പിറക്കാത്ത കുഞ്ഞിനു ജാതകമെഴുതുന്ന വിദ്യ പണ്ടേ സ്വായത്തമാണ് നമ്മുടെ പ്രിയ സഖാക്കൾക്ക്. പണ്ട് 1972 ൽ ദില്ലിയിലെ ചുകപ്പുകോട്ടയിൽ ചുവന്ന കൊടികെട്ടുമെന്ന് അഞ്ചു കൊല്ലം മുമ്പേ പ്രഖ്യാപിച്ച താത്വികാചാര്യന്മാരുണ്ടായിരുന്നു. അതിനു ശേഷം കടലുണ്ടിപ്പുഴയിലൂടെ എത്രയോ ലിറ്റർ ജലം ഒഴുകിപ്പോയി. ഗതകാലം ചൂണ്ടിക്കാട്ടി ശവത്തിൽ കുത്തുന്ന ഏർപ്പാട് ശരിയല്ലാത്തതിനാൽ 'എതിർ മാന്യന്മാർ' അതിനു പോകാറില്ല. ഇന്നത്തെ ആചാര്യന്മാരാകട്ടെ, താരതമ്യേന മൈനർ വിഭാഗത്തിൽ പെടുന്നു. അതുകൊണ്ടു തന്നെ ചില സ്റ്റഡി സെന്ററുകളിൽ ക്ലാസെടുപ്പും ചർച്ചയും മാത്രമായി കഴിഞ്ഞു പോരുന്നു. പരസ്യ പ്രസ്താവനകൾ പോലും ഇക്കൂട്ടർക്കു നിഷിദ്ധം. ക്ലാസ് കഴിഞ്ഞാൽ ദോശ, ചമ്മന്തി ഇത്യാദി ആഹരിച്ച ശേഷം മടക്കയാത്ര. വല്യേട്ടൻ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിക്കു മാത്രം ഇക്കാര്യത്തിൽ ഇളവുണ്ട്. 'ബൗദ്ധിക'ത്തേക്കാൾ 'കായിക' പ്രാധാന്യമാണ് സഖാവിന്റെ പ്രവർത്തനങ്ങൾ. അതു മറന്ന് ഇടയ്ക്കിടെ ബുദ്ധിജീവിപ്പട്ടം മോഹിക്കുക സ്വാഭാവികം. അങ്ങനെ അദ്ദേഹം 'വന്ദേഭാരത്' യാത്രയും കല്ല് പിഴുതുകൊണ്ടുപോയ കെ റെയിലും തമ്മിൽ താരതമ്യ പഠനത്തിന് ഇറങ്ങിപ്പുറപ്പെട്ടു. ഇതുവരെ ആരും കണ്ടുപിടിക്കാത്ത ഒരു രഹസ്യവും കൂടി വെളിവായി; കേന്ദ്ര സഹമന്ത്രിയേക്കാൾ കണക്കിൽ കേമനാണ് ഗോവിന്ദൻ സഖാവെന്ന്. വന്ദേഭാരത് വണ്ടിയിൽ 'അപ്പ'വുമായി കയറിയാൽ രണ്ടാം ദിവസമേ എത്താൻ സാധിക്കുകയുള്ളൂവത്രേ! പഴയ 'ട്രെയിൻ തടയൽ' പരിപാടി പൊടിതുടച്ച് പുറത്തെടുക്കാനുള്ള നീക്കമാണെന്നു സംശയിക്കണം. വഴിമുടക്കിയാൽ മതിയല്ലോ! അക്കാര്യത്തിൽ 'ആഗോളകേമ'ന്മാരാണുതാനും!
ഇരുപതു മിനിറ്റ് ഇടവിട്ടുള്ള കെ റെയിലിൽ പോയാൽ അപ്പം വിറ്റു കഴിഞ്ഞു ഉച്ച ഭക്ഷണം കഴിക്കാൻ തിരിച്ചെത്താമെന്നാണ് പഴയ കായികാധ്യാപകന്റെ കണക്ക്. ശരിയായിരിക്കാം, അപ്പവുമായി കൊല്ലത്തുനിന്നു കയറിയാൽ തലസ്ഥാനത്തെത്തുന്ന കാര്യമായിരിക്കണം. അടുത്തകാലത്തൊന്നും സഖാവ് ട്രെയിനിൽ കയറിട്ടില്ല എന്നു മാത്രമല്ല, റെയിവേ ടൈംടേബിൾ കണ്ടിട്ടുമില്ല എന്ന് ഇതോടെ തെളിഞ്ഞു. എന്നാലെന്ത്? ജഡ്ജിക്കും ഉന്നതോദ്യാഗസ്ഥനും വക്കീലന്മാർക്കും മാത്രമല്ല 'കുടുംബശ്രീ' പ്രവർത്തകർക്കും കയറാനുള്ളതാണ് തീവണ്ടി എന്ന വർഗവീക്ഷണപരമായ സിദ്ധാന്തം ഗോവിന്ദൻ സഖാവ് അരക്കിട്ടുറപ്പിക്കുക തന്നെ ചെയ്തു. ഇനി വണ്ടി വരണം. ഈ കെ റെയിൽ എവിടെയാണാവോ?
