ഇന്നലെ സൗദിയിൽ നിര്യാതനായ സുബൈർ ഹുദവിയെ എഴുത്തുകാരൻ റഫീക്ക് തിരുവള്ളൂര് ഓർത്തെടുക്കുന്നു
സുബൈർ ഹുദവി മരണപ്പെട്ടുവെന്ന വിവരമറിയുന്നത് ചന്ദ്രികയുടെ ദുബായ് എഡിഷനിൽ ഉണ്ടായിരുന്ന മധു റഹ്മാന്റെ വാട്ട്‌സാപ്പ് സന്ദേശത്തിലൂടെയാണ്. എത്രയോ കാലത്തിനു ശേഷം വന്ന മധുവിന്റെ മെസ്സേജ് എന്താവുമെന്ന ആകാംക്ഷയിൽ അതാദ്യം തുറന്നുനോക്കിയതാണ്. 'വളരെ ദുഃഖം നിറഞ്ഞ ഒരു വാർത്ത. കൊപ്പം അൻസാർ നഗർ മഹല്ലിൽ തെക്കുമ്മലയിൽ താമസിക്കുന്ന എം.സി മാനു മുസ്ലിയാരുടെ മകൻ എം.സി സുബൈർ ഹുദവി സൗദിയിൽ മരണപ്പെട്ടിരിക്കുന്നു.' ഒരുറക്കിൽ നിന്നുണർന്നു ഫോണെടുത്തു മെസ്സേജുകൾ നോക്കുന്ന ഞാൻ സ്തബ്ധനായി ഇരുന്നുപോയി. പ്രായവും ജീവിച്ച പ്രകൃതിയും കൊണ്ട് ഞാൻ തന്നെയാണല്ലോ മരിച്ചിരിക്കുന്നത് എന്ന തോന്നലുണ്ടായി. ആയിരത്തിത്തൊള്ളായിരത്തിത്തൊണ്ണൂറാമാണ്ടിൽ പതിനൊന്നു വയസ്സിൽ ദാറുൽ ഹുദയുടെ അഞ്ചാമത്തെ ബാച്ചിൽ പ്രവേശനം കിട്ടിയ എൺപതുപേരിൽ രണ്ടുപേരാണ് ഞങ്ങൾ. പന്ത്രണ്ടു വർഷങ്ങൾ, മിക്ക വർഷവും ഒരേ ബഞ്ചിലിരുന്നു പഠിച്ചവർ. എനിക്കെത്ര വേണ്ടപ്പെട്ടവനും വിലപ്പെട്ടവനുമാണോ സുബൈർ, അത്ര തന്നെ വലുതാണ് തൃശൂർ കാട്ടൂർ സ്വദേശിയായ മധുറഹ്മാനും അവൻ. സുബൈറിന്റെ സൗഹൃദ വലയവും അവൻ സ്വാധീനിച്ച മനുഷ്യരും അവന്റെ ചുറ്റുപാടിൽ നിന്നുണ്ടായി വന്നവരാണ്. അതിനുള്ള ഹേതു അവന്റെ ഊർജ്ജസ്വലമായ സന്നദ്ധതയാണ്, മനുഷ്യരെ സേവിക്കാനുള്ള അവിരാമമായ സന്നദ്ധത. മധു റഹ്മാന്റെ ബന്ധു ദുബായിൽ മരണപ്പെട്ടപ്പോൾ പരേതനും ബന്ധുക്കൾക്കു വേണ്ടി സുബൈർ നടത്തിയ പരിശ്രമങ്ങളും അതിന്റെ പെടാപ്പാടുകളും അവനും അവർക്കുമേ അറിയൂ.
