അഹമ്മദാബാദ്- പ്രധാനമന്ത്രി നരേന്ദ്രമോഡി വിവാഹം ചെയ്തിട്ടില്ലെന്ന മധ്യപ്രദേശ് ഗവർണറും ഗുജറാത്ത് മുൻ മുഖ്യമന്ത്രിയുമായ ആനന്ദി ബെൻ പട്ടേലിന്റെ പ്രസ്താവനക്കെതിരെ മോഡിയുടെ ഭാര്യ യശോദ ബെൻ രംഗത്ത്. ഗുജറാത്തിലെ പ്രമുഖ പത്രത്തിലാണ് മോഡി വിവാഹം ചെയ്തിട്ടില്ലെന്ന ആനന്ദി ബെൻ പട്ടേലിന്റെ പ്രസ്താവന വന്നത്.
നരേന്ദ്ര ഭായ് എന്നെ വിവാഹം ചെയ്തിട്ടില്ലെന്ന ആനന്ദി ബെൻ പട്ടേലിന്റെ പ്രസ്താവന തന്നെ അത്ഭുതപ്പെടുത്തിയെന്നും വിവാഹക്കാര്യം മോഡി തന്നെ 2014-ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയതാണെന്നും യശോദബെൻ പറഞ്ഞു.
ആനന്ദി ബെൻ പട്ടേലിനെ പോലെ ഉയർന്ന വിദ്യാഭ്യാസമുള്ള ഒരാളിൽനിന്ന് ഇത്തരം പ്രസ്താവനകൾ വരുന്നത് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും തന്റെ സഹോദരൻ അശോക് മോഡിയുടെ മൊബൈലിൽ റെക്കോർഡ് ചെയ്ത വീഡിയോയിൽ ആനന്ദി ബെൻ പറഞ്ഞു.
തന്റെ മാത്രമല്ല, മോഡിയുടെ കൂടി ഇമേജ് തകർക്കാനാണ് ആനന്ദി ബെൻ പട്ടേൽ ഇത്തരം പ്രസ്താവന നടത്തിയത്. ഞാൻ വളരെയേറെ ബഹുമാനിക്കുന്ന വ്യക്തിയാണ് മോഡി. എനിക്ക് അദ്ദേഹം രാമനെ പോലെയാണ്. യശോദ ബെൻ പറഞ്ഞു.
നേരത്തെ എഴുതിത്തയ്യാറാക്കിയ പ്രസ്താവനയാണ് യശോദ ബെൻ വീഡിയോയിൽ റെക്കോർഡ് ചെയ്തത്. ഇക്കാര്യം യശോദയുടെ സഹോദരൻ അശോക് മോഡി സ്ഥിരീകരിക്കുകയും ചെയ്തു.






