ഖാര്‍ത്തൂം- സുഡാനില്‍ വിമാനത്താവളങ്ങള്‍ ഭാഗികമായി തുറക്കാന്‍ സന്നദ്ധമാണെന്ന് ആര്‍.എസ്.എഫ് അറിയിച്ചു. വിവിധ രാജ്യങ്ങളുടെ ഒഴിപ്പിക്കല്‍ നടപടികള്‍ സുഗമമാക്കാന്‍ വേണ്ടിയാണിത്. വിവിധ രാജ്യങ്ങളുടെ നയതന്ത്രകാര്യാലയങ്ങളുമായി ചേര്‍ന്ന് ഇതിനായി പ്രവര്‍ത്തിക്കാനും പൗരന്മാരെ സുരക്ഷിതമായി കൊണ്ടുപോകാനും എല്ലാ സഹായങ്ങളും നല്‍കുമെന്ന് അവര്‍ പ്രസ്താവനയില്‍ അറിയിച്ചു. എന്നാല്‍ സുഡാനിലെ വിമാനത്താവളങ്ങളില്‍ എത്രത്തോളം നിയന്ത്രണം ആര്‍.എസ്.എഫിനുണ്ട് എന്ന് വ്യക്തമല്ല.
സുഡാന്‍ ആര്‍മി മേധാവി അബ്ദുല്‍ ഫത്താഹ് അല്‍ ബുര്‍ഹാന്റേയും ഉപമേധാവി മുഹമ്മദ് ഹംദാന്‍ ദഗ്ലുവിന്റേയും അനുയായികളായ സൈനിക വിഭാഗങ്ങളാണ് ഏറ്റുമുട്ടുന്നത്. ഔദ്യോഗിക സൗന്യം ബുര്‍ഹാന്റേയും അര്‍ധനസൈനിക വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സ് ദഗ്ലുവിന്റേയും ഒപ്പമാണ്. സൈനികവിഭാഗങ്ങള്‍ പരസ്പരം ഏറ്റുമുട്ടലാരംഭിച്ചതോടെ സുഡാനില്‍ ജീവിതം ദുസ്സഹമായിരിക്കുകയാണ്. ഒരാഴ്ചയായി തുടരുന്ന അക്രമങ്ങളില്‍ ഇതിനകം 400 പേര്‍ കൊല്ലപ്പെട്ടു. പ്രധാന സര്‍ക്കാര്‍ കേന്ദ്രങ്ങളും വിമാനത്താവളങ്ങളും നിയന്ത്രണത്തിലാക്കാനാണ് ഇരുകൂട്ടരുടേയും ശ്രമം. ഖാര്‍ത്തൂം അന്താരാഷ്ട്രവിമാനത്താവളം അടക്കം ആക്രമണത്തിനിരയായതോടെ വ്യോമ സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.
സ്വന്തം നാട്ടുകാരെ സുഡാനില്‍നിന്ന് സുരക്ഷിതമായി ഒഴിപ്പിക്കാന്‍ ശ്രമം ആരംഭിച്ചതായി അമേരിക്ക, ജപ്പാന്‍, സ്വിറ്റ്‌സര്‍ലാന്റ്, ദക്ഷിണ കൊറിയ, സ്വീഡന്‍, സ്‌പെയിന്‍ എന്നീ രാജ്യങ്ങള്‍ അറിയിച്ചു. ഐക്യരാഷ്ട്രസഭാ ഉദ്യോഗസ്ഥരെ സുരക്ഷിതമായി കൊണ്ടുപോകാനും ശ്രമം തുടരുകയാണ്.