ദുബായിൽ തുടങ്ങിയ പ്രവാസജീവിതം ഇടക്കാലത്ത് സൗദിയിലേക്കു മാറ്റിപ്പിടിച്ചു സുബൈർ. ദുബായിൽ സുന്നി സെന്റർ, കെ.എം.സി.സി തുടങ്ങിയ കൂട്ടായ്മകളിൽ ശോഭിക്കുകയും ക്ഷോഭിക്കുകയും ചെയ്തു കൊണ്ട് അവൻ സജീവമായി ഇടപെട്ടു. സൗദിയിലെത്തിയപ്പോഴും ജോലി കഴിഞ്ഞാൽ അവൻ സേവന പ്രവൃത്തികളിൽ വ്യാപൃതനായി. സമസ്ത കുടുംബത്തിലെ ചെറുതും വലുതുമായ ഒട്ടനേകം കൂട്ടായ്മകളെ ഒരുമിപ്പിച്ച് അഞ്ചുകൊല്ലം മുമ്പേ രൂപീകൃതമായ സമസ്ത ഇസ്‌ലാമിക് സെന്റർ, സൗദി അറേബ്യ(എസ്.ഐ.സി)യുടെ സൗദി നാഷണൽ കമ്മിറ്റി തുടങ്ങി എവിടെയും അവൻ സന്നിഹിതനായി. എവിടെയും വഹിക്കുന്ന പദവികളോ, ലഭിക്കുന്ന ഇടമോ ഒന്നുമായിരുന്നില്ല അവന്റെ ഉത്തരവാദിത്തത്തിന്റെ അളവുകോൽ. ഏതു കാര്യത്തിലും തന്നാലാവുന്നതിലേറെ, മെനക്കെടുക, അതിനു മറ്റുള്ളവരേയും നിർബന്ധപൂർവ്വം തന്നെ പ്രേരിപ്പിക്കുക. ഇതായിരുന്നു സുബൈറിന്റെ പ്രകൃതം. സുഹൃത്തുക്കളും സഹപ്രവർത്തകരും ഓർമ്മിക്കുന്നതുപോലെ മറ്റുള്ളവരുടെ കണ്ണീരൊപ്പാൻ, മരിച്ചവരുടെ ശേഷക്രിയകൾ ചെയ്യാൻ, ആർക്കും എപ്പോഴും സഹായമായി നിൽക്കാൻ, ആവശ്യം വന്നാൽ തിരുത്താനും ശാസിക്കാനും അവനുണ്ടാവും. അവന്റെ ഊർജ്ജസ്വലമായ പ്രവർത്തനരീതികൾക്കും ശ്രമകരമായ മുന്നിട്ടിറങ്ങലുകൾക്കും മുന്നിൽ മറുത്തൊന്നും പറയാതെ ആരുമവനെ അനുസരിച്ചുപോകും. കെ.എം.സി.സിയുടെയും എസ്.കെ.എസ്.എസ്.എഫിന്റെയും സന്നദ്ധസേവക വിഭാഗങ്ങളിൽ സേവകനായും നിർദ്ദേശങ്ങൾ നൽകുന്ന നാതാവായും അവനെ ഒരേ സമയം കാണാം. വിഖായ എന്ന പേരിൽ സമസ്തയുടെ വിദ്യാർത്ഥി പ്രസ്ഥാനം രൂപപ്പെടുത്തിയ കരുതൽ സേവകരുടെ ശൃംഖലക്ക് സഊദിയിൽ മേൽവിലാസമുണ്ടാക്കുന്നതിൽ സുബൈർ വഹിച്ച ദൗത്യപൂർത്തീകരണങ്ങളും ഇപ്പോൾ സ്മരിക്കപ്പെടുന്നു.

