കനൽക്കട്ട പോലെയായി കേരളം. ഉഷ്ണമാപിനികൾ പോലും പൊട്ടിത്തെറിക്കുന്ന കൊടുംചൂടിൽ ഉരുകുന്നു നിരവധി നദികളൊഴുകുന്ന കേരളം. ജനങ്ങൾ എന്തു ചെയ്യണമെന്നറിയാതെ പായുകയാണ്. എ.സിയിട്ട മുറികളും കാറുകളും പോലും ആളുകൾക്ക് ആശ്വാസമാകുന്നില്ല. കനൽ പോലെ കത്തുന്ന കണ്ണുകളുമായി നാട് നമ്മെ തുറിച്ചുനോക്കുകയാണ്.
നാൽപതു ഡിഗ്രിയും കവിഞ്ഞ് മേലേക്കു പോകുന്ന താപനില കണ്ട് അന്ധാളിച്ചുനിൽക്കുന്ന സുന്ദര കേരളം. ഇടക്കിടെ പെയ്യുന്ന വേനൽമഴയോ കാറ്റോ ആശ്വാസം തീർക്കാൻ പര്യാപ്തമല്ല, മറിച്ച് ഭൂമിയെ ഒരു ഹോമകുണ്ഡം പോലെയാക്കി മാറ്റുകയാണ്. നഗരങ്ങൾ മഹാനഗരങ്ങളായും ഗ്രാമങ്ങൾ നഗരങ്ങളായും അതിദ്രുതം പരിണമിച്ചുകൊണ്ടിരിക്കുന്ന കാലത്ത് നമ്മുടെ ജീവിത താളങ്ങളിൽനിന്നകന്ന്, സ്വഛസങ്കൽപങ്ങളിൽനിന്ന് വേറിട്ട് അന്യവത്കരിക്കപ്പെട്ട മറ്റൊരു ദേശമായി മാറുന്ന ദൈവത്തിന്റെ സ്വന്തം നാട്.
അവശേഷിക്കുന്ന കുളിർമയെങ്കിലും നാടിന് പകർന്ന് നൽകുന്ന പശ്ചിമഘട്ടത്തിലെ ഹരിതാഭയെ പടിയിറക്കാൻ വെമ്പൽ കൊള്ളുന്ന മലയാളി ഇതനുഭവിക്കേണ്ടതാണ്. ഇതേ കോളത്തിൽ മുമ്പ് പലപ്പോഴും ചൂണ്ടിക്കാട്ടിയ വിഷയമാണിത്. നദികളിൽ വിഷം കലക്കിയ, പാടങ്ങളിൽ ഹർമ്യങ്ങളുയർത്തിയ, വായുവിൽ മഹാരോഗങ്ങളുടെ അണുക്കൾ വിതറിയ നമ്മുടെ കൃതഘ്‌നതയുടേയും നികൃഷ്ട ഭാവനകളുടെയും വ്യാളീമുഖത്തേക്ക് രോഷത്തിന്റെ കനലുകളെരിച്ച് പ്രതിഷേധിക്കുകയാണ് പ്രകൃതി.
ഇക്കൊല്ലത്തെ ഏറ്റവും വലിയ പരിസ്ഥിതി വാർത്ത ഒരുപക്ഷേ കൊച്ചിയിലെ മാലിന്യക്കൂമ്പാരത്തിന് തീപ്പിടിച്ചതാണ്. മുമ്പെങ്ങുമില്ലാത്ത വിധം അത് വായു മലിനീകരിച്ചു. ദിവസങ്ങളോളം കൊച്ചിയിലും സമീപപ്രദേശങ്ങളിലുമുള്ളവരെ ശ്വാസം മുട്ടിച്ചു. അവരുടെ ശ്വാസകോശങ്ങളിലേക്ക് വിഷവായു പടർന്നുകയറി. കൊടിയ അഴിമതിയുടെയും സ്വജനപക്ഷപാതിത്വത്തിന്റെയും നീണ്ട കഥകൾ ദിവസങ്ങളോളം അയവിറക്കി നാം വീണ്ടും പഴയ പോലെയായി. തീയണഞ്ഞതോടെ നമ്മുടെ ആവേശവും അസ്തമിച്ചു.
