ന്യൂദല്‍ഹി - അതീഖ് അഹമ്മദിനെയും സഹോദരനെയും വെടിവെച്ചുകൊന്നതിന് പ്രതികാരമായി ഇന്ത്യയില്‍ ഭീകരാക്രമണം നടത്തുമെന്ന് ഭീകര സംഘടനയായ അല്‍ഖ്വയ്ദയുടെ ഭീഷണി. ഈദ് ദിന സന്ദേശത്തിലാണ് ഭീഷണി. അല്‍ ഖ്വയ്ദയുടെ മാധ്യമ വിഭാഗമായ അസ് സഹബ് പുറത്തിറക്കിയ ഏഴ് പേജുള്ള മാസികയിയിലൂടെയാണ് ഭീഷണി. കൊല്ലപ്പെട്ട അതീഖിനെയും അഷ്റഫിനെയും രക്തസാക്ഷികള്‍ എന്നാണ് മാസികയില്‍ വിശേഷിപ്പിക്കുന്നത്. ഉമേഷ് പാല്‍ വധക്കേസിലെ പ്രതികളായ അതീഖ് അഹമ്മദിനെയും സഹോദരന്‍ അഷ്റഫിനെയും ഏപ്രില്‍ 16 ന് പ്രയാഗ്രാജില്‍ വച്ച് മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേന മൂന്ന് പേര്‍ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. വൈദ്യപരിശോധനയ്ക്കായി മെഡിക്കല്‍ കോളജില്‍ എത്തിച്ചപ്പോഴായിരുന്നു സംഭവം. കനത്ത പൊലീസ് സുരക്ഷയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെ പെട്ടെന്ന് സംഘം വെടിയുതിര്‍ക്കുകയായിരുന്നു.