ചെമ്മാട് ദാറുൽഹുദയുടെ സൃഷ്ടിയാണ് സുബൈർ. ദാറുൽഹുദ അറിവും അന്നവും നൽകി അതിന്റെ സന്തതികൾക്ക് അവരവരുടെ വിഭവശേഷികൾ തിരിച്ചറിയാനും പോഷിപ്പിക്കാനുമാണ് ഒരർത്ഥത്തിൽ അവസരമേകിയത്. സുബൈർ ചെറുപ്പത്തിലേ സംഘാടകനായിരുന്നു. സാമൂഹിക സേവകനായിരുന്നു. പതിനൊന്നു വയസ്സിൽ കാമ്പസിലെത്തിയ ഞങ്ങൾക്ക് കൈകാലുകളുറക്കുകയും ശാരീരിക ശേഷി കൈവരികയും ചെയ്ത കാലം മുതൽ സുബൈർ കാമ്പസിലെ സന്നദ്ധസേവകനായിരുന്നു. സോഷ്യൽ അഫേഴ്‌സ് എന്ന പേരിലൊരു വിഭാഗം കാമ്പസിൽ പ്രവർത്തിച്ചിരുന്നു. കാമ്പസിലെ കൃഷി മുതൽ തെങ്ങുകയറ്റം വരെ അവരവരുടെ ചുമതലയാക്കി. ഉമറും സുബൈറും ഗഫൂറും സാവാൻ സലീമും നാസറും, അങ്ങനെ കുറേപേരായിരുന്നു സോഷ്യൽ അഫേഴ്‌സിന്റെ ദൃഢഗാത്രങ്ങൾ. ദാറുൽ ഹുദയുടെ മുന്നിലെ മനോഹരമായ ഉദ്യാനം അവരുടെ നിർമിതിയായിരുന്നു. പഠനസമയം കഴിഞ്ഞാൽ ഇത്യാദി പ്രവർത്തനങ്ങളിൽ അഭിരമിക്കുന്ന സേവകരുടെ ഒരു ചുറ്റുപാട് അവരന്നേ സൃഷ്ടിച്ചു. മാത്രവുമല്ല, ദാറുൽ ഹുദയിൽ സമ്മേളനങ്ങളോ മറ്റു പൊതുപരിപാടികളോ വരുമ്പോൾ വേദിയൊരുക്കുക, നിലമൊരുക്കുക തുടങ്ങിയ പണികൾ സുബൈർ സ്വയം ഏറ്റെടുക്കും. അവന്റെ ക്ലാസുകാരായാ, ഞങ്ങളെ ആ പണിയേൽപിക്കാമെന്നു പറഞ്ഞാണവൻ മാനേജരിൽ നിന്നും ഓരോന്നേറ്റെടുക്കുക. അവന്റെ ആത്മാർത്ഥത കൊണ്ടു ചെയ്യുന്നതാണ്. അത്ര കണ്ട് ആത്മാർത്ഥത ഞങ്ങൾക്കില്ലല്ലോ. അങ്ങനെ അവന്റെ കൂടെ പ്രസ്തുത സേവനങ്ങൾക്ക് ഇറങ്ങേണ്ടി വരുന്നതിൽ ഞങ്ങൾക്കന്ന് അമർശവും ഉണ്ടായിരുന്നു. ഏതു കാര്യത്തിലും മുന്നിട്ടിറങ്ങുകയും അതിന്റെ പൂർത്തീകരണത്തിനായി ചുമതലയേൽപിക്കപ്പെട്ടവരേക്കാൾ ഉൽസാഹിക്കുകയും അധികബാധ്യതകൾ ഏറ്റെടുക്കുകയും ചെയ്യുന്ന അവനോട് ഞങ്ങൾക്കൽപം നീരസവും തോന്നിയിരുന്നു. 'ആളാവൽ' എന്നാണ് ഈ സന്നദ്ധതയെ ഞങ്ങളന്നു പരിഹസിക്കുക പോലും ചെയ്തത്. അവൻ പക്ഷേ അതിലൊന്നും നിരുൽസാഹപ്പെട്ടില്ല. മറ്റുള്ളവരെന്തു ചെയ്യുന്നു പറയുന്നു എന്നതെന്നും കാര്യമാക്കാതെ എപ്പോഴും എപ്പോഴും നല്ലതിനെല്ലാം മുന്നിട്ടിറങ്ങി, ഓടിനടന്നു. നേരത്തെ മടങ്ങുന്നവന് കാര്യങ്ങളും നേരത്തെ ചെയ്തുതീർക്കണമല്ലോ.
