മിശ്ര വിവാഹിതരെ പാസ്‌പോര്‍ട്ട് ഓഫീസര്‍ അപമാനിച്ചു; ഭര്‍ത്താവിനോട് ഹിന്ദു മതം സ്വീകരിക്കണമെന്ന്

ലഖ്‌നൗ- പാസ്‌പോര്‍ട്ടിന് അപേക്ഷിച്ച മിശ്രവിവാഹിതരായ ദമ്പതികളോട് ലഖ്‌നൗ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിലെ ഓഫീസര്‍ മതവിദ്വേഷപരമായി പെരുമാറുകയും മുസ്ലിമായ ഭര്‍ത്താവിനോട് മതം മാറാന്‍ ആവശ്യപ്പെട്ടെന്നും പരാതി. വികാസ് മിശ്ര എന്ന ഓഫീസര്‍ തങ്ങളോട് തട്ടിക്കയറുകയും അപമാനിച്ചെന്നും മുഹമ്മദ് അനസ് സിദ്ദീഖി-തന്‍വി സേത്ത് ദമ്പതികളുടെ പരാതി. ജൂണ്‍ 19-നാണ് ദമ്പതികള്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചത്. ബുധനാഴ്ച തന്നെ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തില്‍ നേരിട്ടെത്താന്‍ അപ്പോയ്ന്‍മെന്റ് ലഭിക്കുകയും ചെയ്തു. 'സേവാ കേന്ദ്രത്തിലെ ആദ്യ രണ്ടു ഘട്ട നപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം അവസാന ഘട്ട നടപടിക്കായി കൗണ്ടര്‍ സിയിലെത്തിയപ്പോഴാണ് ഉദ്യോഗസ്ഥന്‍ ഞങ്ങളെ അപമാനിക്കുകയും മോശമായി പെരുമാറുകയും ചെയ്തത്', അനസ് പറഞ്ഞു.

അനസിനോട് ഹിന്ദു മതം സ്വീകരിക്കാനും തന്‍വിയോട് രേഖകളിലെ പേരുകള്‍ മാറ്റാനും ഇയാള്‍ ആവശ്യപ്പെട്ടു. മോശം പെരുമാറ്റത്തെ തുടര്‍ന്ന് ദമ്പതികള്‍ നടപടികള്‍ പൂര്‍ത്തിയാക്കാതെ ഓഫീസ് വിട്ടു. സംഭവത്തില്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഇടപെടണമെന്ന് ട്വിറ്ററിലൂടെ ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 2007-ല്‍ വിവാഹിതരായ ദമ്പതികള്‍ നോയ്ഡയിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജീവനക്കാരാണ്. ആറു വയസ്സുള്ള ഒരു മകളുമുണ്ട് ഇവര്‍ക്ക്. ലഖനൗവിലെ അമിനാബാദ് സ്വദേശിയാണ് അനസ്.

രേഖകളുടെ പരിശോധനയ്ക്കായി ഓഫീസര്‍ വികാസ് മിശ്രയുടെ കൗണ്ടറിലേക്ക് ആദ്യം വിളിപ്പിച്ചത് തന്‍വിയെയാണ്. രേഖകള്‍ പരിശോധിക്കുന്നതിനിടെ ഭര്‍ത്താവിന്റെ പേര് കണ്ട മിശ്ര തന്‍വിയോട് പേര് മാറ്റാനും ഇല്ലെങ്കില്‍ അപേക്ഷ നിരസിക്കുമെന്നും ഭീഷണിപ്പെടുത്തി. എന്നാല്‍ പേരു മാറ്റാന്‍ തന്‍വി തയാറായില്ല. ഇതോടെ മറ്റുള്ളവരുടെ മുന്നില്‍ വച്ച് തന്‍വിയോട് മിശ്ര തട്ടിക്കയറുകയും മോശമായി സംസാരിക്കുകയുമായിരുന്നു. ഇതോടെ പൊട്ടിക്കരഞ്ഞ തന്‍വിയെ മിശ്ര അസിസ്റ്റന്റ് പാ്‌സ്‌പോര്‍ട്ട് ഓഫീസറുടെ കൗണ്ടറിലേക്ക് പറഞ്ഞു വിടുകയായിരുന്നു.

ഇതു കഴിഞ്ഞ് മിശ്ര അനസിനെ വിളിപ്പിച്ചു. തുടക്കം മുതല്‍ തന്നെ അപമാനച്ചാണ് മിശ്ര സംസാരിച്ചതെന്ന് അനസ് പറയുന്നു. ഹിന്ദു മതം സ്വീകരിക്കണമെന്നും ഇല്ലെങ്കില്‍ വിവാഹം അംഗീകരിക്കില്ലെന്നും മിശ്ര അനസിനോട് പറഞ്ഞു. ഹിന്ദു ആചാര പ്രകാരം വിവാഹം നടത്തേണ്ടിയിരുന്നെന്നും ഇയാള്‍ പറഞ്ഞു. ശേഷം അസിസ്റ്റന്റ് പാസ്‌പോര്‍ട്ട് ഓഫീസറുടെ അടുത്തെത്തി മിശ്രയുടെ മോശം പെരുമാറ്റത്തെ കുറിച്ച് പരാതിപ്പെട്ടു. മിശ്ര പലപ്പോഴും ആളുകളോട് മോശമായി പെരുമാറാറുണ്ടെന്നും അടുത്ത ദിവസം വന്നാല്‍ പ്രശ്‌നം പരിഹരിക്കാമെന്നും അസിസ്റ്റന്റ് പാസ്‌പോര്‍ട്ട് ഓഫീസര്‍ ഉറപ്പു നല്‍കിയതായും അനസ് പറഞ്ഞു.

സംഭവത്തെ കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ അറിഞ്ഞെന്നും പാസ്‌പോര്‍ട്ട് സേവാ കേന്ദ്രയുടെ ചുമതല വഹിക്കുന്ന അസിസ്റ്റന്റ് പാസ്‌പോര്‍ട്ട് ഓഫീസറില്‍ നിന്ന് വിശദീകരണം തേടിയിട്ടുണ്ടെന്നും ലഖ്‌നൗ റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ പിയൂഷ് വര്‍മ പറഞ്ഞു. ദമ്പതികളുടെ അപേക്ഷ തള്ളിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ദമ്പതികളുടെ പരാതി പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 

Latest News