സുഡാനിൽനിന്ന് സൗദി പൗരൻമാരെയും വഹിച്ചുള്ള മൂന്നാമത്തെ കപ്പലും ജിദ്ദയിലെത്തി

ജിദ്ദ- സുഡാനിൽനിന്നുള്ള സൗദി പൗരൻമാരെ ഒഴിപ്പിക്കുന്നത് തുടരുന്നു. ഇന്ന് ഇതേവരെ മൂന്നു കപ്പലുകളാണ് സുഡാനിൽനിന്ന് ജിദ്ദ തുറമുഖത്ത് എത്തിയത്. മറ്റു രാജ്യങ്ങളിലെ പൗരൻമാരും ഈ കപ്പലിൽ ഉണ്ട്. ഇന്ത്യക്കാരുണ്ടോ എന്ന കാര്യം വ്യക്തമല്ല. സുഡാനിൽനിന്ന് ഒഴിപ്പിക്കുന്ന ഇന്ത്യക്കാരെ പാർപ്പിക്കാൻ ജിദ്ദയിലെ ഇന്ത്യൻ എംബസി സ്‌കൂളിൽ വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

നാലു കപ്പലുകളിലായി 158 പേരെയാണ് സുഡാനിൽനിന്ന് ഒഴിപ്പിക്കുന്നത്. സുഡാൻ സൈന്യത്തിന്റെ സഹകരണത്തോടെയാണ് ഒഴിപ്പിക്കൽ നടക്കുന്നത്. ഇതേവരെയുള്ള വിവരം അനുസരിച്ച് നാലു കപ്പലുകളിലാണ് സുഡാനിൽനിന്ന് സൗദി പൗരൻമാരെ ഒഴിപ്പിക്കുന്നത്. 

ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽനിന്ന് സൗദി പൗരൻമാരെ ഒഴിപ്പിക്കുന്നതിനുള്ള നീക്കം സജീവമാണ്.  റിയാദിലേക്ക് യാത്ര തിരിക്കാനിരിക്കെ ഖാർതൂം വിമാനത്താവളത്തിൽ സൗദിയ വിമാനത്തിനു നേരെ ആദ്യ ദിവസം വെടിവെപ്പുണ്ടായിരുന്നു. ഈ സമയത്ത് വിമാന ജീവനക്കാരും യാത്രക്കാരും വിമാനത്തിനകത്തുണ്ടായിരുന്നു. വിമാന ജീവനക്കാരെയും വിമാനത്തിലുണ്ടായിരുന്ന സൗദി പൗരന്മാരായ യാത്രക്കാരെയും ഖാർത്തൂം വിമാനത്താവളത്തിൽ നിന്ന് ഒഴിപ്പിച്ച് സുഡാനിലെ സൗദി എംബസിയിൽ എത്തിച്ചു. സുഡാൻ ലക്ഷ്യമിട്ട് സഞ്ചരിക്കുകയായിരുന്ന സൗദിയ വിമാനങ്ങളെ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ സൗദിയിലേക്ക് തിരിച്ചുവിളിക്കുകയായിരുന്നെന്നും യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷ മുൻനിർത്തി സുഡാനിലേക്കും തിരിച്ചുമുള്ള സർവീസുകൾ നിർത്തിവെച്ചതായും സൗദിയ പ്രസ്താവനയിൽ പറഞ്ഞു.


 

Latest News