രാഹുല്‍ ഗാന്ധി ഇന്ന് ഔദ്യോഗിക വസതി ഒഴിയും, ഇനി താമസം അമ്മയോടൊപ്പമെന്ന് സൂചന

ന്യൂദല്‍ഹി - അപകീര്‍ത്തിക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് ലോക്സഭാ അംഗത്വം റദ്ദാക്കിയ സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധി ഇന്ന് ഔദ്യോഗിക വസതി ഒഴിയും. രണ്ടു പതിറ്റാണ്ടായി താമസിച്ചിരുന്ന 12 തുഗ്ലക് ലൈനില്‍ നിന്ന്  വെള്ളിയാഴ്ച വൈകുന്നേരത്തോടെ സാധനങ്ങള്‍ പൂര്‍ണമായി മാറ്റിയിരുന്നു. വസതിയുടെ താക്കോല്‍ ശനിയാഴ്ച ലോക്സഭാ സെക്രട്ടേറിയറ്റിന് കൈമാറും. ഇന്നാണ്  ഔദ്യോഗിക വസതി ഒഴിയേണ്ട അവസാന ദിനമായി ലോകസഭാ സെക്രട്ടറിയേറ്റ് നിശ്ചയിച്ചിരുന്നത്. അമ്മ സോണിയാ ഗാന്ധിയുടെ ഔദ്യോഗിക വസതിയായ 10 ജന്‍പഥിലാണ് രാഹുല്‍ ഗാന്ധി ഇനി താമസിക്കുകയെന്നാണ് സൂചന. 2004ല്‍ ഉത്തര്‍പ്രദേശിലെ അമേഠിയില്‍ നിന്ന് ആദ്യമായി പാര്‍ലമെന്റിലെത്തിയപ്പോഴാണ് ഔദ്യോഗിക വസതിയായി തുഗ്ലക് ലൈന്‍ 12 ലഭിച്ചത്. അപകീര്‍ത്തിക്കേസില്‍ മാര്‍ച്ച് 23 ന് സൂറത്ത് മജിസ്‌ട്രേറ്റ് കോടതി രണ്ടുവര്‍ഷത്തെ തടവിനു ശിക്ഷിച്ചതിനു തൊട്ടു പിന്നാലെ രാഹുല്‍ ഗാന്ധിയെ ലോകസഭാംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കുകയായിരുന്നു. ഇതിന് ശേഷം ഒരു മാസത്തിനകം വസതി ഒഴിയണമെന്ന് ലോക്‌സഭാ സെക്രട്ടറിയേറ്റ് നിര്‍ദ്ദേശിക്കുകയും ചെയ്തു.

 

 

Latest News