ദാറുൽഹുദയും സന്തതികളായ ഹുദവികളുടെ കൂട്ടായ്മയായ ഹാദിയയും കേരളത്തിലും കേരളത്തിനു പുറത്തും ഏതാനും വിദേശ രാജ്യങ്ങളിലും നടത്തുന്ന സാമൂഹിക പ്രവർത്തനങ്ങൾക്കെല്ലാം സുബൈർ സഹായികളെയും സഹായങ്ങളെയും സ്വരൂപിച്ചു. അതിനുള്ള നിരന്തരമായ ശ്രദ്ധ പുലർത്തി. അവൻ ബന്ധപ്പെട്ട ആളുകൾ ഷെയർ ചെയ്യുന്ന മെസ്സേജുകളിൽ കേൾക്കാം അവന്റെ സന്നദ്ധതയും ഉൽക്കടമായ ഗുണകാക്ഷയും. ഡോ. സുബൈർ ഹുദവിയെ പോലുള്ളവർ നയിക്കുന്ന ഖുർത്വുബ തുടങ്ങി എല്ലാ സംരംഭങ്ങൾക്കും സഹായിക്കുക മാത്രമല്ല, എപ്പോഴും വിളിച്ച് വിവരങ്ങൾ അന്വേഷിക്കുകയും ഉപദേശനിർദ്ദേശങ്ങൾ നൽകുകയും ചെയ്തുപോന്നൊരു നിതന്ത സേവനശാലി. ദാറുൽഹുദയുടെ സ്ഥാപകരായ മർഹും ഡോ. യു. ബാപ്പുട്ടി ഹാജിയെന്ന ആത്മീയ പിതാവിനെ ഒരു വികാരമായി കൊണ്ടു നടക്കുകയും ഹാജിയാരുടെ സ്വപ്‌നങ്ങളെ വീണ്ടും വീണ്ടും ഉണർത്തുകയും ചെയ്തുപോന്നവൻ. സുബൈർ ഒരിക്കലും ബംഗാളിലെയോ ബീഹാറിലേയോ ദാറുൽഹുദയുടെ സ്ഥാപനങ്ങളിൽ പോയതിന്റെ വിവരണമോ, ചിത്രങ്ങളോ കണ്ടിട്ടില്ല, അവനെപ്പോഴും അവിടങ്ങളിലെ കാര്യങ്ങൾ സമയത്തിനു നടന്നുകിട്ടാനുള്ള പരിശ്രമങ്ങളിലാണ് മുഴുകിയത്. ഏറ്റവും ഒടുവിൽ പരിശുദ്ധമായ മാസം, റമദാൻ ഇരുപത്തിയേഴിന് ഏറ്റവും പരിശുദ്ധമായ ഹറം മസ്ജിദിൽ പ്രാർത്ഥനകൾക്കു പോയി, നിർമലചിത്തനായി തിരിച്ചെത്തി, ഏതു കാര്യത്തിലുമെന്ന പോലെ ഞങ്ങളെയെല്ലാം പിന്നിലാക്കി സ്വർഗത്തിലേക്കും സുബൈർ മുന്നേ പോയിരിക്കുന്നു. അവന്റെ പരിശുദ്ധി അവന്റെ സന്നദ്ധതയുടെ മൂല്യമല്ലാതെ മറ്റൊന്നുമല്ല. ആളുകളിൽ അല്ലാഹുവിന് ഏറെയിഷ്ടം ആളുകൾക്ക് ഏറെ ഉപകാരപ്പെട്ടവനാണെന്നത് നബിതിരുമേനി തന്ന ഉറപ്പാണ്. അതാവും അവന്റെയും ഉറപ്പ്.