കടുത്ത വെയിലിന്റെ ഉഷ്ണപ്രവാഹത്തോടൊപ്പം വീശിയടിക്കുന്ന ഉഷ്ണക്കാറ്റ് കൂടിയായപ്പോൾ നാട് അതികഠിനമായ ചൂടിലും വരൾച്ചയിലും അമർന്നു. ജലസ്രോതസ്സുകൾ വറ്റി വരണ്ടു. നൂറ്റാണ്ടിലെ തന്നെ വലിയ താപനില ഉഷ്ണമാപിനികൾ രേഖപ്പെടുത്തി. കാലാവസ്ഥ വ്യതിയാനം കൊണ്ടു മാത്രമല്ല ഈ പ്രതിഭാസമെന്ന് വിദഗ്ധർ പറയുന്നു. മറിച്ച് നമ്മുടെ കൈയിലിരിപ്പ് കൊണ്ടു കൂടിയാണ്.
നമ്മുടെ എല്ലാ പാരിസ്ഥിതിക ചർച്ചകളും പരിസ്ഥിതിവാദികൾ, വികസനവാദികൾ എന്ന ദ്വന്ദ്വത്തിലാണ് അവസാനിക്കുക. തികച്ചും വിരുദ്ധ താൽപര്യങ്ങളുള്ള ശത്രുക്കളായാണ് ഈ രണ്ടു കൂട്ടരെയും നാം കാണുന്നത്. നാടിന്റെ പുരോഗതിക്കും വികസനത്തിനും തടസ്സം നിൽക്കുന്നവരായാണ് പരിസ്ഥിതി വാദികളെ മറുവിഭാഗം ചിത്രീകരിക്കുന്നത്. അതേ ശക്തിയിൽ തന്നെ പ്രതിരോധിക്കുന്ന പരിസ്ഥിതിവാദികൾ, പ്രകൃതിയേയും ഭൂമിയേയും തകർക്കുകയും നശിപ്പിക്കുകയും ചെയ്യുന്ന വൈതാളികരായി വികസനവാദികളെ വിശേഷിപ്പിക്കുന്നു. ഇന്നിന്റെ മാത്രം സുഖം തേടുന്ന, പണക്കൊതിയന്മാരും ആഡംബരപ്രിയരുമായ, അടുത്ത തലമുറക്കായി ഒന്നും നീക്കിവെക്കാത്തവരായി വിശേഷിപ്പിച്ചാണ് വികസനവാദികളെ എതിർപക്ഷം നിലംപരിശാക്കുന്നത്. കാലങ്ങളായി തുടരുന്ന ഈ ദ്വന്ദ്വയുദ്ധം പക്ഷേ പരിസ്ഥിതിയെ നശിപ്പിക്കുന്നത് തടയാനോ വികസനം കൊണ്ടുവരാനോ സഹായകമായില്ലെന്ന് മാത്രം.
