മാസം തികയാതെ പ്രസവിച്ച കുഞ്ഞിന്റെ അവശിഷ്ടങ്ങള്‍ പുറത്തെടുത്തു

കോട്ടയം- വൈക്കത്ത് ഭ്രൂണം കുഴിച്ചിട്ട സംഭവത്തില്‍ ഭ്രൂണാവശിഷ്ടങ്ങള്‍ പുറത്തെടുത്തു. വെള്ളിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെ വൈക്കം തഹസില്‍ദാരുടെ സാന്നിധ്യത്തില്‍ പോലീസും ഫോറന്‍സിക് സംഘവും ചേര്‍ന്നാണ് ഭ്രൂണാവശിഷ്ടം പുറത്തെടുത്തത്. ഗര്‍ഭം അലസിപ്പോയതാണെന്നാണ് പ്രാഥമിക നിഗമനം. വിശദമായ പരിശോധനക്കു ശേഷമേ സംഭവത്തില്‍ കൂടുതല്‍ വ്യക്തത കൈവരികയുള്ളൂവെന്ന് പോലീസ് അറിയിച്ചു.

വൈക്കം തലയാഴം 10ാം വാര്‍ഡ് ആലത്തൂര്‍പടി ജങ്ഷനില്‍ ആക്രിവസ്തുക്കള്‍ ശേഖരിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ വാടകയ്ക്കുതാമസിക്കുന്ന വീട്ടിലാണ് സംഭവം നടന്നത്. വീട്ടില്‍ ഒരുമാസം മുന്‍പ് എത്തിയ പശ്ചിമബംഗാള്‍ സ്വദേശിനിയായ ഐഷ(20)യ്ക്ക് ബുധനാഴ്ച രാത്രിയില്‍ വയറുവേദനയും രക്തസ്രാവവും ഉണ്ടായി. ഐഷയുടെ ഭര്‍ത്താവ് നജ്ബുല്‍ ഷെയ്ഖ് വീട്ടുടമസ്ഥയായ സ്ത്രീയോട് വിവരം പറഞ്ഞു. ഇവര്‍ സ്ഥലത്തെത്തിയപ്പോള്‍ ശൗചാലയത്തില്‍ ഐഷയുടെ വയറില്‍നിന്ന് ഭ്രൂണം പുറത്തുവന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭ്രൂണം നജ്ബുല്‍ ഷേക്ക് പ്ലാസ്റ്റിക് കൂടിലിട്ട് വീടിനു തെക്കുഭാഗത്തെ കുളത്തിന് സമീപം മറവുചെയ്യുകയായിരുന്നു.

വെള്ളിയാഴ്ച ഭ്രൂണാവശിഷ്ടങ്ങള്‍ പുറത്തെടുത്തതിന് പിന്നാലെ വൈക്കം എ.സി.പിയുടെ നേതൃത്വത്തില്‍ പോലീസ് ദമ്പതിമാരെ ചോദ്യംചെയ്തു. ഗര്‍ഭിണിയായിരുന്നു എന്ന വിവരം അറിയില്ലായിരുന്നു എന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്. പരിശോധനയ്ക്കായി ഭ്രൂണാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെ ഫോറന്‍സിക് സംഘം ശേഖരിച്ചിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചയോടെ ദമ്പതിമാര്‍ ഭ്രൂണം കുഴിച്ചിട്ട വിവരം വീട്ടുടമസ്ഥ വാര്‍ഡിലെ ആശാ വര്‍ക്കറെ അറിയിച്ചതോടെയാണ് പോലീസ് ഇടപെടലിലേക്ക് കടന്നത്.

 

Latest News