മംഗളുരു- പ്രധാനമന്ത്രി നരേന്ദ്ര മോഡി ശനിയാഴ്ച മുതിര്‍ന്ന ബി.ജെ.പി നേതാവ് ഈശ്വരപ്പയെ ഫോണില്‍ വിളിച്ചു സംസാരിച്ചതിന് തുടര്‍ന്ന്, പാര്‍ട്ടിയുടെ നിര്‍ദ്ദേശപ്രകാരം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുമെന്ന് അടുത്തിടെ പ്രഖ്യാപിച്ച അദ്ദേഹം ആ തീരുമാനം പിന്‍വലിച്ച് പാര്‍ട്ടിയില്‍ സജീവമാകാന്‍ തീരുമാനിച്ചു. പാര്‍ട്ടിയോടുള്ള ഈശ്വരപ്പയുടെ പ്രതിബദ്ധതയെ പ്രധാനമന്ത്രി നരേന്ദ്ര മോഡി അഭിനന്ദിക്കുകയും ചെയ്തു. മൂന്ന് പതിറ്റാണ്ടായി അദ്ദേഹം പ്രതിനിധീകരിക്കുന്ന ശിവമോഗ മണ്ഡലത്തില്‍നിന്നാണ് മുന്‍ മന്ത്രി ഈശ്വരപ്പയ്ക്ക് ടിക്കറ്റ് നിഷേധിച്ചിരുന്നത്. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു ഈശ്വരപ്പ. അദ്ദേഹത്തിന്റെ മകനും സീറ്റ് നല്‍കിയിരുന്നില്ല. 'രാവിലെ പ്രധാനമന്ത്രി മോഡി എന്നെ വിളിച്ചപ്പോള്‍ ഞാന്‍ ആശ്ചര്യപ്പെട്ടു. എന്നെപ്പോലുള്ള പാര്‍ട്ടി പ്രവര്‍ത്തകരെ അദ്ദേഹം അംഗീകരിച്ചത് വലിയ സന്തോഷമുള്ള കാര്യമാണ്. ഇത് എല്ലാ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പ്രചോദനമാണ്,' ഈശ്വരപ്പ പറഞ്ഞു.
'മുതിര്‍ന്ന നേതാക്കളുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് അഞ്ച് മിനിറ്റിനുള്ളില്‍ ഞാന്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കാനുള്ള തീരുമാനം ഉപേക്ഷിക്കുകയാണ് ചെയ്തത്. ഈ സംഭവവികാസം എന്നെ അത്ഭുതപ്പെടുത്തുകയും സന്തോഷിപ്പിക്കുകയും ചെയ്തു. പാര്‍ട്ടിയുടെ ഉത്തരവ് പാലിച്ചതില്‍ പ്രധാനമന്ത്രി മോഡി സന്തോഷം പ്രകടിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി മോഡി കര്‍ണാടകയില്‍ വരുമ്പോള്‍ ഈശ്വരപ്പയെ കാണാമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ട്. പാര്‍ട്ടിയെ അധികാരത്തിലെത്തിക്കാന്‍ അദ്ദേഹം നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. ബി.ജെ.പി വീണ്ടും അധികാരത്തില്‍ എത്തിയാല്‍ ഏതെങ്കിലും ഉന്നത പദവിയില്‍ ഈശ്വരപ്പയെ അവരോധിച്ചേക്കും എന്നാണ് സൂചന. ഈശ്വരപ്പയ്ക്ക് പ്രധാനമന്ത്രി മോദി നല്ല ഉറപ്പ് നല്‍കിയതായി പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. ഈശ്വരപ്പ പാര്‍ട്ടിയുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചപ്പോള്‍, മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടറും മുന്‍ ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സവാദിയും കലാപത്തിന്റെ കൊടി ഉയര്‍ത്തി കോണ്‍ഗ്രസിലേക്ക് മാറുകയായിരുന്നു.
ഈശ്വരപ്പയുടെ സ്ഥാനത്ത് ഇപ്പോള്‍ സിറ്റി കോര്‍പ്പറേഷന്‍ അംഗമായ വിശ്വസ്തനായ പാര്‍ട്ടി പ്രവര്‍ത്തകനെയാണ് ബിജെപി ശിവമോഗ സീറ്റില്‍ മത്സരിപ്പിച്ചിരിക്കുന്നത്.