പരിസ്ഥിതിയും വികസനവും യോജിക്കുന്ന ഒരു മേഖല കണ്ടെത്താനുള്ള ശ്രമം പരിപൂർണ വിജയത്തിലെത്താതെ അവശേഷിക്കുകയാണ്. അവിടെയും ഇവിടെയും ചില മിന്നാമിനുങ്ങുകളുടെ നുറുങ്ങുവെട്ടം ഇല്ലാതെയില്ല. പക്ഷേ അവയൊന്നും സമഗ്രമായ ഒരു നയരൂപീകരണത്തിലേക്ക് എത്താൻ ഇതുവരെ സഹായകമായിട്ടില്ല. പ്ലാസ്റ്റിക് നിരോധം പോലെയുള്ള ചില കാര്യങ്ങളെടുത്താൽ നാട്ടിൽ ആശാസ്യമായ പുരോഗതി പ്രത്യക്ഷത്തിൽ തന്നെ കാണാൻ കഴിയും. അതുപോലും ഉറച്ച കാഴ്ചപ്പാടും നിലപാടുകളുമുള്ള ചില ഉദ്യോഗസ്ഥരുടെ ശ്രമഫലമാണെന്ന് പറയേണ്ടിവരും. മാറിമാറി വരുന്ന സർക്കാരുകൾക്ക് ഇക്കാര്യത്തിൽ നയമോ നിലപാടോ ഇല്ലായിരുന്നു എന്നല്ല. കാലാകാലത്തേക്കും വേണ്ട ഒരു നയം അല്ലെങ്കിൽ നിയമ നിർമാണം ഉണ്ടാകുന്നില്ലെന്നാണ്. ജലക്ഷാമത്തിന്റെ കാര്യം തന്നെയെടുക്കുക. മുമ്പ് നാട്ടിൽ ജലക്ഷാമം രൂക്ഷമായ വേളയിൽ കേരളത്തിലെ വ്യാപാരി വ്യവസായികൾ ഒരു തീരുമാനം കൈക്കൊള്ളുകയുണ്ടായി. നാടിന്റെ ജലമൂറ്റുന്ന കോള കമ്പനികളോടുള്ള പ്രതിഷേധ സൂചകമായി ഇനി കടകളിൽ കോള വിൽക്കില്ല എന്നായിരുന്നു ഇത്. ഏറെ സ്വാഗതം ചെയ്യപ്പെട്ട ഈ തീരുമാനം പക്ഷേ ആഴ്ചകൾക്കുള്ളിൽ തന്നെ മാറിമറിഞ്ഞു. ഞങ്ങൾ മാത്രം വിചാരിച്ചിട്ട് കോളകളുടെ വിൽപന തടയാനാവില്ലെന്നും അതിനാൽ വെറുതെ സാമ്പത്തിക നഷ്ടം വരുത്തേണ്ടെന്നും വ്യാഖ്യാനിച്ച് തീരുമാനത്തിൽനിന്ന് അവർ പിന്നോട്ടു പോയി. എന്തായിരുന്നു മാറ്റത്തിന് പിന്നിലെ യഥാർഥ കാരണം എന്നത് അജ്ഞാതമായി ശേഷിക്കുന്നു. കോളക്കമ്പനികൾക്കെതിരായ ജനകീയ സമരങ്ങൾക്ക് എന്തു സംഭവിച്ചു എന്നത് നമ്മുടെ മുന്നിലുണ്ട്.
പരിസ്ഥിതി സംരക്ഷണം മുഖ്യ അജണ്ടയായി സ്വീകരിച്ചിട്ടുള്ള ഇടതുപക്ഷം അധികാരത്തിൽ വരുമ്പോഴും സ്ഥിതി മാറുന്നില്ല എന്നത് കൗതുകകരമായ യാഥാർഥ്യമാണ്. മൂന്നാർ ഭൂമി കൈയേറ്റ പ്രശ്‌നം സർക്കാർ ഭൂമി സ്വകാര്യ വ്യക്തികൾ കൈയേറിയെന്നത് മാത്രമല്ല, പരിസ്ഥിതിക്ക് ഹാനികരമായ രീതിയിൽ അവിടെ നിർമാണ പ്രവർത്തനങ്ങൾ നടത്തിയെന്നത് കൂടിയാണ്. പശ്ചിമഘട്ട സംരക്ഷണത്തിനുള്ള ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകൾക്ക് മേൽ നടന്ന ചർച്ചകളും പ്രക്ഷോഭങ്ങളും അനുനയങ്ങളുമൊക്കെ വിരൽ ചൂണ്ടുന്നതും ഇതിലേക്ക് തന്നെ. ഒരേ ആശയഗതിയുള്ള പാർട്ടികളിൽ തന്നെ വലിയ ഭിന്നതയുടേയും എതിർപ്പുകളുടേയും സ്വരമുയരുമ്പോൾ ആശയക്കുഴപ്പത്തിലാകുന്നത് സാധാരണ ജനമാണ്. സർക്കാരിന്റെ നയരൂപീകരണം അസാധ്യമായി വരുന്നതും ഇത്തരം സാഹചര്യങ്ങളിലാണ്.