**** **** ****
ഒരു ഷർട്ടുമിടാതെ ജനതയെ മുഴുവൻ നയിച്ച മനുഷ്യനാണ് ഗാന്ധിജി. ദാരിദ്ര്യം കൊണ്ടല്ല. ഇംഗ്ലണ്ടിൽ പോയി വക്കീൽ പരീക്ഷ പാസായിട്ടും ആഡംബര ഭ്രമമുണ്ടായില്ല. രണ്ടു ജോഡി ഖദർ വേഷവുമായി ഇന്ത്യൻ പ്രസിഡന്റ് മന്ദിരത്തിൽ കടന്നു ചെന്നയാളാണ് ഡോ. രാജേന്ദ്ര പ്രസാദ്. പാർട്ടി നിയോഗിച്ചു. കാലാവധി കഴിഞ്ഞപ്പോൾ പുറത്തിറങ്ങി. ഇന്ന് അങ്ങനെയാണോ? കാലം മാറി, കഥ മാറി. 2011 ൽ മന്ത്രിയാകുമെന്നു കരുതുകയും മോഹിക്കുകയും ചെയ്തായാളാണ് നമ്മുടെ വി.ഡി. സതീശനാശാൻ. എന്തു ചെയ്യാം, 2021 ൽ മധുരോദാരമായ ഒരു പകവീട്ടലിലൂടെ പ്രതിപക്ഷ നേതാവാകാനേ തരപ്പെട്ടുള്ളൂ. ഇനി 'തലേവര' നന്നാകുമെന്ന ഉറപ്പുമില്ല. ഓരോ പാർട്ടി നേതാവും മുഖ്യമന്ത്രിയാകാൻ കൊതിക്കുന്ന, ലോകത്തെ ഏക പാർട്ടി കോൺഗ്രസാണെന്ന് ആരും കണ്ണടച്ചുകൊണ്ടു പറയും. കൃത്യമായൊരു സർവേ നടത്തി, രേഖയുണ്ടാക്കി എത്രയും വേഗം ഗിന്നസ് ബുക്കിലോ, ലിംക ബുക്‌സിലോ കയറിപ്പറ്റാൻ ശ്രമിക്കുന്നതാണ് സംഘടനയ്ക്ക് അഭികാമ്യം. 2011 ലെ മോഹം പൊലിഞ്ഞ ശേഷമുണ്ടായ നൈരാശ്യത്തെ പുസ്തക വായന കൊണ്ടാണ് സതീശനാശാൻ മറികടന്നതത്രേ! അതിനു മുമ്പ് പുസ്തകം കൈകൊണ്ടു തൊടാറില്ലായിരുന്നുവോ എന്ന് ചില ദോഷൈകദൃക്കുകൾ ചോദിച്ചേക്കും. ഇന്നത്തെ ന്യൂജെൻ പയ്യന്മാർ വിരൽ കൊണ്ടു തോണ്ടി നടക്കുന്നതുപോലെ, ടി പ്രതിപക്ഷ നേതാവും 'മൊബൈൽ ധാരി' ആയിരുന്നുവോ എന്ന് പഴയ രേഖകൾ പരിശോധിക്കണം. ഒരു കാര്യം യഥാർഥമാണ്, കോൺഗ്രസ് നേതാക്കൾ കസേര കിട്ടാതെ വരുമ്പോഴാണ് പുസ്തക വായനയിലേക്കും സിനിമാപ്പാട്ടിലേക്കും തിരിഞ്ഞതെന്ന്. 'പാനോ'പചാരങ്ങൾ പണ്ടേയുണ്ടായിട്ടും പലർക്കും നിരാശ വിട്ടുപോകാതെ 'കണിയങ്കാട്ടു നീലി'യെപ്പോലെ കൂടിയിരിക്കുന്ന കാര്യം ദില്ലി നേതൃത്വം തിരിച്ചറിഞ്ഞത് ഭാവിയിലേക്കുള്ള ഒരു നല്ല സൂചനയാണ്. 'മദ്യവും ഖദറും' വിഷയത്തിൽ അങ്ങനെയാണല്ലോ ഒരു 'നവലിബറൽ' നിലപാടു രൂപപ്പെട്ടത്. അതിനു കെ.സി. വേണുഗോപാലിനെ അഭിനന്ദിക്കണം. 