Sorry, you need to enable JavaScript to visit this website.

ഉമ്മ കൈവീശിയകന്നു, തോരാമിഴികളുമായി മമ്മൂഞ്ഞ്

കോട്ടയം- സ്‌നേഹിച്ചുകൊതിതീരാത്ത മകന്‍ വെള്ളിയാഴ്ച്ച തോരാമിഴികളോടെ ഉമ്മയെ യാത്രയാക്കി. നോമ്പിന്റെ പുണ്യമാസറുതിയില്‍ ഉമ്മ കൈവീശിയകലുമ്പോള്‍ മമ്മൂഞ്ഞിനു മുന്നില്‍ മായുന്നത് ജീവിത നന്മയുടെ നിറനിലാവ്.  ആറ്റുനോറ്റുണ്ടായ മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി ചെമ്പ് പാണംപറമ്പില്‍ ഫാത്തിമയ്ക്ക് മമ്മൂഞ്ഞായിരുന്നു. പെയ്തു തീരാത്ത ആ വാത്സല്യമാണ് ഇന്നലെ പടിയിറങ്ങിയത്. ചെമ്പ് ജും ആ മസ്ജിദ് ഖബര്‍സ്ഥാനില്‍ വൈകുന്നേരം നടന്ന അന്ത്യചടങ്ങുകളില്‍ നാട് ഒന്നാകെ ഒഴുകിയെത്തി.

വിവാഹം കഴിഞ്ഞ് അഞ്ചു കൊല്ലത്തെ കാത്തിരിപ്പിനു ശേഷം പിറന്ന മകനെ ഉമ്മ സ്‌നേഹ വലയത്തിലാണ് വളര്‍ത്തിയത്.  പിന്നീട് മൂന്നു പെണ്‍മക്കളും രണ്ടാണ്മക്കളും ഇസ്മായില്‍ - ഫാത്തിമ ദമ്പതികള്‍ക്ക് പിറന്നു.ഉമ്മയുമായുളള മമ്മൂട്ടിയുടെ ബന്ധത്തെക്കുറിച്ച് മമ്മൂട്ടി തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്.'തന്റെ ഉമ്മ ഒരു പാവമാണ്. ഞാന്‍ അഭിനയിക്കുന്ന സിനിമയില്‍ തന്റെ കഥാപാത്രത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ എന്നെ ആരെങ്കിലുമൊന്ന് അടിച്ചാല്‍ ഉമ്മയുടെ കണ്ണ് ഇപ്പോഴും നിറയും,' എന്ന് മമ്മൂട്ടി തന്നെ പറയുകയുണ്ടായി.

താര രാജാവായി വളര്‍ന്നപ്പോഴും ഏതു തിരക്കുകള്‍ക്കിടയിലും ഉമ്മയോട് സംസാരിക്കാന്‍ മമ്മൂട്ടി സമയം കണ്ടെത്തിയിരുന്നു. ലോക്കേഷനിലെ തിരക്കാര്‍ന്ന ഷെഡ്യൂളിലും ഉമ്മയോട് മണിക്കൂറുകളോളം സംസാരിക്കുമായിരുന്നു. ഉമ്മയെ വസതിയില്‍ വന്നു ഇടയ്ക്കിടെ താമസിക്കണമെന്നത് മമ്മൂട്ടിക്ക് നിര്‍ബന്ധമായിരുന്നു. തന്റെ ജീവിതത്തിലെ ആദ്യ സുഹൃത്തായിരുന്നു ഉമ്മയെന്ന് മമ്മൂട്ടി പറഞ്ഞിട്ടുണ്ട്. കുടുംബാംഗങ്ങള്‍ക്കൊപ്പമുളള യാത്രകളും മമ്മൂട്ടിയ്ക്ക് ഇഷ്ടമായിരുന്നു.

ഓമനിച്ചു വളര്‍ത്തിയ മകന് വല്യുപ്പയുടെ പേരായിരുന്നു മാതാപിതാക്കള്‍ നല്‍കിയത്. അങ്ങനെ മൂത്തമകന്‍ മുഹമ്മദ് കുട്ടിയായി. അത് പിന്നെ മമ്മൂട്ടിയായി പരിണമിച്ചപ്പോള്‍ പിണങ്ങിയത് ഉമ്മയാണ്. മകനെ ഒരുപാടു ശകാരിച്ചു എന്ന് ഉമ്മ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്.
അടങ്ങിയിരിക്കുന്ന സ്വഭാവമല്ലായിരുന്നു മകന്. പതിനാലാം വയസില്‍ ചെമ്പില്‍ നിന്നും പൂച്ചാക്കല്‍ വരെ ഒറ്റയ്ക്ക് കെട്ടുവള്ളവുമായി പോയി തിരികെവന്നു. വൈകുന്നേരം നല്ല അടിയും വാങ്ങി. ചെമ്പിലെ കൊട്ടകയില്‍ കൊണ്ടുപോയി സിനിമ കാണാന്‍ പഠിപ്പിച്ചത് ബാപ്പയാണ്. പിന്നെ സഹോദരങ്ങളുടെ കൂടെയായി പോക്ക്. ഒരു സിനിമ പോലും വിട്ടിരുന്നില്ല.

സിനിമാ ലൊക്കേഷനിലെ വിശേഷം മുഴുവനും വീട്ടില്‍ പറയും. ചിലത് അഭിനയിച്ചു കാണിക്കും. ചെറുപ്പത്തിലേ സ്വന്തം വഴി തിരിച്ചറിയാന്‍ മകന് സാധിച്ചു. അത് നല്ലതിലേക്കായിരുന്നു എന്ന ചാരിതാര്‍ഥ്യം ഉമ്മയുടെ വാക്കുകളില്‍ നിറഞ്ഞിരുന്നുസിനിമാ ലൊക്കേഷനിലെ വിശേഷം മുഴുവനും വീട്ടില്‍ പറയും. ചിലത് അഭിനയിച്ചു കാണിക്കും. ചെറുപ്പത്തിലേ സ്വന്തം വഴി തിരിച്ചറിയാന്‍ മകന് സാധിച്ചു. അത് നല്ലതിലേക്കായിരുന്നു എന്ന സന്തോഷത്തിലായിരുന്നു എന്നും ഉമ്മ.

നടന്‍ മമ്മൂട്ടിയുടെ ഉമ്മ ഫാത്തിമാ ഇസ്മായില്‍ ( 93 ) വെള്ളിയാഴ്ച്ചയാണ് അന്തരിച്ചത്.കോട്ടയം ചെമ്പ് പരേതനായ പാണപറമ്പില്‍ ഇസ്മായേലിന്റെ ഭാര്യയാണ്.. നടന്‍ ഇബ്രാഹിം കുട്ടി, സക്കരിയ, അമീന, സൗദ, ഷഫീന എന്നിവരാണ് മറ്റു മക്കള്‍.മരുമക്കള്‍: പരേതനായ സലിം (കാഞ്ഞിരപ്പള്ളി), കരിം (തലയോലപ്പറമ്പ്), ഷാഹിദ് (കളമശേരി), സുല്‍ഫത്ത്, ഷെമിന, സെലീന

 

Latest News