തിരുവനന്തപുരം- ബി. ജെ. പിയുടെ യുവം പരിപാടിക്കെതിരെ കോണ്‍ഗ്രസിന്റെ മറുപടിയുമായി രാഹുല്‍ ഗാന്ധിയെത്തും. യുവാക്കള്‍ ഉള്‍പ്പെടെ സമൂഹത്തിലെ വിവിധ വിഭാഗങ്ങളിലെ നേതാക്കളുമായും സംവദിക്കുന്ന രാഹുലിന്റെ പരിപാടി മെയ് 9, 10 തിയ്യതികളിലായിരിക്കും കൊച്ചിയില്‍ നടക്കുക.
ഈ തിയ്യതികളില്‍ ചിന്തന്‍ശിബിരം 2 സംഘടിപ്പിക്കാനും തീരുമാനമുണ്ട്. സി. പി. എമ്മും ബി. ജെ. പിയും കോണ്‍ഗ്രസിനെയാണ് ലക്ഷ്യമിടുന്നതെന്നും ക്രൈസ്തവര്‍ക്കും മുസ്‌ലിംകള്‍ക്കുമെതിരെ ബി. ജെ. പി നടത്തിയ അക്രമങ്ങളുടെ ഫോട്ടോ സഹിതം സമൂഹത്തില്‍ പ്രചരിപ്പിക്കുമെന്നും കെ. പി. സി. സി പ്രസിഡന്റ് കെ. സുധാകരന്‍ പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ക്ക് എതിരായ അതിക്രമങ്ങള്‍ തുറന്നുകാട്ടുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ മുഖ്യമന്ത്രിയെ സംരക്ഷിക്കുന്നത് ബി. ജെ. പിയാണെന്നും ലാവ്ലിന്‍കേസ് മാറ്റിവെച്ചതും ഇ. പി. ജയരാജന്റെ വൈദേകം റിസോര്‍ട്ട് ബി. ജെ. പി കേന്ദ്രമന്ത്രി ഏറ്റെടുത്തതുമൊക്കെ ഇവര്‍ പരസ്പരം കച്ചവടം നടത്തുന്നതിന് തെളിവാണെന്നും അവരുടെ ലക്ഷ്യം ഒന്നാണെന്നും കെ. സുധാകരന്‍ പറഞ്ഞു.






