ്ടും തെരഞ്ഞെടുപ്പ് ഉണ്ടാകുമോ എന്ന് ഉറ്റുനോക്കുകയായിരുന്നു രാഷ്ട്രീയ കേരളം.അതേസമയം മാനനഷ്ടക്കേസില്‍ രണ്ട് വര്‍ഷം ശിക്ഷ കിട്ടിയതിനെ തുടര്‍ന്ന് എംപി സ്ഥാനം നഷ്ടമായ രാഹുല്‍ ഗാന്ധി ദല്‍ഹിയിലെ ഔദ്യോഗിക വസതി ഒഴിഞ്ഞു. 19 വര്‍ഷം താമസിച്ച വീട്ടിലെ ജീവനക്കാരോട് യാത്ര പറഞ്ഞ രാഹുല്‍ വീട് പൂട്ടി താക്കോല്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. സത്യം പറഞ്ഞതിനുള്ള വിലയാണ് നല്‍കുന്നതെന്നും പോരാട്ടം തുടരുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Latest News