പരിസ്ഥിതി ബോധവത്കരണം പലപ്പോഴും അപഹാസ്യമായ പ്രചാരണ പ്രവർത്തനങ്ങളിൽ ഒതുങ്ങുകയാണ്. കഴിഞ്ഞ വർഷത്തെ വനദിനാചരണത്തിന് മരം നട്ട അതേ കുഴിയിൽ തന്നെ ഇക്കൊല്ലവും മരം നടുന്ന കോമാളിക്കാഴ്ചകളാണ് ഇത്തരം ദിനാചരണങ്ങൾ നൽകുന്നത്. താരസാന്നിധ്യവും കുറെ പ്രഖ്യാപനങ്ങളുമെല്ലാമായി കൊണ്ടാടപ്പെടുന്ന ഇത്തരം ദിനങ്ങൾ ആ ദിവസത്തിനപ്പുറത്തേക്ക് യാതൊരു ചലനവുമുണ്ടാക്കാതെ അവസാനിക്കുകയാണ്. ജലദിനവും ഭൗമ ദിനവുമൊക്കെ ഇങ്ങനെ തന്നെ. പ്രതീകാത്മകമായ ചില ബോധവത്കരണ രീതികൾ വേണ്ടെന്നല്ല. അവ, സമൂഹത്തിൽ ചലനങ്ങളുണ്ടാക്കാത്ത കെട്ടുകാഴ്ചകൾ മാത്രമാകുമ്പോഴാണ് പ്രശ്‌നം. പരിസ്ഥിതി ബോധമുള്ള ഒരു തലമുറയെ വളർത്തിയെടുക്കാൻ സാർഥകമായ എന്തു ശ്രമങ്ങൾ നാം നടത്തിയിട്ടുണ്ട് എന്നാലോചിക്കുന്നത് നന്നായിരിക്കും, പരിസ്ഥിതി പാഠ്യപദ്ധതിയിലുൾപ്പെടുത്തണമെന്ന ആവശ്യത്തിന് ഏറെ പഴക്കമുണ്ട്. സ്‌കൂളുകളിൽ കുട്ടികളും അധ്യാപകരും മറ്റും ചേർന്നു നടത്തുന്ന കൃഷിക്കാഴ്ചകളും വിളവെടുപ്പുത്സവങ്ങളുമായി അത് അവസാനിക്കുകയാണ്. സ്‌കൂളിൽനിന്ന് പുറത്തിറങ്ങുമ്പോഴും ഒരു ജൈവ മനുഷ്യനായി തുടരാനുള്ള ത്രാണി അത് കുട്ടികളിൽ അവശേഷിപ്പിക്കുന്നുണ്ടോ എന്നതാണ് പ്രശ്‌നം.
കാടുകളിൽ തീ പടരുമ്പോൾ, കിണറുകളിൽ വെള്ളം വറ്റുമ്പോൾ, അത്യുഷ്ണം സഹിക്കാനാവാതെ ജീവജാലങ്ങൾ കേഴുമ്പോൾ ഹരിതാഭമായ നമ്മുടെ നാടിനെക്കുറിച്ച സങ്കൽപങ്ങൾ ഗൃഹാതുര സ്മരണകളായി മാറുന്ന ഒരു കാലത്തെക്കുറിച്ച ഭയാശങ്കകൾ വേട്ടക്കാരനെപ്പോലെ നമ്മെ പിന്തുടരുന്നു. പ്രദർശനപരതയുടെ പുറന്തോട് പൊട്ടിച്ച് പുറത്തു വരാതെ മലയാളിക്ക് പ്രകൃതിയൊരുക്കുന്ന തീക്ഷ്ണ പ്രതികരണങ്ങളിൽനിന്ന് രക്ഷപ്പെടുക സാധ്യമല്ല.






