കാസര്‍കോട്- പെരുന്നാള്‍ തിരക്കിന്റെ മറവില്‍ കാസര്‍കോട് നഗരത്തിലും സമീപ പ്രദേശങ്ങളിലും മോഷണസംഘവും തട്ടിപ്പുകാരും വിലസുന്നു.ഇതേ തുടര്‍ന്ന് കാസര്‍കോട്, വിദ്യാനഗര്‍, മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷനുകളുടെ പരിധികളില്‍ പൊലീസ് പരിശോധന ശക്തമാക്കി. വനിതാ പൊലീസും പ്രത്യേകമായി പരിശോധന നടത്തുന്നുണ്ട്. തിരക്കേറിയ ബസുകളില്‍ കയറി സ്ത്രീകളുടെ സ്വര്‍ണമാലയും വിലപിടിപ്പുള്ള സാധനങ്ങളും കവര്‍ന്നെടുക്കുന്ന സംഘങ്ങള്‍ സജീവമാണ്. ഇന്നലെ വിദ്യാനഗറില്‍ ബസ് കാത്തുനില്‍ക്കുന്നതിനിടെ വീട്ടമ്മയുടെ രണ്ടരപവന്‍ സ്വര്‍ണമാണ് കവര്‍ന്നത്. കാസര്‍കോട് പഴയ ബസ് സ്റ്റാന്റിലും പോക്കറ്റടി സംഘം വിലസുകയാണ്. തമിഴ് നാടോടികളും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള മറ്റ് സംഘങ്ങളുമാണ് കൂടുതലും മോഷണത്തിനിറങ്ങുന്നത്. കുട്ടികളെയും കൊണ്ട് പുറത്തുപോകുമ്പോള്‍ സൂക്ഷിക്കണമെന്നും സംശയം തോന്നിയാല്‍ പൊലീസില്‍ അറിയിക്കണമെന്നും കാസര്‍കോട് സി.ഐ പി അജിത്കുമാര്‍ നിര്‍ദേശം നല്‍കി. രാത്രി വൈകുവോളം നഗരത്തില്‍ ചുറ്റിപ്പറ്റി നടക്കരുതെന്നും തിരക്കേറിയ സ്ഥാപനങ്ങളില്‍ കയറുമ്പോള്‍ പോലും സൂക്ഷിക്കണമെന്നും സി.ഐ വ്യക്തമാക്കി. വ്യാപാസ്ഥാപനങ്ങള്‍ക്കകത്ത് മാത്രമല്ല, പുറത്തും ദൃശ്യം കാണത്തക്ക വിധത്തില്‍ സി.സി.ടി.വി ക്യാമറകള്‍ സജ്ജീകരിക്കാനും പൊലീസ് നിര്‍ദേശമുണ്ട്. വസ്ത്രക്കടകളിലും ചെരിപ്പുകടകളിലും വരെ തട്ടിപ്പ് സംഘം എത്തുന്നുണ്ട്. അതേ സമയം സ്ത്രീകളെ ഉപദ്രവിക്കുന്ന സംഘവും സജീവമാണ്.