'കേരള നിരാശരുടെ' കാര്യം അങ്ങോർക്കല്ലേ അറിയൂ! നമ്മുടെ ഈ യുവ 'കേസി' തലപൊക്കിയ ശേഷം ഉമ്മൻ ചാണ്ടിയുടെ വലംകൈയായ കെ.സി. ജോസഫിന് വാതുറക്കാനുള്ള അവസരം പോലും അനർഥമായിക്കഴിഞ്ഞു. 75 വയസ്സുള്ള കേസി ഈയിടെ അരമനയും കെ.പി.സി.സിയും തമ്മിൽ ബന്ധപ്പെടുത്തി എന്തോ പറഞ്ഞു പുലിവാൽ പിടിച്ചു. കേന്ദ്ര ഭരണപ്പാർട്ടിയും കെ.പി.സി.സിയും മാറി മാറി തരം പോലെ എന്നല്ല, ക്യൂ പാലിച്ച് അരമനയും പള്ളിയും കയറിയിറങ്ങുന്നതും സർബത്തും മുന്തിരിപ്പഴവും കഴിക്കുന്നതുമൊക്കെ കേസിയും ആസ്വദിക്കുന്നു. പക്ഷേ, മിണ്ടാൻ പാടില്ല. അതാണ് ഭാവി ജനാധിപത്യം. അതിൽ പാർട്ടിയുണ്ടാവില്ല. 250 ഡി.സി.സി സെക്രട്ടറി, 1040 ബ്ലോക്ക് പ്രസിഡന്റ് ഒക്കെയുണ്ടാകും. പക്ഷേ കമാന്നു മിണ്ടിപ്പോകരുത്. കൈയിൽ ഏൽപിച്ച രസീതു ബുക്കുകളുടെ കാര്യം മാത്രം നോക്കിയാൽ മതി.
**** **** ****
മോഷ്ടാക്കളുടേതു പോലെ തന്നെ മൃഗങ്ങൾക്കും ചില 'മൊഡെസ് ഓപറാന്റി'യൊക്കെയുണ്ട്. ചിലർ കൊല്ലുന്നു. കക്കുന്നു. ചിലർ കൊല്ലാതെ കൊല്ലുന്നു, കക്കുന്നു അല്ലെങ്കിൽ പിടിച്ചുപറിക്കുന്നു. അവരെ രാഷ്ട്രീയക്കാർ എന്നു ചിലർ മനഃപൂർവം ആക്ഷേപിക്കുന്നു. എന്നാൽ നാൽക്കാലികളോ? ആനയ്ക്കുമുണ്ട് നാലുകാലുകൾ. അവയ്ക്കു രസീതു ബുക്കുമായി പിരിവിന് ഇറങ്ങാനുള്ള മാനസിക ഘടനയില്ല. അങ്ങനെ ഒരാന വീട്ടിൽ കയറുന്നു.
എല്ലാം തവിടുപൊടിയാക്കി, ശേഷം, ഒന്നാന്തരം ചമ്പാവരിയോ പച്ചരിയോ ശാപ്പിട്ടു മടങ്ങുന്നു. മറ്റൊരു കൊമ്പൻ നല്ല വരിക്കച്ചക്ക അന്വേഷിച്ചാണ് നടപ്പ്. തൊണ്ണൂറു ദിവസം കഴിഞ്ഞിട്ടും അരിക്കൊമ്പൻ ഒരു ചർച്ചാവിഷയമാണ്.
നല്ലൊരു ബിസിനസ്സാണ് എന്നു പറഞ്ഞാൽ ഏറെ ശരി. വനംവകുപ്പ് മന്ത്രിക്ക് സമാധാനത്തോടെ കുറച്ചു പ്രസ്താവനകൾ ചെയ്യാൻ കഴിഞ്ഞുവെന്നതു കഴിച്ചാൽ, അരിക്കൊമ്പൻ ഇപ്പോഴും കാട്ടിൽ തന്നെ; ഇച്ചിരി നേരംപോക്കിന് നാട്ടിലും. ചക്കക്കൊമ്പനും പുള്ളിക്കാരനും തമ്മിൽ വയർലസ് ബന്ധം വല്ലതുമുണ്ടോ എന്നന്വേഷിക്കണം. കാട്ടിലെ ഗജകേസരികൾ തമ്മിൽ അത്തരം 'കമ്യൂണിക്കേഷൻ' ഉണ്ടെങ്കിൽ നാട്ടുകാരുടെ കാര്യം 'പൊക'!






